നാദാപുരം ചിയ്യൂരിൽ കാറ്റിൽ വീടിന്റെ ഓടുകൾ പറന്നുപോയ നിലയിൽ, വളയം എളമ്പയിൽ വീടിന്റെ മേൽക്കൂരയിലെ പ്ലാസ്റ്റിക് ഷീറ്റുകൾ കാറ്റിൽ പറന്ന നിലയിൽ
നാദാപുരം: വളയം എളമ്പയിലും നാദാപുരത്തെ ചിയ്യൂരിലും വ്യത്യസ്ത സമയങ്ങളിലുണ്ടായ മിന്നൽ ചുഴലിയിൽ വീടുകൾക്കും കൃഷിഭൂമിയിലും കനത്ത നാശനഷ്ടം. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പകലുമാണ് സമാന സ്വഭാവമുള്ളതും രണ്ട് മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ളതുമായ മിന്നൽ ചുഴലി ആഞ്ഞുവീശിയത്. കണ്ടി വാതുക്കൽ മലയുടെ തൊട്ട് താഴെ എളമ്പയിൽ ഉണ്ടായ കാറ്റിൽ വീട്ടിയുള്ള പറമ്പത്ത് ബാബു, എളമ്പയിൽ ദാമോദരർ, എളമ്പയിൽ സുഭാഷ്, എളമ്പയിൽ സുനിൽ എന്നിവരുടെ വീടുകൾക്കാണ് കേടുപറ്റിയത്. ഇവരുടെ വീട്ടുപറമ്പിലെ തെങ്ങ്, തേക്ക്, റബർ, പ്ലാവ് തുടങ്ങിയ മരങ്ങൾ കടപുഴകി.
മരങ്ങൾ വൈദ്യുതി ലൈനിന് മുകളിൽ പൊട്ടി വീണ് പ്രദേശത്തെ വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെട്ടു. നാദാപുരം അഞ്ചാം വാർഡിലെ ചിയ്യൂരിൽ ബുധനാഴ്ച ഉച്ചക്ക് 12 നാണ് കാറ്റ് ആഞ്ഞുവീശിയത്. പറമ്പിലെ വലിയ മരങ്ങൾ വീടുകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു. പതിനഞ്ചോളം വീടുകൾക്ക് കേട് പറ്റി. കുഴിമഠത്തിൽ കല്യാണിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിൽ തെങ്ങ് പൊട്ടി വീണ് ബൈക്ക് തകർന്നു. കുഴി മഠത്തിൽ കല്യാണി, കുനിയിൽ വിനോദൻ, കിഴക്കേവീട്ടിൽ സനൂപ്, കുഴിമഠത്തിൽ ശ്രീലാൽ, മാട്ടാൻ കൊയിലോത്ത് ശശി, ചാലിൽ പോക്കർ, ഇ.എം. ബഷീർ എന്നിവരുടെ വീടുകൾക്ക് സാരമായ നാശനഷ്ടം നേരിട്ടു. കുനിയിൽ വിനോദന്റെ വീടിന് മുകളിൽ പാകിയ ഓടുകൾ കാറ്റിൽ പറന്നു പോയി. ഇ.എം. ബഷീറിന്റെ വീടിന് മുകളിൽ സ്ഥാപിച്ച വാട്ടർ ടാങ്കും ജലവിതരണ പൈപ്പും മരം വീണ് തകർന്ന നിലയിലാണ്.
ജില്ലയില്‍ ക്വാറി, ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്
കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, മണലെടുക്കല്‍ എന്നിവ വിലക്കി ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എം.എസ്. മാധവിക്കുട്ടിയുടെ ഉത്തരവ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് തുടര്‍ച്ചയായ നാല് ദിവസം ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിക്കുന്നത് വരെയാണ് വിലക്ക്.
ദുരന്ത നിവാരണ നിയമം 2005ലെ സെക്ഷന്‍ 26, 30 അടിസ്ഥാനത്തിലാണ് നടപടി. ജില്ലയില്‍ വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചു.
ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ അടിയന്തര യാത്രകള്‍ അല്ലാത്തവ ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കല്ലാച്ചിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു, രാത്രിയായതിനാൽ വൻ ദുരന്തം ഒഴിവായി
നാദാപുരം: കല്ലാച്ചിയിൽ കനത്ത മഴയിൽ കടമുറിയുടെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു. രാത്രിയായതിനാൽ വൻ ദുരന്തം ഒഴിവായി. ടൗൺ വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയ കടയുടെ മുൻഭാഗമാണ് തകർന്നത്. കോൺക്രീറ്റ് പില്ലർ മണ്ണിനടിയിലേക്ക് താഴ്ന്നതോടെ കൂറ്റൻ കോൺക്രീറ്റ് സ്ലാബ് റോഡിലേക്ക് പതിക്കുകയായിരുന്നു. നിരയായ വാഹനങ്ങളും വഴിയാത്രക്കാരും നിറഞ്ഞ ടൗണിൽ അപകടം രാത്രി സമയത്തായതിനാൽ വലിയ ദുരന്തം ഒഴിവായി. കഴിഞ്ഞ ആഴ്ച വളയം റോഡിലും പകൽ സമയം ജീർണിച്ച കെട്ടിടം തകർന്ന് വീണിരുന്നു.
ഏത് സമയത്തും തകരാൻ പാകത്തിൽ നിൽക്കുന്ന അപകടാവസ്ഥയിലുള്ള നിരവധി കെട്ടിടങ്ങളാണ് ടൗണിൽ ഉള്ളത്. ജീർണിച്ചതും അപകടാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങളുടെ പട്ടിക ഭരണ സമിതിക്ക് നൽകിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് എൻജിനിയറിങ് വിഭാഗം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.