മുക്കം: സംസ്ഥാനത്തെ സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവിയെന്ന സ്വപ്നത്തിന് വീണ്ടും ചിറക് മുളക്കുന്നു. സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയതോടെ, സ്പെഷൽ സ്കൂൾ ജീവനക്കാരും മാനേജ്മെന്റുകളും തികഞ്ഞ പ്രതീക്ഷയിലാണ്. 2015 ലെ യു.ഡി.എഫ് ഭരണകാലത്ത് സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നടപ്പിലാക്കാൻ പദ്ധതിയുണ്ടായിരുന്നു എന്നതാണ് ഇപ്പോഴത്തെ പ്രതീക്ഷക്ക് കാരണം. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ട് എം.എൽ.എമാർ അന്ന് ഒപ്പിട്ട നിവേദനത്തിലെ ആദ്യത്തെ ഒപ്പ് നിലവിലെ മുഖ്യമന്ത്രി വി.ഡി സതീശന്റേതായിരുന്നു എന്നതും പ്രതീക്ഷ നൽകുന്ന ഘടകമാണ്.
2016ൽ ഇടതുപക്ഷ സർക്കാരിന്റെ പ്രകടനപത്രികയിൽ സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്ന വാഗ്ദാനം വന്നെങ്കിലും കഴിഞ്ഞ പത്തുവർഷക്കാലവും നടപ്പിലായില്ലെന്ന് സ്പെഷൽ സ്കൂൾ എംപ്ലോയീസ് യൂനിയൻ ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നിരവധി ഇടപെടലുകൾ നടത്തിയ എം.എൽ.എ നിലവിലെ വിദ്യാഭ്യാസ മന്ത്രിയായതും ഭാരവാഹികൾക്ക് പ്രതീക്ഷ വർധിപ്പിക്കുന്നു. വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 250ഓളം സ്പെഷൽ സ്കൂളുകളിൽ മൂന്ന് പത്തിറ്റാണ്ടിലേറെ കാലമായി സേവനം ചെയ്തുവരുന്ന ആയിരക്കണക്കിന് ജീവനക്കാർ സർക്കാറിന്റെ അനുഭാവപൂർവ സമീപനം കാത്തിരിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.