മുക്കത്തെ പ്രവർത്തന രഹിതമായ ടി.വി ബൂത്ത്

നാടെങ്ങും ലോകകപ്പ് ആവേശം; മുക്കത്തെ ടി.വി ബൂത്ത് അടച്ചുപൂട്ടിയിട്ട് വർഷങ്ങൾ

മുക്കം: ലോകകപ്പ് ഫുട്ബാൾ ആവേശം നാടെങ്ങും അലയടിക്കുമ്പോൾ മുക്കം നഗരത്തിൽ പൊതുജനങ്ങൾക്ക് ഒരുമിച്ചിരുന്ന് മത്സരങ്ങൾ ആസ്വദിക്കാനുള്ള സൗകര്യമില്ലെന്നത് കായികപ്രേമികളെ നിരാശരാക്കുന്നു. ഒരുകാലത്ത് ലോകകപ്പും പ്രധാന കായികമത്സരങ്ങളും പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരുന്ന എസ്.കെ. പാർക്കിലെ ടി.വി ബൂത്ത് വർഷങ്ങളായി പ്രവർത്തന രഹിതമായി കിടക്കുകയാണ്. ഇതോടെ ലോകകപ്പ് മത്സരങ്ങൾ കൂട്ടമായി കാണാനുള്ള അവസരമാണ് പ്രദേശവാസികൾക്ക് നഷ്ടമായിരിക്കുന്നത്. മുക്കം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള എസ്.കെ. പാർക്ക് കലാ -കായിക -സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ ചിത്രങ്ങൾകൊണ്ട് മനോഹരമായി അലങ്കരിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ പരിപാലനമില്ലാത്തതിനാൽ പാർക്കിന്റെ അവസ്ഥ ദിനംപ്രതി മോശമാവുകയാണെന്ന് നാട്ടുകാർ പറയുന്നു. പൊതുജനങ്ങളുടെ വിശ്രമകേന്ദ്രമാകേണ്ട പാർക്ക് ഇന്ന് അവഗണനയുടെ പ്രതീകമായി മാറിയിരിക്കുകയാണെന്നാണ് ആക്ഷേപം.

പാർക്കിന് മുകളിൽ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച അലുമിനിയം ഷീറ്റ് മേൽക്കൂരയാണ് മറ്റൊരു പ്രധാന പ്രശ്നം. കോൺക്രീറ്റ് സ്ലാബിന് മുകളിലായി അശാസ്ത്രീയമായി ഷീറ്റുകൾ സ്ഥാപിച്ചതിനാൽ ചെറിയ മഴ പെയ്താൽ പോലും പലഭാഗത്തുനിന്നും വെള്ളം ചോർന്നൊലിക്കുന്നു. മഴക്കാലത്ത് പാർക്കിലെ ഇരിപ്പിടങ്ങൾ നനയുന്നതിനാൽ സന്ദർശകർക്ക് ഇരിക്കാനോ സമയം ചെലവഴിക്കാനോ കഴിയാത്ത അവസ്ഥയാണ്. രാത്രിയും പകലും തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി പാർക്ക് മാറി. സ്ഥിരമായ ശുചീകരണവും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. ലോകകപ്പ് ആവേശം വാനോളം ഉയർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ എസ്.കെ. പാർക്കിലെ ടി.വി ബൂത്ത് അടിയന്തരമായി പ്രവർത്തനസജ്ജമാക്കുകയും പൊതു ജനങ്ങൾക്കായി വലിയ സ്ക്രീൻ ഒരുക്കുകയും വേണമെന്നാണ് കായികപ്രേമികളുടെ ആവശ്യം. അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുകയും ശുചിത്വവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. നഗരസഭയുടെ അനാസ്ഥക്കെതിരെ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടി.വി ബൂത്തിൽ റീത്ത് സമർപ്പിച്ചിരുന്നു.

Tags:    
News Summary - World Cup fever across the land; the Mukkam TV booth closed down years ago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.