നാദാപുരം: വയോധികയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 17 വർഷം കഠിന തടവും 1,40000 രൂപ പിഴയും. വെള്ളൂർ സ്വദേശി മോറത്ത് മീത്തൽ രജീഷി (40) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.
2022 നവംബർ മാസം 13 ആണ് സംഭവം. വൈകുന്നേരം വീട്ടിൽ ഒറ്റക്കിരുന്ന് ടി.വി കാണുകയായിരുന്ന 66 വയസ്സുള്ള അതിജീവിതയുടെ വീട്ടിൽ ചിരട്ട വാങ്ങാൻ എന്ന വ്യാജേന അതിക്രമിച്ചു കയറുകയും വായ പൊത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് മുതിരുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ അതിജീവിത ബന്ധുക്കളുടെയും പരിസരവാസികളുടെയും സഹായത്താൽ നാദാപുരം പൊലീസ് സ്റ്റേഷനിൽ ഹാജരായി പരാതി നൽകുകയായിരുന്നു.
തുടർന്ന് നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. കേസിലെ പ്രതിയുടെ കുറ്റസമ്മത മൊഴിയുടെയും സാക്ഷി മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കോടതിയിൽ വിചാരണ മധ്യേ പരാതിക്കാരിയുടെ അയൽവാസികളായ രണ്ടുപേർ പ്രതിക്ക് അനുകൂലമായി കൂറുമാറി മൊഴി നൽകിയിരുന്നു.
നാദാപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകൾ ഹാജരാക്കുകയും ചെയ്തു. പൊലീസ് സബ് ഇൻസ്പെക്ടർ മാരായ വിനീത് വിജയൻ, കെ. അബ്ദുല്ല എന്നിവരാണ് കേസ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.