മഹിള മാൾ കരാർ അവസാനിച്ചു; സംരംഭകരെ ഒഴിപ്പിക്കാനുള്ള ശ്രമവുമായി ഉടമ

കോഴിക്കോട്: അതിജീവനത്തി​‍ൻെറ ചിറകുകൾ വിരിക്കുമെന്ന പ്രതീക്ഷയിൽ തുടങ്ങിയ മഹിളാ മാൾ അനിശ്ചിതത്വത്തിലേക്ക് തുറന്ന വാതിലുമായി പ്രവർത്തനം നിർത്തുമ്പോൾ എന്തു ചെയ്യുമെന്ന് അറിയാത്ത സ്ഥിതിയിലാണ് സംരംഭകർ. മേയ് 31 ഓടെ കെട്ടിട ഉടമയുമായി യൂനിറ്റി ഗ്രൂപ്​ ഉണ്ടാക്കിയ കരാർ അവസാനിച്ചു. ഇനി സംരംഭകരുമായി സമവായത്തിലെത്തി കെട്ടിടം തിരിച്ചേൽപിക്കാനാണ് ശ്രമം. ലോക്ഡൗൺ കഴിയുമ്പോഴേക്കും സംരംഭകരെ പിരിച്ചുവിട്ട് കെട്ടിടം ഉടമക്ക് കൈമാറാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് അധികൃതർ പറയുന്നു. കെട്ടിട ഉടമ 25 ലക്ഷം യൂനിറ്റി ഗ്രൂപ്പിന് നൽകും. സംരംഭകരെ പിരിച്ചുവിട്ട് കെട്ടിടത്തി​‍ൻെറ താക്കോൽ ഉടമക്ക് കൈമാറണം എന്നാണ് ധാരണ. അതേസമയം, ഇത്തരം ധാരണകൾ സംബന്ധിച്ച വിവരങ്ങളൊന്നും സംരംഭകർക്ക് അറിയില്ല. ആരും തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് ഇവർ പറയുന്നത്. ന്യായമായ നഷ്​ടപരിഹാരം ലഭിച്ചാലേ കെട്ടിടം ഒഴിയുകയുള്ളുവെന്നും ഇവർ പറയുന്നു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഇൻറീരിയർ വർക്കുകൾ ചെയ്ത സ്ഥാപനങ്ങൾപോലും ഒരു വർഷത്തോളം മാത്രം പ്രവർത്തിച്ച് പൂട്ടണ്ടി വരുന്നത് വൻ നഷ്​ടമാണ് ഉണ്ടാക്കുന്നത്. 2018 നവംബറിലാണ് മഹിളാമാള്‍ തുടങ്ങിയത്. മുഖ്യമന്ത്രിയടക്കം ആറു മന്ത്രിമാരായിരുന്നു ഉദ്ഘാടന ചടങ്ങിൽ നിരന്നത്. അഞ്ചുനില കെട്ടിടത്തില്‍ 79 മുറികളാണ് സ്ഥാപനങ്ങള്‍ തുടങ്ങാൻ അനുവദിച്ചിരുന്നത്. ഏതാനും മാസങ്ങള്‍ മാത്രമാണ് നല്ല നിലയില്‍ മുന്നോട്ടുപോയത്. പിന്നീട് 30 മുറികളില്‍ മാത്രമായി കച്ചവടം. കെട്ടിടത്തിന് 40 ലക്ഷം രൂപയാണ് അഡ്വാന്‍സ് നല്‍കിയിരുന്നത്. 13 ലക്ഷം രൂപയായിരുന്നു പ്രതിമാസ വാടക. കട നടത്തുന്നവര്‍ക്ക് വരുമാനം നിലച്ചതോടെ വാടക മുടങ്ങി. കഴിഞ്ഞ കോവിഡ് കാലത്ത് പല സംരംഭകരും സ്ഥലം വിട്ടു. ഇപ്പോള്‍ വൈദ്യുതിബന്ധം പോലുമില്ലാതെ അടഞ്ഞുകിടക്കുകയാണ്. കുടുംബശ്രീയുടെ സംരംഭം എന്ന നിലയിലാണ് പലരും മഹിളാമാളുമായി സഹകരിക്കാന്‍ മുന്നോട്ടുവന്നിരുന്നത്. സ്ഥാപന നടത്തിപ്പിലെ കെടുകാര്യസ്ഥത മൂലം പരാജയപ്പെട്ടതോടെ കോർപറേഷനും കുടുംബശ്രീയുമുൾപ്പെടെ സംരംഭകരെ കൈവിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.