നിശ്ചലം ജില്ല; ഒറ്റപ്പെട്ട അക്രമങ്ങൾ

കോഴിക്കോട്‌: കേ​ന്ദ്രസർക്കാറി‍ൻെറ ജനവിരുദ്ധനയങ്ങൾക്കെതിരായ 48 മണിക്കൂർ പണിമുടക്ക്​ ജില്ലയെ നിശ്ചലമാക്കി. പതിവിൽനിന്ന്​ വ്യത്യസ്തമായി പെട്രോൾ പമ്പുകളടക്കം സമരക്കാർ അടപ്പിച്ചതോടെ അത്യാവശ്യ യാത്രകളും മുടങ്ങി. കേന്ദ്ര ട്രേഡ് യൂനിയനുകളും കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പൊതുമേഖല ജീവനക്കാരുടെയും ഫെഡറേഷനുകളും സംയുക്തമായാണ്​ പണിമുടക്ക്​ നടത്തുന്നത്​. സമരത്തിനിടെ അക്രമസംഭവങ്ങളുമുണ്ടായി. പലയിടത്തും തുറന്ന സ്ഥാപനങ്ങൾ അടപ്പിക്കാൻ ശ്രമം നടന്നു. കൊയിലാണ്ടിയിൽ വ്യാപാരിവ്യവസായി ഏകോപന സമിതി യൂനിറ്റ്​ പ്രസിഡന്‍റ്​​ ​കെ.പി. ശ്രീധര‍​ൻെറ കടയിൽ കയറി നായക്കുരണപ്പൊടി വിതറി. നോർത്ത്​ കാരശ്ശേരിയിൽ വിദ്യാർഥികൾക്കായി ​പൊലീസ്​ നിർദേശപ്രകാരം പമ്പ്​ തുറന്ന ഉടമകളുമായി പണിമുടക്ക്​ അനുകൂലികൾ ഉന്തും തള്ളുമുണ്ടായി. കോഴിക്കോട്​ നഗരത്തിൽ ക്ഷേത്രദർശനം കഴിഞ്ഞ്​ വരുകയായിരുന്ന കുടുംബത്തിനെ ആക്രമിച്ച സംഭവത്തിൽ കസബ ​​ പൊലീസ്​ കേസെടുത്തു. മാവൂർ റോഡിൽവെച്ച്​ നിരവധി ഓട്ടോകളു​​ടെ കാറ്റഴിച്ചുവിട്ടു. ജില്ലയിൽ സ്വകാര്യ, കെ.എസ്​.ആർ.ടി.സി ബസുകളൊന്നും ഓടിയില്ല. ട്രെയിനുകൾ സർവിസ്​ നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. ട്രെയിനിറങ്ങി വന്നവർ വാഹനവും ഭക്ഷണവും കിട്ടാതെ ബുദ്ധിമുട്ടിലായി. സർക്കാർ സൈബർപാർക്കിലും ഊരാളുങ്കൽ സൈബർപാർക്കിലും ജീവനക്കാർ കുറവായിരുന്നു. കലക്ടറേറ്റിൽ അഞ്ചു പേർ മാത്രമാണ്​ ഹാജരായതെന്ന്​ എ.ഡി.എം സി. മുഹമ്മദ്​ റഫീഖ്​ പറഞ്ഞു. ബാങ്കുകളും പ്രവർത്തിച്ചില്ല. പാളയം, വലിയങ്ങാടി, മിഠായിത്തെരുവ്​ എന്നീ അങ്ങാടികൾ ശൂന്യമായ അവസ്ഥയിലായിരുന്നു. സംയുക്ത സമിതി നഗരത്തിൽ ​പ്രകടനം നത്തി. കോർണേഷൻ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം മൊഫ്യൂസിൽ ബസ്​സ്റ്റാൻഡ്​​ പരിസരത്തെ സമരപ്പന്തലിൽ അവസാനിപ്പിച്ചു. പൊതുയോഗം ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു. ഇ.സി. സതീശൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ, കിസാൻസഭ അഖിലേന്ത്യ സെക്രട്ടറി സത്യൻ മൊകേരി, ഐ.എൻ.ടി.യു.സി നേതാവ്​ എം. രാജൻ, എം. സജീന്ദ്രൻ, എം.പി. സൂര്യനാരായണൻ, എ.പി. അബ്ദു, ടി.വി. ബാലൻ, ടി.പി. കുഞ്ഞു, പി.പി. സന്തോഷ്‌, ടി.എം. സജീന്ദ്രൻ, ജൈന ചന്ദ്രൻ, വി. ബാലമുരളി തുടങ്ങിയവർ സംസാരിച്ചു. വറചട്ടിയിൽനിന്ന്​ എരിതീയിലേക്ക്​ ബസ്​ സമരം പിൻവലിച്ചതിന്​ തൊട്ടുപിന്നാലെ പണിമുടക്ക്​ ഇരുട്ടടിയായി കോഴിക്കോട്​: കേന്ദ്രസർക്കാറി‍ൻെറ ജന​ദ്രോഹ നയങ്ങൾക്കെതിരായ ദ്വിദിന പണിമുടക്കി‍ൻെറ ആദ്യദിനം ജനങ്ങൾക്കെതിരായ സമരം കൂടിയായി. വറചട്ടിയിൽനിന്ന്​ എരിതീയിലേക്ക്​ എന്ന