കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ലഭിച്ച എല്ലാ പരോളിനെ കുറിച്ചും അന്വേഷിക്കേണ്ടതുണ്ടെന്ന് ഹൈകോടതി. ഈ കേസിലെ പ്രതികൾക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ചോദിച്ചു.
ഭർത്താവിന് പത്തു ദിവസത്തെ അടിയന്തര പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ടി.പി. വധക്കേസിൽ ഹൈകോടതി ശിക്ഷിച്ച 12ാം പ്രതി ജ്യോതിബാബുവിന്റെ ഭാര്യ പി.ജി. സ്മിത നൽകിയ ഹരജി പരിഗണിക്കവെയായിരുന്നു വിമർശനം. ജ്യോതിബാബുവിന്റെ പിതൃസഹോദരന്റെ മരണാനന്തര കർമങ്ങൾക്കായി അടിയന്തര പരോൾ ആവശ്യപ്പെട്ടായിരുന്നു ഹരജി.
ടി.പി. വധക്കേസിലെ പ്രതിയാണെന്ന് ഹരജിയിൽ പ്രത്യേകം പരാമർശിക്കാത്തതിനെ വിമർശിച്ച കോടതി, മരിച്ചയാൾ അടുത്ത ബന്ധുവെന്ന ഗണത്തിൽ വരാത്തതിനാൽ പരോൾ അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി. നിവേദനം പരിഗണിക്കാൻ പോലും ജയിൽ സൂപ്രണ്ടിനോട് ആവശ്യപ്പെടാനാവില്ല. അത്തരമൊരു നിർദേശം കൊടുത്താലുടൻ പരോൾ അനുവദിക്കാൻ മതിയായ സ്വാധീനം നിങ്ങൾക്കുണ്ടെന്നും ഹരജിക്കാരിയോട് കോടതി പറഞ്ഞു.
ഈ കേസിലെ പ്രതികൾക്ക് അനുവദിച്ച എല്ലാ പരോളിനെക്കുറിച്ചും അന്വേഷണം വേണ്ടതാണെന്ന് പറഞ്ഞ കോടതി, ഹരജി തള്ളുകയായിരുന്നു. ടി.പി വധക്കേസിൽ ജ്യോതിബാബുവിനെ വിചാരണ കോടതി വെറുതെ വിട്ടെങ്കിലും അപ്പീലിൽ ഹൈകോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.