ആയുർവേദ ആശുപത്രിക്ക്​ ഉപകരണങ്ങൾ വാങ്ങാൻ ജില്ല പഞ്ചായത്ത്​ അര കോടി നൽകും

കോഴി​​ക്കോട്​: ജില്ല ആയുർവേദ ആശുപത്രിക്ക്​ ഉപകരണങ്ങൾ വാങ്ങാൻ ജില്ല പഞ്ചായത്ത്​ അര കോടി രൂപ വകയിരുത്തി. ആയുർവേദ ആശുപത്രിയുടെ ഭാഗമായി തലക്കുളത്തൂരിലെ പാലോറമലയിൽ 1.70 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിലെ ജെറിയാട്രിക്സ്​​ വാർഡിലേക്കാണ്​ ഫർണിച്ചർ വാങ്ങുന്നത്​. വയോജനക്ഷേമത്തിനായി വകയിരുത്തിയ ഫണ്ടിൽനിന്നാണ്​ ഫർണിച്ചറിന്​ ഫണ്ട്​ അനുവദിച്ചത്​. ജില്ല പഞ്ചായത്ത്​ നിർമിച്ച കെട്ടിടത്തിൽ വയറിങ്​ ഉൾപ്പെടെ പ്രവൃത്തികൾ നടത്താനുണ്ട്​. പൂനൂർ പുഴയിൽ കക്കോടി ഭാഗത്ത് പാർശ്വഭിത്തികെട്ടാൻ നഗരസഞ്ചയനം പദ്ധതിയിൽ 1.30 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും അത്രയും തുക​ ലഭ്യമല്ലെന്നാണ്​ ഇറിഗേഷൻ വകുപ്പ്​ പറയുന്നത്​. പദ്ധതിപ്രകാരമുള്ള തുക അവിടെ ചെലവഴിക്കണമെന്ന് യോഗത്തിൽ​ ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ ഷീജ ശശി പറഞ്ഞു. കഴിഞ്ഞ രണ്ട്​ പ്രളയകാലത്തും കക്കോടി മേഖലയിൽ പുഴ കവിഞ്ഞൊഴുകി വലിയ നാശനഷ്​ടങ്ങളും ദുരിതവുമുണ്ടായിരുന്നു. അപേക്ഷ ലഭിക്കാത്തതിനാൽ കായ​ക്കൊടി പഞ്ചായത്തിലെ മാതൃകാ അംഗൻവാടി പദ്ധതി ഒഴിവാക്കാൻ യോഗം തീരുമാനിച്ചു. ഇതിനായി വകയിരുത്തിയ 15 ലക്ഷം രൂപ വക മാറ്റും. തിരുവമ്പാടി, നാദാപുരം, നരിപ്പറ്റ പഞ്ചായത്തുകളിൽ പദ്ധതി നടപ്പിലാക്കി​. ഗ്രാമ, ബ്ലോക്ക്​ പഞ്ചായത്തുകൾ അഞ്ചു​ ലക്ഷവും ജില്ല പഞ്ചായത്ത്​ 15 ലക്ഷവുമാണ്​ പദ്ധതിക്ക്​ അനുവദിക്കുന്നത്​. വനിത കമീഷൻ നടത്തിയ വനിത പാർലമെന്‍റിന്‍റെ ക്ഷണക്കത്തിൽ ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റിന്‍റെ പേര്​ കലക്ടർക്കും കമീഷൻ അംഗങ്ങൾക്കും താഴെയാണ്​ കൊടുത്തിരുന്നത്​. ഇത്​ ​പ്രോട്ടോകോൾ ലംഘനമാണെന്ന്​ യു.ഡി.എഫിലെ ടി.പി.എം. ഷറഫുന്നീസ ടീച്ചർ ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഈ യോഗത്തിലുണ്ടെന്നും അദ്ദേഹം വിശദീകരിക്കണമെന്നും അംഗം ആവശ്യപ്പെട്ടു. എന്നാൽ, അത്​ ചർച്ച ചെയ്യേണ്ടെന്നും തനിക്ക്​ പരാതിയില്ല എന്നുമായിരുന്നു ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റിന്‍റെ മറുപടി. പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങൾക്ക്​ അനുശോചനം രേഖപ്പെടുത്തിയാണ്​ യോഗം ആരംഭിച്ചത്​. വൈസ്​ പ്രസിഡന്‍റ്​ എം.പി. ശിവാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. സുരേന്ദ്രൻ, കെ.വി. റീന, വി.പി. ജമീല, സി.​എം. യശോദ, ജില്ല പഞ്ചായത്ത്​ സെക്രട്ടറി ടി. അഹമ്മദ്​ കബീർ എന്നിവർ സംസാരിച്ചു. ഉദ്യോഗസ്ഥൻ പ്രോട്ടോകോൾ ലംഘിച്ചു; യോഗത്തിൽ ബഹളം കോഴിക്കോട്​: ജില്ല പഞ്ചായത്ത്​ യോഗത്തിൽ പ്രസിഡന്‍റിന്‍റെ അനുമതിയില്ലാതെ ഉദ്യോഗസ്ഥൻ സംസാരിക്കാൻ ശ്രമിച്ചത്​ ബഹളത്തിനിടയാക്കി. വയോജനകേന്ദ്രങ്ങളിലേക്ക്​ ഫർണിച്ചർ വാങ്ങാൻ ഓപ്പൺ ടെൻഡർ വിളിക്കണമെന്ന്​ കോൺഗ്രസിലെ വി.പി. ദുൽഖിഫിൽ ആവശ്യപ്പെട്ടപ്പോഴാണ്​ ഇതുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥൻ മറുപടിയുമായി എഴുന്നേറ്റത്​. ഇതാരാണ്​ മറുപടി പറയുന്നതെന്ന്​ യു.ഡി.എഫ്​ അംഗങ്ങൾ ചോദിച്ചു. ഉദ്യോഗസ്ഥന്‍റെ ഇടപെടൽ ബഹളത്തിനിടയാക്കി. ഒരു ലക്ഷത്തിന്​ മുകളിലുള്ള ഇടപാടുകൾക്ക്​ ഓപൺ ടെൻഡർ വേണമെന്നായിരുന്നു ദുൽഖിഫിലിന്‍റെ ആവശ്യം. തീരുമാനത്തിൽ തന്‍റെ വിയോജിപ്പ്​ രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, സർക്കാർ മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ്​ പദ്ധതി നടപ്പിലാക്കുന്നതെന്ന്​ നിർവഹണ ഉദ്യോഗസ്ഥൻ മറുപടി നൽകി. ഇതോടെ ചർച്ച അവസാനിച്ചതായി അധ്യക്ഷ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.