മെമുവിന്‍റെ സമയമാറ്റം; സ്ഥിരം യാത്രക്കാരെ ബാധിക്കും

കോട്ടയം: കാത്തുകാത്തിരുന്ന് കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു എന്നിവ സർവിസ് പുനരാരംഭിക്കുമ്പോൾ സമയമാറ്റം പ്രയോജനപ്പെടില്ലെന്ന് യാത്രക്കാർ. കോവിഡ് കാലത്ത് നിർത്തിയ ട്രെയിനുകൾ യാത്രക്കാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് പുനഃസ്ഥാപിക്കുന്നത്.

പരമാവധി യാത്രക്കാർക്ക് ഉപകാരപ്പെടും വിധമായിരുന്നു കോവിഡിനു മുമ്പ് മെമു ഓടിയിരുന്നത്. എന്നാൽ, പുതിയ ഷെഡ്യൂൾ പ്രകാരം കൊല്ലം-എറണാകുളം മെമു (06768) രാവിലെ 8.20നു കൊല്ലത്തുനിന്ന് തുടങ്ങി 10.50നാണ് കോട്ടയത്തെത്തുന്നത്. നേരത്തേ 7.40നാണ് കൊല്ലത്തുനിന്ന് പുറപ്പെട്ടിരുന്നത്.

7.20ന് പരശുറാം(16650), 08.03ന് ശബരി( 17229) എന്നിവക്കിടയിലായതിനാൽ കോട്ടയത്തേക്കുള്ള ജോലിക്കാർക്കും വിദ്യാർഥികൾക്കും ഏറെ സൗകര്യമായിരുന്നു. മാത്രമല്ല ശബരിയിലെ വലിയ തിരക്ക് ഒഴിവാക്കാനും കഴിയുമായിരുന്നു. ഇപ്പോഴത്തെ സമയമാറ്റം കൊണ്ട് കൃത്യസമയത്ത് എത്താൻ കഴിയാത്ത അവസ്ഥയാണ്. എറണാകുളം-കൊല്ലം മെമു (06769) 12.45ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് 2.12ന് കോട്ടയത്തും 4.50നു കൊല്ലത്തും എത്തും വിധമാണ് പുതിയ സമയക്രമം.

ശബരി 2.27നും പരശുറാം 3.07നും കോട്ടയത്തെത്തും. അരമണിക്കൂർ ഇടവേളകളിൽ മൂന്നു ട്രെയിനുകളാണ് കോട്ടയത്തുനിന്ന് കൊല്ലത്തേക്ക് പുറപ്പെടുന്നത്. മെമുവിന്‍റെ സമയം പഴയ 2.40ലേക്കു മാറ്റിയാൽ യാത്രക്കാർക്ക് ഉപകാരപ്പെടും.സമയം കോവിഡിനു മുമ്പ് ഉള്ളതുപോലെ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രൻഡ്സ് ഓൺ റെയിൽസ് റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി.

വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട്, യാത്രക്കാരുടെ ഒപ്പുശേഖരിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പിക്കും നിവേദനം നൽകി. 12നാണ് കൊല്ലം-എറണാകുളം മെമു സർവിസ് പുനരാരംഭിക്കുന്നത്. എറണാകുളം-കൊല്ലം മെമു 27നും. പാസഞ്ചർ ട്രെയിനുകളിലെ നിരക്കുവർധനയിലും യാത്രക്കാർക്ക് പ്രതിഷേധമുണ്ട്. തങ്ങളെ പിഴിയുകയാണ് റെയിൽവേയെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

പാസഞ്ചർ ട്രെയിനുകൾ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിനുകളായാണ് സർവിസ് തുടങ്ങുന്നത്. അതായത് പാസഞ്ചറിന്‍റെ സർവിസും എക്സ്പ്രസിന്‍റെ നിരക്കും. നേരത്തേ 10 രൂപയായിരുന്നു മിനിമം നിരക്കെങ്കിൽ ഇപ്പോഴത് 30ആക്കി ഉയർത്തി. സീസൺ ടിക്കറ്റ് നിരക്കുകളിൽ മാറ്റമില്ലാത്തതിനാൽ സ്ഥിരം യാത്രക്കാരെ ബാധിക്കില്ല.

Tags:    
News Summary - Timing of Memu; Regular passengers will be affected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.