എസ്.എം.എ രോഗം ബാധിച്ച കുഞ്ഞിന് 18 കോടിയുടെ മരുന്ന് സർക്കാർ ലഭ്യമാക്കണമെന്ന് ഹൈകോടതി

ശ്രീകണ്ഠപുരം: അപൂർവ രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച അഞ്ച് മാസം പ്രായമായ കുഞ്ഞിന് 18 കോടി രൂപ വിലയുള്ള മരുന്ന് സംസ്ഥാന സർക്കാർ ലഭ്യമാക്കണമെന്ന് ഹൈകോടതിയുടെ ഉത്തരവ്. ഇരിവേരിയിലെ ആയിഷ മൻസിലിൽ കെ.വി. സിദ്ദീഖിന്റെ മകൾ ആമിന ഇഫ്രത്തിന്റെ ജീവൻ രക്ഷിക്കണമെന്നഭ്യർഥിച്ച് സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി ജസ്റ്റിസ് എ. നഗരേഷ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. സിദ്ദീഖിന്റെ രണ്ട് കുട്ടികൾ നേരത്തെ എസ്.എം.എ രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു. പിന്നീട് ഒമ്പത് വർഷം കാത്തിരുന്ന് പിറന്ന കുഞ്ഞാണ് ആമിന ഇഫ്രത്ത്. നിലവിൽ ആമിനയും രോഗത്തിന്റെ പിടിയിലായതോടെയാണ് പിതാവ് സിദ്ദീഖ്, അഡ്വ. മനാസ് പി. ഹമീദ് മുഖേന കോടതിയെ സമീപിച്ചത്. മകളെ ചികിത്സിക്കാൻ തന്റെ കൈയിൽ പണമില്ലെന്നും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ബാധ്യത ഇന്ത്യൻ ഭരണഘടന പ്രകാരം സർക്കാറിൽ നിക്ഷിപ്തമാണെന്നും ഹരജിക്കാരൻ വാദിച്ചു. അനുഛേദം 21 പ്രകാരം ഒരു വ്യക്തിക്ക് ജീവിക്കാനുള്ള മൗലികാവകാശം ഉറപ്പാക്കിയിട്ടുണ്ട്. അത് സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് കുട്ടിയുടെ ചികിത്സ ചെലവ് ഏറ്റെടുക്കാൻ സർക്കാറിനോട് കോടതി ഉത്തരവിട്ടത്. നേരത്തെ ആമിന ഇഫ്രത്തിന്റെ ചികിത്സക്ക് പണം കണ്ടെത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരിയായി നാട്ടിൽ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. അതിനിടെയുണ്ടായ സുപ്രധാന കോടതി വിധി കുടുംബത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ്. പി. മനൂപ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.