കൊലപാതകം നടന്ന വീട്ടിൽ പൊലീസ് ഡോഗ് സ്കോഡ്
പരിശോധന നടത്തുന്നു
കൊടുവള്ളി: ചോരച്ചാലുകൾ വീണ ആ മുറിക്കുള്ളിൽ ഇപ്പോൾ നിശ്ശബ്ദതയാണ്. ഒന്നിച്ചുണ്ണാനും ഉറങ്ങാനും മാത്രമായി മാതാപിതാക്കൾ ബാക്കിവെച്ചുപോയ സഹോദരങ്ങളിൽ ഒരാൾ കൊലക്കത്തിക്ക് ഇരയായി, മറ്റൊരാൾ ജയിൽ അഴിക്കുള്ളിലുമായി. എളേറ്റിൽ കത്തറമ്മൽ ചോയി മഠം റോഡിലെ താനിരിക്കും പൊയിൽ വീട്ടിൽ പ്രസാദ് കുമാർ കുത്തേറ്റു മരിച്ച വാർത്തയുടെ ഞെട്ടലിലാണ് ഇപ്പോഴും നാട്. മാതാപിതാക്കളുടെ മരണത്തോടെ ഒറ്റപ്പെട്ടുപോയ അവിവാഹിതരായ മൂന്നു സഹോദരങ്ങളായിരുന്നു പ്രസാദ് കുമാറും പ്രമോദ് കുമാറും പ്രദീപ് കുമാറും. രോഗബാധിതനായ പ്രദീപിനെ ഏതാനും വർഷം മുമ്പാണ് ബന്ധുക്കൾ നരിക്കുനിയിലെ അത്താണിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വീട്ടിൽ പ്രസാദും പ്രമോദും മാത്രമായി.
കൂലിപ്പണിക്കാർ, നാട്ടുകാരുടെ പ്രിയപ്പെട്ടവർ; പക്ഷേ...
കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ഇരുവരും നാട്ടിൽ ആർക്കൊരു സഹായം വേണമെങ്കിലും ഓടിയെത്തുമായിരുന്നു. എന്നാൽ, മദ്യപിച്ചെത്തി ഇരുവരും വീടിനുള്ളിൽ വഴക്കിടുന്നത് പതിവായിരുന്നു. ദിവസേനയുള്ള അടിയും ബഹളവും കാരണം ബന്ധുക്കളോ അയൽവാസികളോ ഇവരുടെ വീടുകളിലേക്ക് അധികം ശ്രദ്ധിക്കാറുമില്ലായിരുന്നു. ഈ പതിവ് അവഗണനയാണ് ഒടുവിൽ വലിയൊരു ദുരന്തത്തിൽ കലാശിച്ചതും. ശനിയാഴ്ച രാത്രി വീട്ടിൽ ഭക്ഷണം പാകം ചെയ്യുകയായിരുന്ന പ്രമോദിന്റെ അടുത്തേക്ക് മദ്യലഹരിയിലാണ് പ്രസാദ് എത്തിയത്. വീടിനുള്ളിലെ ലൈറ്റ് കെടുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ ചെറിയൊരു വാക്കുതർക്കം പെട്ടെന്നാണ് കൈയാങ്കളിയായി മാറിയത്.
പ്രമോദ് കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് സ്വന്തം അനിയന്റെ നെഞ്ചിലേക്ക് ആഴ്ന്നിറക്കുകയായിരുന്നു. ഇടതുനെഞ്ചിൽ ആഴത്തിൽ മുറിവേറ്റ പ്രസാദ് ജീവനായി പിടഞ്ഞ് കിടപ്പുമുറിയിലേക്ക് ഓടിക്കയറി കട്ടിലിലേക്ക് വീണു. ചോര വാർന്ന് ഒടുവിൽ ആ ജീവൻ പൊലിയുമ്പോൾ തടയാനോ രക്ഷിക്കാനോ ആരുമുണ്ടായിരുന്നില്ല. കൊലപാതകം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് പ്രമോദിന് ലഹരിയിറങ്ങിയത്. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ വീടിന് കുറച്ചകലെയുള്ള ബന്ധുവീട്ടിലെത്തിയ പ്രമോദ് കതകിൽ മുട്ടി അവരെ വിളിച്ചുണർത്തി. പ്രസാദിനെ കൊന്നെന്ന് പറയുകയായിരുന്നു. ഭയത്തോടെയുള്ള പ്രമോദിന്റെ ഈ വാക്കുകൾ കേട്ടാണ് ബന്ധുക്കൾ താനിരിക്കും പൊയിൽ വീട്ടിലേക്ക് ഓടിയെത്തിയത്. കട്ടിലിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന പ്രസാദിനെയാണ് അവർ കണ്ടത്. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ പ്രമോദിനെ തടഞ്ഞുവെക്കുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
ലഹരിയുടെ നിമിഷങ്ങളിൽ സ്വന്തം ചോരയെത്തന്നെ ഇല്ലാതാക്കിയ പ്രമോദ്, കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പൊലീസിന് മുന്നിൽ കൈമാറുമ്പോൾ കത്തറമ്മൽ ഗ്രാമം വിതുമ്പുകയായിരുന്നു. വഴക്കുകൾ പതിവായിരുന്നെങ്കിലും, അത് ഇങ്ങനെയൊരു ചോരക്കളിയിൽ അവസാനിക്കുമെന്ന് ആരും കരുതിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.