വഴിയോര വിശ്രമകേന്ദ്രം ജനങ്ങൾക്ക് ശല്യമാകരുത് -കോൺഗ്രസ്

കൊയിലാണ്ടി: നഗരസഭ ടൗണിൽ നിർമിച്ച വഴിയോര വിശ്രമകേന്ദ്രത്തിന്റെ മാലിന്യസംഭരണി നിറഞ്ഞൊഴുകുന്നത് പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ടാക്സി സ്റ്റാൻഡിനോട് ചേർന്ന് ഹെഡ് പോസ്റ്റോഫിസിനു സമീപം അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട കേന്ദ്രത്തിന്റെ മാലിന്യസംഭരണി ദിവസങ്ങൾ പിന്നിടുമ്പോഴേക്കും നിറഞ്ഞൊഴുകുന്നത് നിർമാണത്തിലെ അപാകത കൊണ്ടാണെന്നും ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച് ദിവസങ്ങൾക്കകംതന്നെ അടച്ചിടേണ്ടി വന്ന വിശ്രമകേന്ദ്രം സുരക്ഷിതമായി തുറന്നു പ്രവർത്തിക്കാൻ ആവശ്യമായ നടപടി വേണമെന്നും കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. വിശ്രമകേന്ദ്രത്തോടനുബന്ധിച്ച് അനധികൃതമായി നടക്കുന്ന കച്ചവട സ്ഥാപനത്തിന് നഗരസഭ മൗനാനുവാദം നൽകിയിരിക്കുകയാണ്. കൊല്ലം ചിറക്ക് സമീപത്തുള്ള കുട്ടികളുടെ പാർക്കിലും നഗരസഭയുടെ മൗനാനുമതിയോടെ ഇത്തരത്തിലുള്ള അനധികൃത സ്ഥാപനം പ്രവർത്തിക്കുന്നതായി ആക്ഷേപം നിലനിൽക്കുന്നുണ്ട്. വികസനമെന്ന പേരിൽ കച്ചവട താൽപര്യം മുൻനിർത്തി നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. വി.വി. സുധാകരൻ അധ്യക്ഷത വഹിച്ചു. മനോജ് പയറ്റുവളപ്പിൽ, സി. ഗോപിനാഥ്, എൻ. മുരളീധരൻ, കെ. ഉണ്ണികൃഷ്ണൻ, അജയ് ബോസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.