കോഴിക്കോട്: സ്ഥിരനിക്ഷേപത്തിന് വ്യാജ ബോണ്ട് നൽകി കോടികളുടെ തട്ടിപ്പ് നടന്നതായി ആക്ഷേപം. സി.പി.എം നിയന്ത്രണത്തിലുള്ള നെല്ലിക്കോട് വനിത സഹകരണ സംഘത്തിനെതിരെയാണ് പരാതി. നിക്ഷേപകർ പരാതി നൽകിയിട്ട് ദിവസങ്ങളായെങ്കിലും പൊലീസ് കേസെടുത്തിട്ടില്ല. അതിനിടെ, സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതർ പൊലീസിലും സഹകരണ വകുപ്പിനും പരാതി നൽകി.
കഴിഞ്ഞ ജൂൺ 30ന് ഈ സംഘത്തിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പിനുത്തരവാദി ഇയാളാണെന്ന തരത്തിലാണ് സംഘം അധികൃതർ നിക്ഷേപകരോട് പറഞ്ഞതത്രെ. നിക്ഷേപത്തിന് ജൂലൈ മാസത്തെ പലിശ ലഭിക്കാതായപ്പോൾ ചിലർ സംഘത്തിൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. നിക്ഷേപത്തിന് നൽകിയ ബോണ്ടുകൾ സംഘത്തിന്റെതല്ലെന്നും ഇവരുടെ പേരിൽ നിക്ഷേപം വന്നിട്ടില്ലെന്നുമാണ് സംഘം ഭാരവാഹികൾ പറഞ്ഞത്. ഇതിനുപിന്നാലെയാണ് രണ്ടുപേർ പൊലീസിൽ പരാതി നൽകിയത്. ഇതിലൊരാൾക്കു മാത്രം ഒരു കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ട്. ആക്ഷേപമുന്നയിച്ചവരുടെ നിക്ഷേപ തുക മാത്രമെടുത്താൽ ഒന്നരക്കോടിയിലധികം വരും. ലോക്കറിൽനിന്ന് സ്വർണം നഷ്ടമായിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.
സംഘം അറിയാതെ നിക്ഷേപ തുകക്ക് വ്യാജ ബോണ്ട് നൽകി ജീവനക്കാരൻ പണം തട്ടിയതാണെങ്കിൽ ജൂൺ മാസംവരെ തങ്ങൾക്ക് പലിശ ലഭിച്ചതെങ്ങനെയാണെന്ന് നിക്ഷേപകർ ചോദിക്കുന്നു. മാത്രവുമല്ല, നിക്ഷേപ തുക ജീവനക്കാരന്റെ കൈവശം നൽകിയത് ബാങ്കിൽ മറ്റുള്ളവരുടെയും സാന്നിധ്യത്തിലാണെന്നും ഇവർ വ്യക്തമാക്കുന്നു.
തട്ടിപ്പിന്റെ ഉത്തരവാദിത്തം മരിച്ച ജീവനക്കാരന്റെ തലയിലിട്ട് കൈയൊഴിയാനാണ് സംഘം ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്. സംഘത്തിന്റെ ബോണ്ടല്ല നിക്ഷേപകരുടെ കൈയിലുള്ളതെന്നും ആരോപണം ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ പൊലീസിലും സഹകരണ വകുപ്പിലും പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം പൂർത്തിയായാൽ മാത്രമേ എന്തെങ്കിലും പറയാനാകൂ എന്നും സംഘം സെക്രട്ടറി രജില പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.