മീറോട് മലയിലെ ചെങ്കൽ ഖനനം അവസാനിപ്പിക്കണം

കീഴരിയൂർ: മീറോട് മലയിൽ തുടരുന്ന ചെങ്കൽ ഖനനം വലിയൊരു പ്രകൃതി ദുരന്തം ക്ഷണിച്ചുവരുത്തുമെന്നും ജില്ല കലക്ടർ പ്രദേശം സന്ദർശിച്ച് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കീഴരിയൂർ തുമ്പ പരിസ്​ഥിതി സമിതി ആവശ്യപ്പെട്ടു. ദുരന്ത നിവാരണ അതോറിറ്റി നിർദേശപ്രകാരം കീഴരിയൂർ പഞ്ചായത്ത് തയാറാക്കിയ ദുരന്ത സാധ്യത മാപ്പിങ്ങിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമായി കണ്ടെത്തിയ ഭാഗത്താണ് ചെങ്കൽ ഖനനം നടക്കുന്നത്. പ്രദേശത്തി​‍ൻെറ ചരിവോ സ്വാഭാവിക നീരുറവ സഞ്ചാരമോ പരിഗണിക്കാതെയാണ് ഇവിടെ ഖനനാനുമതി നൽകപ്പെട്ടത്. ഏക്കർ കണക്കിന് സ്ഥലത്ത് രൂപപ്പെട്ട വലിയ കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടായാൽ കവളപ്പാറയിലേതിന് സമാനമായ ദുരന്തം ഇവിടെയും ആവർത്തിക്കും. മീറോട് മലയുടെ താഴ്ഭാഗങ്ങളിൽ നൂറുകണക്കിന് ജനങ്ങളാണ് വസിക്കുന്നത്. മിച്ചഭൂമി സമരത്തി​‍ൻെറ ചരിത്ര പശ്ചാത്തലവും നിരവധി ഏക്കർ റവന്യൂ ഭൂമിയുമുള്ള മീറോട് മലയോരം എങ്ങനെ ഖനന മാഫിയയുടെ കൈയിൽ അകപ്പെട്ടു എന്നതും അന്വേഷിക്കണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സമിതി പ്രവർത്തകർ കലക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. അടിയന്തര നടപടി ആവശ്യപ്പെട്ട് കീഴരിയൂർ പഞ്ചായത്ത് അധികൃതർക്കും നിവേദനം നൽകി. തുമ്പ പരിസ്ഥിതി പ്രവർത്തകരായ എൻ.കെ. സായ്പ്രകാശ്, കെ. മുരളീധരൻ, യു. ശ്രീനിവാസൻ, ബേബി കമ്പനി, കെ.എം. സുരേഷ് ബാബു, എടത്തിൽ രവി, രാജൻ പിച്ചകം തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. കലക്ടറുടെ സന്ദർശനം മാറ്റി മേപ്പയ്യൂർ: ചെങ്കൽ ഖനനം നടക്കുന്ന മീറോട് മലയിൽ വെള്ളിയാഴ്ച ജില്ല കലക്ടർ സന്ദർശിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗമുള്ളതുകൊണ്ട് മാറ്റിവെച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.