കോഴിക്കോട് മുൻമേയർ അഡ്വ. എ. ശങ്കരൻ അന്തരിച്ചു

കോഴിക്കോട്: മുൻ നഗരസഭാ മേയർ കക്കട്ടിൽ ആയാടത്തിൽ അഡ്വ. എ. ശങ്കരൻ (82) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട്‌ കോർപറേഷൻ മേയർ, മരാമത്ത്‌ സമിതി അധ്യക്ഷൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. രാഷ്‌ട്രീയ, സാംസ്‌കാരിക രംഗത്ത്‌ സജീവമായിരുന്നു. കെ.എസ്.യുവിലൂടെയാണ് അഡ്വ. എ. ശങ്കരൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. കോഴിക്കോട് ഡി.സി.സി വൈസ് പ്രസിഡന്‍റ്, ഐ.എൻ.ടി.യു.സി വൈസ് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പിളർപ്പിനെ തുടർന്ന് കോൺഗ്രസ്‌ എസിന്റെ ഭാഗമായി. കോൺഗ്രസ്‌ എസ്‌ ജില്ല പ്രസിഡന്റ്, കോൺഗ്രസ് എസ് തൊഴിലാളി സംഘടനയായ ഐ.എൻ.എൽ.സി സംസ്ഥാന പ്രസിഡന്റ്‌, എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം, കാലിക്കറ്റ്‌ ബാർ അസോസിയേഷൻ പ്രസിഡന്റ്‌ എന്നീ പദവികൾ വഹിച്ചു. 1979ൽ ചാലപ്പുറത്തുനിന്ന് ആദ്യമായി കോർപറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. '83 ഒക്ടോബറിലാണ്‌ കോഴിക്കോട് കോർപറേഷന്റെ മേയറായി ചുമതലയേറ്റത്‌. ആ വർഷം പാരിസിൽ നടന്ന ലോക മേയർ സമ്മേളനത്തിലും പങ്കെടുത്തു. രാമാശ്രമം ട്രസ്റ്റ് സെക്രട്ടറി, വാഗ്ഭടാനന്ദ ട്രസ്റ്റ് ട്രസ്‌റ്റി, സുകുമാർ അഴിക്കോട് ട്രസ്റ്റ് വൈസ്‌ ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ലളിത. മക്കൾ: ആദർശ് ശങ്കർ(പ്ലാന്റർ), അഭിലാഷ് ശങ്കർ (പി.ആർ.ഒ,-യു.എൽ.സി.സി.എസ്‌). മരുമക്കൾ: രാജലക്ഷ്‌മി, ആരതി. വൈകീട്ട് നാലിന് കോഴിക്കോട് ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. കോഴിക്കോട്ടെ രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേർ ഉപചാരമർപ്പിച്ചു. ആറുമണിയോടെ പുതിയപാലം ശ്മശാനത്തിൽ സംസ്കരിച്ചു. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവർ അനുശോചിച്ചു. ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദിന്റെ അധ്യക്ഷതയിൽ ടൗൺഹാളിൽ അനുസ്മരണ യോഗം ചേർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.