തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് സാമഗ്രികളുമായി എത്തുന്ന പോളിങ് ഉദ്യോഗസ്ഥർ പരപ്പിൽ എം.എം.വി.എച്ച്.എസ്.എസിലെ കാഴ്ച
കോഴിക്കോട്: വെറും 25 ദിവസത്തിൽ പ്രചാരണം ഒതുങ്ങിയെങ്കിലും 50 ദിവസത്തെ പ്രചാരണാവേശവുമായി മുന്നണികൾ നിറഞ്ഞാടിയതിന്‍റെ വിധിയെഴുത്ത് ഇന്ന്. ജില്ലയിൽ 13 മണ്ഡലങ്ങളിലും വിജയം നേടുമെന്ന് എൽ.ഡി.എഫും യു.ഡി.എഫും അവകാശപ്പെടുന്നുണ്ടെങ്കിലും സാധാരണ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി ഇടത് കോട്ടകളിൽ ഇത്തവണ ശക്തമായ ഓളമുണ്ടാക്കാൻ യു.ഡി.എഫിനായിട്ടുണ്ട്. ഭൂരിഭാഗം മണ്ഡലങ്ങളിലും ഫലം പ്രവചനാതീതമാകും വിധം മത്സരം ആവേശം നിറഞ്ഞതാകുന്നതും അതുകൊണ്ടാണ്. ഇത്തരം മണ്ഡലങ്ങളിൽ വോട്ടർമാർ ആരെ തുണക്കുമെന്നറിയാൻ ഇനി മേയ് നാല് വരെയുള്ള കാത്തിരിപ്പ്.
രാഷ്ട്രീയവും വികസനവും തന്നെയായിരുന്നു 13 മണ്ഡലങ്ങളിലെയും മുഖ്യ പ്രചാരണ വിഷയം. എൽ.ഡി.എഫ് സർക്കാറിന്‍റെ വികസന നേട്ടങ്ങൾ നിരത്തിയപ്പോൾ ഊതിവീർപ്പിച്ച കണക്കുകളുടെ പൊള്ളത്തരം വോട്ടർമാരെ ബോധ്യപ്പെടുത്താനാണ് യു.ഡി.എഫ് ശ്രമിച്ചത്. അതോടൊപ്പം, ശബരിമല കൊള്ളയടക്കമുള്ള അഴിമതിയും ചർച്ചാവിഷയമായി. മറ്റു ചില ജില്ലകളെപ്പോലെ വഴിവിട്ട പരാമർശങ്ങളൊന്നും സ്ഥാനാർഥികളുടെ ഭാഗത്തുനിന്ന് ഉണ്ടയില്ലെങ്കിലും പേരാമ്പ്രയിലെ അനൗൺസ്മെന്‍റ് വിവാദം സംസ്ഥാനമാകെ ചർച്ചയായി.
‘ഖൗമിലെ കുട്ടിക്ക് ഖൗമിന്‍റെ വോട്ട്’ എന്ന രീതിയിൽ യു.ഡി.എഫ് വോട്ട് ചോദിക്കുന്നതായുള്ള എൽ.ഡി.എഫ് പ്രചാരണ വാഹനത്തിലെ അനൗൺസ്മെന്‍റാണ് വിവാദമായത്. യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയക്കെതിരായ പ്രചാരണം എൽ.ഡി.എഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണൻ നിഷേധിച്ചെങ്കിലും അനൗൺസ്മെന്‍റ് നടത്തിയ വാഹനത്തിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവന്നു.
കുന്ദമംഗലം മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.ടി.എ. റഹീമിന് അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്യണമെന്ന് പോസ്റ്റുകൾ പ്രചരിപ്പിച്ചതായി എൽ.ഡി.എഫിന്‍റെ പരാതിയുമുണ്ടായി. എലത്തൂർ മണ്ഡലത്തിൽ എ.കെ.ശശീന്ദ്രൻ കഴിഞ്ഞ മൂന്ന് തവണയും മത്സരിച്ച ചിഹ്നമായ ക്ലോക്ക് എൻ.സി.പി അജിത്പവാർ ഗ്രൂപിന്‍റെ ബാനറിൽ മത്സരിക്കുന്ന പി.കെ. ശശീന്ദ്രൻ കൊണ്ടുപോയതും കൗതുകമായി. മറ്റു ജില്ലകളിലുള്ള മൂന്നുപേരാണ് ഇവിടെ സ്ഥാനാർഥികളായുള്ളത്. എലത്തൂരിൽ കണ്ണൂർകാരനായ എ.കെ. ശശീന്ദ്രനും കോഴിക്കോട് സൗത്തിൽ മലപ്പുറത്തുനിന്നുള്ള ഫൈസൽ ബാബുവും ബേപ്പൂരിൽ മലപ്പുറത്തുനിന്നുള്ള പി.വി. അൻവറും. ജില്ലയിൽ വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്നില്ലെങ്കിലും പ്രചാരണത്തിൽ എൻ.ഡി.എ സ്ഥാനാർഥികളും നിറഞ്ഞുനിന്നു.
പ്രചാരണത്തിൽ സമൂഹ മാധ്യമങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ എല്ലാ മുന്നണികളും ശ്രദ്ധിച്ചു. പറയത്തക്ക സംഘർഷങ്ങളൊന്നും എവിടെയും ഉണ്ടയില്ലെന്നത് ആശ്വാസകരം. കൊട്ടിക്കലാശം വരെ സമാധാനപരമായി പൂർത്തീകരിച്ചതിന്‍റെ ആശ്വാസത്തിലും വോട്ടെടുപ്പ് ദിവസവും ശാന്തമാകാനുള്ള ജാഗ്രതയിലാണ് ജില്ല ഭരണകൂടവും പൊലീസും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.