ആരോഗ്യമേഖലയെ മുൾമുനയിലാക്കിയ തീപിടിത്തവും പെറ്റമ്മയെകൊന്ന ലഹരിമരുന്നടിമകളുടെ വിളയാട്ടവും മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച് സഹാപാഠിയെ കൊലപ്പെടുത്തിയ കൗമാരക്കാരുമെല്ലാമായി ഏറെ വിവാദങ്ങൾക്ക് വേദിയായിരുന്നു 2025 കോഴിക്കോട്. രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ നേട്ടങ്ങൾക്കും ചാഞ്ചാട്ടങ്ങൾക്കും ജില്ല സാക്ഷിയായപ്പോൾ നാഴികക്കല്ലാവുന്ന വികസനങ്ങൾക്കും തുടക്കമായി
താമരശ്ശേരിയിൽ ലഹരിമരുന്നിന് അടിമയായ മകൻ മാതാവിനെ വെട്ടിക്കൊന്നു. അടിവാരം സ്വദേശിനിയായ സുബൈദയാണ് മരിച്ചത്. ഏക മകൻ ആഷിഖ് ബാംഗളൂരിലെ ഡി അഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. ഇതിനിടെ കാണാൻ എത്തിയപ്പോഴാണ് വെട്ടിക്കൊലപ്പെടുത്തിയത്.
വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ് പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ടു. എളേറ്റിൽ എം.ജെ.എച്ച്.എസ്.എസ് വിദ്യാർഥിയായിരുന്നു ഷഹബാസ്. താമരശ്ശേരിയിലെ ടൂഷൻ സെന്ററിലെ യാത്രയയപ്പ് ചടങ്ങിലെ പ്രശ്നങ്ങളെത്തുടർന്ന് വിദ്യാർഥികൾ തമ്മിൽ സമൂഹമാധ്യമങ്ങളിലൂടെ പോര്‍വിളി നടത്തുകയും ഒരുസംഘം വിദ്യാര്‍ഥികള്‍ ആസൂത്രിതമായി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ഫെബ്രുവരി 27ന് നടന്ന ഏറ്റുമുട്ടലില്‍ സാരമായി പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷഹബാസ് മാര്‍ച്ച് ഒന്നിന് പുലര്‍ച്ചയാണ് മരിച്ചത്. സംഭവത്തിൽ കുറ്റാരോപിതരായ വിദ്യാർഥികൾ പിന്നീട് ജാമ്യത്തിറങ്ങി. താമരശ്ശേരി പാലോറക്കുന്ന് മുഹമ്മദ് ഇഖ്ബാൽ-റംസീന ദമ്പതികളുടെ മകനാണ് ഷഹബാസ്.
കോളജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ നിസ്സാര തർക്കത്തിന്റെ പേരിൽ യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. പാലക്കോട്ടുവയൽ അമ്പലക്കണ്ടി കിഴക്കയിൽ എം.കെ. ബോബിയുടെ മകൻ സൂരജാണ് (20) കൊല്ലപ്പെട്ടത്. കോളജിൽ വെച്ച് സൂരജിന്റെ സുഹൃത്തും ഒന്നാം പ്രതിയുടെ മക്കളും തമ്മിൽ ചില പ്രശ്നങ്ങൾ നടന്നിരുന്നു. ഇതിൽ സൂരജ് ഇടപെട്ടിരുന്നു. തുടർന്ന് ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ സൂരജിനെ ഒരു സംഘം റോഡിലേക്ക് എത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗം കെട്ടിത്തിൽ രണ്ടു തവണ തീപിടിത്തമുണ്ടായിതിനെ തുടർന്ന് രോഗികളെ ഒഴിപ്പിച്ചു. മേയ് രണ്ടിനായിരുന്നു ആദ്യ തീപിടിത്തം. യു.പി.എസ് മുറിയിലെ ബാറ്ററി പൊട്ടിത്തെറിച്ച് ആശുപത്രിക്കുള്ളിൽ പുകനിറഞ്ഞു. ഇത് പരിഭ്രാന്തി സൃഷ്ടിക്കുകയും രോഗികളെയും ഒഴിപ്പിക്കുയും ചെയ്തു.
ആശുപത്രിയിൽ നിന്ന് മാറ്റുന്നതിനിടെ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു നാലു രേഗികൾ മരിച്ചു. ചെറിയ രീതിയില്‍ അറ്റകുറ്റപണികള്‍ നടത്തി മൂന്നാംദിവസം രോഗികളെ ഈ ബ്ലോക്കിലേക്ക് മാറ്റി. മേയ് അഞ്ചിന് വീണ്ടും ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് പരിശോധന നടത്തിക്കൊണ്ടിരിക്കെ ഓപറേഷൻ തിയറ്ററിൽ പെന്റഡിന് തീപിടിച്ചു.
തീപിടിത്തം ആവർത്തിച്ചതോടെ ആശുപത്രി ബ്ലോക്ക് പൂർണമായും അടച്ചു. 114 ദിവസത്തിന് ശേഷം ആഗസ്റ്റ് 24നാണ് അത്യാഹിത വിഭാഗം വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്.
മാവൂർ റോഡ് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ ഷോപ്പിങ് കോംപ്ലക്സിലുണ്ടായ വൻതീപിടിത്തം നഗരത്തെ പരിഭ്രാന്തിയിലാക്കി. തീപിടിത്തം ഉണ്ടായ കാലിക്കറ്റ് ടെക്സ്റ്റൈല്‍സിന്റെ ഗോഡൗണ്‍ അടക്കം കത്തിനശിച്ചു. തുണിക്കടയിൽനിന്ന് ആളിപ്പടർന്ന തീയും പുകയും നഗരത്തെ സ്തംഭിപ്പിച്ചു.
