കോഴിക്കോട്: രാഷ്ട്രീയനയ തീരുമാനത്തിൽ ഡെപ്യൂട്ടേഷനിലൂടെ സമഗ്രശിക്ഷ കേരള (എസ്.എസ്.കെ) യിൽ നിയമിതരായ ഭൂരിഭാഗം അധ്യാപകരുടെയും കാലാവധി ഭരണമാറ്റത്തോടെ അവസാനിക്കുകയോ സ്വയം തിരിച്ചുപോകുകയോ ചെയ്തതോടെ പഠനപ്രവർത്തനങ്ങളുടെ താളം തെറ്റുന്നുവെന്ന ആക്ഷേപത്തിനിടയിൽ ഡെപ്യൂട്ടേഷനിൽ അപേക്ഷ ക്ഷണിച്ചു. സ്കൂൾ തുറക്കുന്നതോടെ സഹായശക്തിയായി മാറേണ്ട എസ്.എസ്.കെ പ്രവർത്തിക്കാതെ ഏറക്കുറെ നിർജീവമായ അവസ്ഥയിലായതിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും രക്ഷിതാക്കളും.
മേയ് 31ന് അധ്യാപകരുടെ കാലാവധി കഴിഞ്ഞെങ്കിലും പുതിയ സർക്കാർ ജൂലൈ അവസാനം വരെ കാലാവധി നീട്ടിക്കൊടുത്തെങ്കിലും പല അധ്യാപകരും ജോലിയിൽ തുടരാൻ താൽപര്യം കാണിച്ചില്ല. മാത്രവുമല്ല മേയ് മുതൽ എസ്.എസ്.കെയിലെ അധ്യാപകർക്കും താൽക്കാലിക ട്രെയിനർമാർക്കും ശമ്പളവുമില്ല. ഇതുമൂലം അധ്യാപകർ പലരും നിർജീവാസ്ഥയിലാണ്. എസ്.എസ്.കെക്ക് ഫണ്ട് ലഭിക്കാത്തതും സ്കൂളുകളുടെ പ്രവർത്തനം താളം തെറ്റിക്കുകയാണ്.
ഡെപ്യൂട്ടേഷനിൽ പുതിയ അധ്യാപകർക്കുള്ള അപേക്ഷ ക്ഷണിക്കുകയും ജൂലൈ 20നകം അപേക്ഷ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മിക്ക സ്കൂളുകളിലെയും ചെറുതല്ലാത്ത വിഭാഗം കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനും തുടർപ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിനും സാമ്പത്തികമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് എസ്.എസ്.കെയാണ്. കുട്ടികൾ സ്വാഭാവികമായ രീതിയിൽ സ്കൂളിൽ എത്താൻ സാധ്യതയില്ലാത്തതിനാൽ അവർക്ക് പ്രേരണയും പിന്തുണയും നൽകുന്ന ഘടകത്തിന്റെ ശ്രദ്ധകുറഞ്ഞതോടെ സ്കൂളിലെത്താനുള്ള വിദ്യാർഥികളുടെ താൽപര്യവും കുറയുകയാണെന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ പറയുന്നു. എസ്.എസ്.കെ പദ്ധതിയുടെ ആനുകൂല്യങ്ങളും സഹായവും കുട്ടികൾക്ക് കിട്ടാതെ പഠനവും ദൈനംദിന ജീവിതവും താളംതെറ്റി. കാഴ്ച, കേൾവി പരിമിതിയുള്ള കുട്ടികൾ, ആദിവാസി വിദ്യാർഥികൾ, ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ തുടങ്ങിയവരുടെ പഠനപ്രവർത്തനം താളം തെറ്റുന്നത് രക്ഷിതാക്കളെ ഏറെ വിഷമത്തിലാക്കിയിട്ടുണ്ട്.
സ്കൂളിൽ എത്താൻ സാധിക്കാത്ത കുട്ടികളുടെ വീടുകളിൽ റിസോഴ്സ് അധ്യാപകർ നേരിട്ടെത്തി പഠിപ്പിക്കുന്നതും ഏറക്കൂറെനിലച്ചിരുന്നു. സംസ്ഥാനതലത്തിൽ ഡയറക്ടറെ പോലും നിയമിക്കാത്തതിനാൽ ജില്ല, േബ്ലാക്ക്തലത്തിൽ പല കോഓഡിനേറ്റർമാരുടെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. ജില്ല തലത്തിൽ ഒരു പ്രോജക്ട് കോഓഡിനേറ്റർ നാല് േപ്രാഗ്രാം ഓഫിസർ എന്നിവർക്കു കീഴിൽ േബ്ലാക്ക് പ്രോജക്ട് കോഓഡിനേറ്റർ, ട്രെയിനർമാർ ഉൾപ്പെടെ ജില്ലയിൽ ശരാശരി അറുപതോളം പേരാണ് പ്രവർത്തിക്കുന്നത്.
വളരെ കുറച്ചുപേർ മാത്രമാണ് എസ്.എസ്.കെയിൽ നിലവിലുള്ളത്. താൽക്കാലിക ട്രെയിനർമാരുടെ കാലാവധി കഴിഞ്ഞ മേയ് 31 അവസാനിച്ചതിനാൽ ഒരു ദിവസത്തെ അവധി നൽകി കരാർ ഒരു വർഷത്തേക്ക് പുതുക്കിയിട്ടുമുണ്ട്. പലരും രാഷ്ട്രീയസ്വാധീനത്തിൽ കയറിയവരാണെങ്കിലും പുതിയ സർക്കാറിന് ഇവരെ മാറ്റാൻ കഴിയാത്ത അവസ്ഥയും സംജാതമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.