കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം: രക്ഷപ്പെട്ട അന്തേവാസിയെ കണ്ടെത്താനായില്ല

കോഴിക്കോട്​: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന്​ രക്ഷപ്പെട്ട അന്തേവാസിയെ ഇതുവരെ കണ്ടെത്താനായില്ല. കോഴിക്കോട്​ സ്വദേശിയായ 39കാരനെയാണ്​ വിവിധയിടങ്ങളിൽ അന്വേഷിച്ചിട്ടും കണ്ടെത്താത്തത്​. ജില്ല ലീഗൽ സർവിസ്​ അതോറിറ്റിയാണ്​ ഇദ്ദേഹത്തെ ഇവി​ടെ പ്രവേശിപ്പിച്ചത്​. തിങ്കളാഴ്ചയായിരുന്നു​ ഇദ്ദേഹത്തെയും മലപ്പുറം സ്വദേശിനിയായ അ​ന്തേവാസിയെയും കാണാതായത്​. മലപ്പുറം സ്വദേശിനി സെല്ലിന്‍റെ ഭിത്തി സ്റ്റീൽ പാത്രമുപയോഗിച്ച്​ തുരന്നും കോഴിക്കോട്​ സ്വദേശി കുളിക്കാൻ വാർഡിൽനിന്ന്​ പുറത്തിറങ്ങിയും രക്ഷപ്പെടുകയായിരുന്നു. സ്ത്രീ, മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങൾ പറയാനുണ്ടെന്നുപറഞ്ഞ്​ മലപ്പുറം ജില്ല കലക്​ടറു​ടെ ക്യാമ്പ്​ ഓഫിസിൽ എത്തുകയായിരുന്നു. ഇവിടെനിന്ന്​ വനിത സെല്ലിന്‍റെ സഹായത്തോടെയാണ്​ ഇവരെ വീണ്ടും കുതിരവട്ടത്തെത്തിച്ചത്​. രക്ഷപ്പെട്ടയാൾക്കായി മെഡിക്കൽ കോളജ്​ പൊലീസിന്‍റെ നേതൃത്വത്തിലാണ്​ അന്വേഷണം പുരോഗമിക്കുന്നത്​. നടക്കാവിലെ വീടിന്‍റെ മേൽവിലാസമാണ്​ ഇദ്ദേഹം ഇവിടെ നൽകിയത്​. എന്നാൽ, വീട്ടിലെത്തിയിട്ടില്ലെന്നാണ്​ അന്വേഷണത്തിൽ വ്യക്​തമായത്​. അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശിനി കൊല്ലപ്പെട്ടതിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ്​​ രണ്ടുപേർ ആരോഗ്യ കേന്ദ്രത്തിൽനിന്ന്​ ചാടിപ്പോയത്​. അതിനിടെ ജില്ല ജഡ്ജി പി. രാഗിണിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയ സംഘം, ആശുപത്രിയിലെ ജീവനക്കാരുടെ കുറവടക്കം ചൂണ്ടിക്കാട്ടി ഹൈകോടതിക്ക്​ റിപ്പോർട്ട്​ നൽകുമെന്ന്​ അറിയിച്ചിട്ടുണ്ട്​. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ്​ ​​ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.എസ്​. ഷിനുവിന്‍റെ നേതൃത്വത്തിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ പരിശോധന നടത്തിയിരുന്നു. ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ നിർദേശ പ്രകാരം നടത്തിയ പരിശോധനയുടെ റിപ്പോർട്ട്​ തിങ്കളാഴ്ച സമർപ്പിക്കുമെന്നാണ്​ വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.