കുറ്റ്യാടി: തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർഥികളെക്കാൾ തിരക്കുള്ളവരാണ് അനൗൺസമാർ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ കലാശക്കൊട്ടുവരെ ശബ്ദം കൊണ്ട് മാസ്മരികത സൃഷ്ടിച്ചവർ. ഇനി ഫലപ്രഖ്യാപന ദിവസം വരെ വിശ്രമം.കുറ്റ്യാടി മേഖലയിൽ യു.ഡി.എഫിൽ ടി.പി. മുനീറും, എൽ.ഡി.എഫിൽ ശശിധരൻ കണ്ണങ്കാടുമാണ് ഈ രംഗത്ത് നിറഞ്ഞു നിന്നവർ.സ്ഥാനാർഥികളുടെ വിജയത്തെ ശബ്ദം കൊണ്ട് സഹായിക്കുന്ന ഇരുവരും മാസ് ഡയലോഗുകളിലൂടെ ഘനഗംഭീര ശബ്ദത്തിൽ വീഥികളെ കോരിത്തരിപ്പിക്കും. പൈലറ്റ്വാഹനങ്ങളിലിരുന്ന് ശ്രോതാക്കളെ കോൾമയിൽ കൊള്ളിക്കുമ്പോൾ മറ്റുവാഹനങ്ങളിൽ ഇവരുടെ റിക്കാഡ് ചെയ്തശബ്ദവും കേൾവിക്കാർക്ക് ഹരംപകരും. കമ്പ്യൂട്ടർ സർവിസ് സ്ഥാപനം നടത്തുന്ന തളീക്കര സ്വദേശിയായ മുനീർ തെരഞ്ഞെടുപ്പു കാലമായാൽ ജോലി മാറ്റിവെച്ച് മൈക്കുമായി ഇറങ്ങും.
15 വർഷമായി രംഗത്തുണ്ട്. ഇത്തവണ യു.ഡി.എഫ് സ്ഥാനാർഥികളായ പാറക്കൽ അബ്ദുല്ല(കുറ്റ്യാടി), ഫാത്തിമ തഹ്ലിയ(പേരാമ്പ്ര), കെ.എം.അഭിജിത്ത്(നാദാപുരം) എന്നിവർക്കും വേണ്ടി അനൗൺസ്മെന്റ് നടത്തിയതായി മുനീർ പറഞ്ഞു.രാഹുൽ ഗന്ധിക്കു വേണ്ടി വയനാട്ടിലും കെ.മുരളീധരനു വേണ്ടി തൃശൂരിലും അനൗൺസ്മെന്‍റ് നടത്തിയിരുന്നു. നാടക സംവിധായകനും രചയിതാവുമായ കക്കട്ടിൽ സ്വദേശി ശശിധരൻ കണ്ണങ്കാടിന് ഈ രംഗത്ത് നാലര പതിറ്റാണ്ടിന്‍റെ പരിചയ സമ്പത്തുണ്ട്. നിരവധി പ്രഫഷനൽ നാടകങ്ങളുടെ ശിൽപിയായ ഇദ്ദേഹം ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർഥികളായ കെ.പി.കുഞ്ഞമ്മദ്കുട്ടി(കുറ്റ്യാടി), പി.വസന്തം (നാദാപുരം), ടി.പി.രാമകൃഷ്ണൻ(പേരാമ്പ്ര), തോട്ടത്തിൽ രവീന്ദ്രൻ (കോഴിക്കോട് നോർത്ത്) പി.എ.മുഹമമദ്റിയാസ്(ബേപ്പൂർ) എന്നിവർക്കു വേണ്ടി അനൗൺസ് മെന്റ് നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.