അരലക്ഷം കൈക്കൂലി വാങ്ങിയ സംഭവം: പൊലീസുകാരൻ സേനയിൽ തിരിച്ചെത്തി

കോഴിക്കോട്​: പൊലീസുകാരൻ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവം കേസ്​ രജിസ്​റ്റർ ചെയ്യാതെ ഒതുക്കിയെന്ന ആരോപണം നിലനിൽ​ക്കേ, ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സർവിസിൽ തിരച്ചെടുത്തു​. മെഡിക്കൽ കോളജ്​ സ്​റ്റേഷനിൽ ജോലി ​ചെയ്യവേ സസ്​പെൻഷനിലായ സിവിൽ പൊലീസ്​ ഓഫിസർ സി.വി. കൃചേഷിനെയാണ്​ പന്നിയങ്കര സ്​റ്റേഷനിൽ നിയമിച്ചത്​. സിറ്റി പൊലീസ്​ മേധാവി എ.വി. ജോർജ്​ വിരമിച്ച ദിവസമാണ്​ തിരിച്ചെടുക്കൽ ഉത്തരവിൽ ഒപ്പു​വെച്ചത്​. ഇതോടെ കഴിഞ്ഞദിവസം ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചു. വിൽപനക്കായി ഏൽപിച്ച ആഡംബര കാർ അപകടത്തിൽപെട്ട സംഭവത്തിൽ കേസ്​ രജിസ്റ്റർ ചെയ്യാതിരിക്കാൻ ജനുവരി 16നാണ്​ പൊലീസുകാരൻ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയത്​​. നഗരത്തിലെ യൂസ്​ഡ്​ കാർ ഷോറൂമിൽ വിൽപനക്കായി ഏൽപിച്ച ആഡംബര കാർ, ഷോറൂം ഉടമകളിലൊരാൾ സ്വകാര്യ ആവശ്യത്തിന്​ ​കൊണ്ടുപോകവെയാണ്​ അപകടത്തിൽപെട്ടത്​. സ്ഥലത്തെത്തിയ പൊലീസുകാരൻ ആർ.സി ഉടമക്കെതിരെ കേസ്​ വരുമെന്നറിയിച്ചു. ഇതോടെ, കാറോടിച്ച ഷോറൂം ഉടമ കേസ്​ രജിസ്റ്റർ ചെയ്യാതിരിക്കാൻ അരലക്ഷം രൂപ നൽകാമെന്നേറ്റ്​ കൈക്കൂലി തുക പൊലീസുകാരന്‍റെ ഭാര്യയുടെ ബാങ്ക്​ അക്കൗണ്ടിലേക്ക്​ അയക്കുകയായിരുന്നു. എന്നാൽ, ഇതിനിടെ സംഭവം രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്​ ചെയ്തു. തുക കൈമാറിയ ബാങ്ക്​ അക്കൗണ്ട്​ കൃചേഷിന്‍റെ ഭാര്യയുടേതാ​ണെന്ന് സംഭവത്തിൽ അന്വേഷണം നടത്തിയ മെഡിക്കൽ കോളജ്​ അസി. കമീഷണർ കെ. സുദർശൻ ​കണ്ടെത്തി. ഇതോടെയാണ്​ സ്​റ്റേഷനിലെ അസി. റൈറ്റർ കൂടിയായ കൃചേഷിനെയും ഗ്രേഡ്​ എസ്​.ഐ എം.പി. പ്രവീൺകുമാറിനെയും സസ്​പെൻഡ് ചെയ്തത്​​. സ്​റ്റേഷനു പുറത്തു​വെച്ച്​ ഒത്തുതീർപ്പാക്കിയ സംഭവത്തിൽ സ്​റ്റേഷൻ ഹൗസ്​ ഓഫിസർ അറിയാതെ ഒപ്പിട്ടുനൽകിയതാണ്​ പ്രവീൺ​ കുമാറിന്​ വിനയായത്​​. പ്രവീണി​നെ നേരത്തേ തിരിച്ചെടുത്തിരുന്നു. അതേസമയം, അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി മാത്രം കൈക്കൊള്ളുകയും കേസെടുക്കുകയോ മറ്റു നിയമനടപടി സ്വീകരിക്കുകയോ ​ചെയ്യാത്തത്​ സേനക്കകത്തും വിമർശനത്തിനിടയാക്കി. സർക്കാർ ജീവനക്കാർ കൈക്കൂലി വാങ്ങുന്നത്​ ക്രിമിനൽ കുറ്റമാ​ണെന്നിരിക്കെ സംഭവത്തിൽ​ കേസ്​ രജിസ്റ്റർ ചെയ്യാത്തതാണ്​ ചോദ്യം ചെയ്യപ്പെട്ടത്​. മാത്രമല്ല, അന്വേഷണം വിജിലൻസ്​ ആൻഡ്​ ആന്‍റി കറപ്​ഷൻ വിഭാഗത്തിന്​ പൊലീസ്​ കൈമാറിയിരുന്നുമില്ല. അടുത്തിടെ വിവരാവകാശ പ്രവർത്തകൻ വിജിലൻസ്​ ഡയറക്ടർക്ക്​ പരാതി നൽകിയതോടെ വിജിലൻസ്​ കൈക്കൂലി സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. ആരോപണ വിധേയനായ ഉദ്യോഗസ്ഥനിൽനിന്ന്​ കഴിഞ്ഞദിവസം വിജിലൻസ്​ ഉദ്യോഗസ്ഥർ വിവരങ്ങൾ തിരക്കിയതായും സൂചനയുണ്ട്​. -സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT