നാദാപുരം: വാണിമേൽ ഗ്രാമപഞ്ചായത്ത് ഓഫിസ് നിർമാണത്തിന് ബജറ്റ് വിഹിത ഫണ്ട് വെച്ചതിനെ ചൊല്ലി വിവാദം. ഒരു രൂപ മാത്രം ടോക്കൺ അഡ്വാൻസ് തുക ബജറ്റിൽ ഉൾപ്പെടുത്തി ഓഫിസ് നിർമാണ നീക്കം അട്ടിമറിച്ചെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാറിന്റെ ആരോപണം. ചോർന്നൊലിക്കുന്ന ഭരണ സിരാകേന്ദ്രമായ പഞ്ചായത്ത് ഓഫിസിന്റെ ശോചനീയാവസ്ഥ മാറ്റണമെന്നത് നാട്ടുകാരുടെ ആഗ്രഹത്തിനെതിരെ എം.എൽ.എ പ്രവർത്തിച്ചു എന്ന തരത്തിലുമുള്ള പ്രസിഡന്റിന്റെ ഫെയ്സ് ബുക്ക് പോസ്റ്റാണ് വിവാദമായിരിക്കുന്നത്.
കഴിഞ്ഞ സർക്കാറിന്റെ അവസാന കാലത്ത് രണ്ടു കോടി രൂപ പ്രവൃത്തിക്ക് അനുവദിച്ചതായും പുതിയ ബജറ്റിലൂടെ കെട്ടിട നിർമാണത്തിനുള്ള പ്രവർത്തനങ്ങൾ അട്ടിമറിച്ചെന്നുമാണ് പ്രസിഡന്റിന്റെ പ്രധാന ആരോപണം.
എന്നാൽ, എം.എൽ.എ കെ.എം. അഭിജിത്ത് ഈ ആരോപണം പൂർണമായും നിഷേധിക്കുകുകയാണ്. നേരത്തെയുള്ളവർ പറഞ്ഞു പറ്റിച്ചതിന്റെ ജാള്യതയായിരിക്കും പ്രസ്താവനക്ക് പിന്നില്ലെന്നും പക്ഷവും രാഷ്ട്രീയവും നോക്കി വികസനത്തെ കാണുന്ന സമീപനം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എ കാലാവധി തീരും മുമ്പ് മണ്ഡലത്തിലെയും വാണിമേൽ പഞ്ചായത്ത് ഓഫിസ് കെട്ടിടമടക്കമുള്ള മുഴുവൻ വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കിയിട്ടേ പോകൂ. വാണിമേലിൽ ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
വാണിമേൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാട് നിറുത്തരവാദപരവും രാഷ്ട്രീയ പ്രേരിതവുമെന്ന് യു.ഡി.എഫ്. കെ.എം. അഭിജിത് എം.എൽ.എക്ക് ഒരു തുറന്ന കത്ത് എന്ന പേരിൽ വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നവമാധ്യമത്തിൽ ഇട്ട പോസ്റ്റിലെ പരാമർശങ്ങൾ നിരുത്തരവാദപരവും വാസ്തവ വിരുദ്ധവുമാണെന്ന് ചെയർമാൻ വി.കെ. മൂസയും കൺവീനർ എൻ.കെ. മുത്തലിബും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.