കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യായവില മെഡിക്കൽ സ്റ്റോറുകളിലേക്ക് മരുന്ന്, സർജിക്കൽ വസ്തുക്കളുടെ വിതരണം നിർത്തിയിട്ട് ഒരു മാസം പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാൻ നടപടിയായില്ല. ഇതോടെ രോഗികൾ പല മരുന്നുകളും കിട്ടാതെ വലയുകയാണ്.
മരുന്നുക്ഷാമം പരിഹരിക്കാൻ 155 ഇനം അവശ്യമരുന്നുകൾ കാരുണ്യ ഫാർമസി വഴി കെ.എം.എസ്.സി.എല്ലിൽനിന്ന് എത്തിക്കുന്നതിന് ആരോഗ്യമന്ത്രി നടപടി സ്വീകരിച്ചിരുന്നെങ്കിലും ഇത് ഫലപ്രദമാവുന്നില്ല. ആശുപത്രി വികസന സമിതിയുടെ ന്യായവില മെഡിക്കൽ ഷോപ് ഏറക്കുറെ കാലിയായ അവസ്ഥയിലാണ്. മറ്റ് മെഡിക്കൽ സ്റ്റോറുകളിലേക്ക് സീൽ വെച്ചുകൊടുക്കൽ മാത്രമാണ് ഇവിടെ നടക്കുന്നത്. നാമമാത്ര മരുന്ന് മാത്രമാണ് സ്റ്റോക്കുള്ളത്.
ഇൻഷുറൻസ് വഴി ചികിത്സതേടുന്ന സാധാരണക്കാരെയാണ് ഇത് പ്രതിസന്ധിയിലാക്കുന്നത്. മെഡിക്കൽ കോളജ് ഫാർമസിയിൽ ലഭിക്കാത്ത മരുന്ന് ശീട്ടുകൾ ന്യായവില മെഡിക്കൽ ഷോപ്പിലേക്കും അവിടെ കിട്ടാത്ത മരുന്നുകൾ കാരുണ്യ മെഡിക്കൽ ഷോപ്പിലേക്കും അവിടെയും കിട്ടാത്തത് എച്ച്.എൽ.എല്ലിന്റെ മെഡിക്കൽ ഷോപ്പിലേക്കും നൽകുകയാണ് പതിവ്. ഇവിടങ്ങളിലൊന്നും മരുന്ന് ലഭിക്കാതായതോടെ പുറത്ത് നീതി മെഡിക്കൽ സ്റ്റോറിൽനിന്നാണ് ഇപ്പോൾ ഇൻഷുറൻസ് ഇനത്തിൽ മരുന്ന് ലഭ്യമാക്കുന്നത്.
മരുന്ന് വിതരണം ചെയ്ത ഇനത്തിൽ ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കുടിശ്ശിക 80 കോടി കവിഞ്ഞതോടെയാണ് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ജനുവരി 10 മുതൽ മരുന്ന് വിതരണം നിർത്തിവെച്ചത്.
സമരം തുടങ്ങിയതിനുശേഷം ഒന്നര മാസത്തെ കുടിശ്ശിക നൽകി മരുന്ന് വിതരണം പുനരാരംഭിക്കാൻ ആശുപത്രി അധികൃതർ വിതരണക്കാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സെപ്റ്റംബർ വരെയുള്ള കുടിശ്ശിക അനുവദിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു വിതരണക്കാർ.
വിവിധ ഇൻഷുറൻസ് പദ്ധതികളിൽ ചികിത്സ ലഭ്യമാക്കിയ ഇനത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽനിന്ന് 225 കോടി രൂപ കോഴിക്കോട് മെഡിക്കൽ കോളജിന് ലഭിക്കാനുണ്ട്. ഈ ഫണ്ട് അനുവദിച്ച് കിട്ടാത്തതാണ് മരുന്ന് വിതരണക്കാരുടെ ബില്ല് കുടിശ്ശികയാകാൻ കാരണം. ജില്ലയിൽനിന്ന് രണ്ടു മന്ത്രിമാർ ഉണ്ടായിട്ടും മരുന്ന് പ്രതിസന്ധി പരിഹരിക്കാൻ നടപടിയാവാത്തത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.