അഞ്ചര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. ജില്ലയിലെയും പുറത്തുമുള്ള മുപ്പതോളം അഗ്നിരക്ഷാ സേന യൂനിറ്റുകൾ പണിപ്പെട്ടാണ് തീയണച്ചത്.
കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപോലീത്തയായി ഡോ. വർഗീസ് ചക്കാലക്കൽ സ്ഥാനമേറ്റു. ഏപ്രിൽ 12നാണ് കോഴിക്കോട് രൂപതയെ അതിരൂപതയായും ബിഷപ് വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പായും നിയമിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ പ്രഖ്യാപനം നടന്നത്.
കണ്ണൂർ, സുൽത്താൻപേട്ട്, കോഴിക്കോട് രൂപതകളെ ഒരുമിപ്പിച്ചാണ് കേരളത്തിൽ ലത്തീൻ സഭയുടെ മൂന്നാമത്തെ അതിരൂപതയായ കോഴിക്കോട് നിലവിൽ വന്നത്. രൂപത സ്ഥാപിതമായി 102 വർഷം പൂർത്തിയായപ്പോഴാണ് കോഴിക്കോട് അതിരൂപതയായി ഉയർത്തപ്പെട്ടത്.
സുല്‍ത്താന്‍ ബത്തേരി സ്വദേശി ചിട്ടി നടത്തിപ്പുകാരന് ഹേമചന്ദ്രന്റെ ഹേമചന്ദ്രന്റെ മൃതദേഹം തമിഴ്നാട്ടിലെ ചേരമ്പാടി വനമേഖലയില്‍ കണ്ടെത്തി. ചിട്ടി പണം തിരികെ കിട്ടാനായി മര്‍ദിച്ചപ്പോഴാണ് ഹേമചന്ദ്രന് കൊല്ലപ്പെട്ടതെന്നാണ് പ്രതികളുടെ മൊഴി. 2024 മാർച്ച് 20നാണ് ഹേമചന്ദ്രനെ കാണാതായത്. കേരള, തമിഴ്നാട് പൊലീസ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
നഗരത്തിന്റെ മുഖച്ഛായ മാറ്റത്തിന്റെ പ്രധാന ശിൽപി ആര്‍ക്കിടെക്ട് ആര്.കെ. രമേഷ് നിര്യാതനായി. മാനാഞ്ചിറ സ്ക്വയർ, ബീച്ചിന്റെ ആദ്യഘട്ട വികസനം, കോര്പറേഷന് സ്റ്റേഡിയം, കെ.എസ്.ആര്.ടി.സി ടെർമിനൽ, കാപ്പാട് ബീച്ച് വികസനം തുടങ്ങിയവ രൂപകല്പന നിർവഹിച്ചത് ആര്.കെ. രമേശ് ആണ്.
കോഴിക്കോട് ബേപ്പൂര്‍ തീരത്തുനിന്ന് 88 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് വാന്‍ ഹായ് 503 എന്ന സിംഗപ്പൂര്‍ ചരക്ക് കപ്പലിന് തീപിടിച്ചു. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലില്‍ പൊട്ടിത്തെറിയുണ്ടായതിനെത്തുടര്ന്നാണ് തീപിടുത്തമുണ്ടായത്. 18 പേരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും നാവികസേനയും രക്ഷപ്പെടുത്തി. നാലുപേരെ കാണാതായി.
കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം ആനക്കാംപൊയിലിൽ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. വയനാട്ടിലേക്കുള്ള യാത്രാസമയം കുറക്കുന്നതിനും കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള ഒരു പ്രധാന പദ്ധതിയാണ്. ടൂറിസം സാധ്യതകളും ഏറെയാണ്.
ആറുവർഷം മുമ്പ് കാണാതായ വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വിജിലിന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ സരോവരം ചതുപ്പിൽ നിന്നും കണ്ടെത്തി. മൃതദേഹം ചതുപ്പിൽ കല്ലിൽകെട്ടി താഴ്ത്തിയെന്ന സൂഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രദേശത്ത് പരിശോധന നടത്തിയത്.
2019 മാർച്ച് 24 നാണ് വിജിലിനെ കാണാതായത്. കണ്ടെത്തിയ അസ്ഥികൾ വിജിലിന്റെതാണെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പാക്കി.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുമരിച്ച ഒമ്പതുവയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ ആക്രമിച്ചത്. താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാത്തിനാലാണ് കുട്ടിമരിച്ചതെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന ഡോ. വിപിന്‍ നേരെയാണ് ആക്രമണം ഉണ്ടായത്. തുടർന്ന് ഡോക്ടർമാർ ആശുപത്രിയിൽ സേവനം നിർത്തിവെച്ചു പ്രതിഷേധിച്ചു.
ഇടതു കോട്ടകൾ തകർന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഐക്യ ജനാധിപത്യ മുന്നണിക്ക് ലഭിച്ചു. കോൺഗ്രസ് അംഗം മിലി മേഹൻ ജില്ല പഞ്ചായത്ത് പ്രസിഡന്റായി. അര നൂറ്റാണ്ടോളം ഭരണ കൈപ്പിടിയിലൊതുക്കിയിട്ടും കോഴിക്കോട് കോർപറേഷനിലും ഇടതു പക്ഷത്തിന് കനത്ത തിരിച്ചടിയേറ്റു.
കണക്കു കൂട്ടലുകൾ തെറ്റിച്ച് ഒ. സദാശിവൻ കോഴിക്കോട് മേയറായി. ഇരു മുന്നണികളുടെയും മേയർ സ്ഥാനാർഥികൾ അങ്കത്തട്ടിൽ അടിപതറുന്നതിനും നഗരം യാത്ര പറയുന്ന വർഷം സാക്ഷിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.