അവസ്ഥയിലായിരുന്നു ജനങ്ങൾ. മൂന്നു​ ദിവസത്തെ ബസ്​ സമരം സമ്മാനിച്ച ദുരിതം ഏറെയായിരുന്നു. സ്വകാര്യവാഹനങ്ങൾ നിറഞ്ഞതോടെ മൂന്നു​ ദിവസവും റോഡുകൾ നിറയെ ഗതാഗതക്കുരുക്കായിരുന്നു. ബസ്​ സമരം പിൻവലിച്ചതിന്​ തൊട്ടുപിന്നാലെ പണിമുടക്ക്​ തുടങ്ങിയത് അടുത്ത ഇരുട്ടടിയായി. പെട്രോൾ പമ്പുകൾപോലും തുറക്കാൻ സമരാനുകൂലികൾ സമ്മതിക്കാതിരുന്നതോ​​ടെ അത്യാവശ്യ യാത്രക്കാർ വലഞ്ഞു. പെട്രോൾ പമ്പുകളിൽ സമരാനുകൂലികൾ എത്തുന്നത്​ ടി.വിയിലും മറ്റും കണ്ടതോടെ ഉടമകൾ പമ്പ്​ പൂട്ടി. ഇതുകാരണം നിരവധി പേർ വഴിയിൽ കുടുങ്ങി. തുറന്നുവെച്ച ചുരുക്കം പമ്പുകളിൽ ഇന്ധനം പെട്ടെന്ന്​ തീരുകയും ചെയ്തു. വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ തടയുന്നതിനായി സ്വന്തം വാഹനങ്ങളിലാണ്​ സമരാനുകൂലികൾ എത്തിയത്​. സമരപ്പന്തലുകളിലേക്കും പ്രകടനത്തിൽ പ​​ങ്കെടുക്കാനും നേതാക്കളടക്കം വാഹനങ്ങളുപയോഗിച്ചു. ഹോട്ടലുകൾ തുറക്കാത്തത്​​ ജനത്തെ ശരിക്കും വലച്ചു​. ഇതരസംസ്ഥാനങ്ങളിൽ നിന്ന്​​ ​കെ.എസ്​.ആർ.ടി.സി ടെർമിനലിലെത്തിയ നിരവധി പേർ ഭക്ഷണം കിട്ടാതെ വലഞ്ഞു. ട്രെയിൻ കയറി കേരളം വിടാനുള്ള ശ്രമത്തിലായിരുന്നു പലരും. തെരുവിൽ അലഞ്ഞുതിരിയുന്നവർക്കും പണിമുടക്കി‍ൻെറ ആദ്യദിനം പട്ടിണിയുടേതായി. പണിമുടക്ക്​ അനുകൂലികളുടെ എതിർപ്പ്​ ഭയന്ന്​ സന്നദ്ധ സംഘടനകളും മറ്റും ഇത്തവണ ജനങ്ങളെ സഹായിക്കാനെത്തിയില്ല. ദേശീയപാതയോരത്തെ ഹോട്ടലുകൾ സമരക്കാർ അടപ്പിച്ചു. രാവിലെ തുറന്ന ഹോട്ടലുകൾ പിന്നീട്​ ബലമായി അടപ്പിക്കുകയായിരുന്നു. കേന്ദ്രസർക്കാറിനെതിരെ പ്രതിഷേധം ശക്​തമാക്കണമെന്നതിൽ അഭിപ്രായവ്യത്യാസമില്ലെങ്കിലും രണ്ട്​ ദിവസത്തെ വരുമാനം നഷ്ടപ്പെടുത്തുന്നതി‍ൻെറ സങ്കടമാണ്​ ചില കച്ചവടക്കാരും തൊഴിലാളികളും പങ്കുവെക്കുന്നത്​. പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക്​ ശമ്പളം കിട്ടുമെന്നതും അവർ ചൂണ്ടിക്കാട്ടുന്നു. നാട്ടിൻപുറങ്ങളിൽ സജീവരാഷ്ട്രീയപ്രവർത്തകരും തൊഴിലാളികളുമടക്കം ജോലി മുടക്കിയില്ല എന്നതും ശ്ര​ദ്ധേയമായി. വമ്പൻ കോൺക്രീറ്റ്​ ജോലികൾ ഒഴികെയുള്ള ​കെട്ടിട നിർമാണ ജോലികൾ നടന്നു. പണിമുടക്ക്​ ദിനത്തിൽ സ്വന്തംവീട്ടിൽ തന്നെ ജോലിയെടുത്ത രാഷ്ട്രീയ പ്രവർത്തകരുമുണ്ടായി. പണിമുടക്ക്​ മുൻകൂട്ടി കണ്ട്​ അയൽസംസ്ഥാനങ്ങളിലേക്ക്​ വിനോദയാത്ര പോയവരും ഏറെയാണ്​. ഊട്ടി​, കുടക്​, മൈസൂർ എന്നിവിടങ്ങളിലേക്കെല്ലാം ജില്ലയിൽനിന്ന്​ വിനോദയാത്രികർ പോയിട്ടുണ്ട്​. അതേസമയം, ജോലിചെയ്യാൻപോലും കഴിയാത്ത അവസ്ഥ ഇല്ലാതിരിക്കാനാണ്​ പണിമുടക്കെന്നും മാസങ്ങൾക്ക്​ മുമ്പ്​ പ്രഖ്യാപിച്ചതായതിനാൽ ജനങ്ങൾക്ക്​ അധികം ബുദ്ധിമുട്ടില്ലെന്നും ഒരു തൊഴിലാളി യൂനിയൻ നേതാവ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.