രാമപുരം: വ്യാജസന്ദേശം നല്കി അഗ്നിരക്ഷാ സേനയെയും ആംബുലന്‍സും വിളിച്ചുവരുത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. രാമപുരം അര്‍ത്തിയില്‍ സ്റ്റാന്‍ലിയെയാണ് (59) പൊലീസ് പിടികൂടിയത്.കഴിഞ്ഞ ദിവസം ഉച്ചക്ക് 12.45ന് മദ്യലഹരിയില്‍ പൊലീസ് കോമ്പൗണ്ടില്‍ എത്തിയ തോട്ടത്തില്‍ ടോമി എന്നയാളെ അനുനയിപ്പിച്ച് കൊണ്ടുപോകാൻ സുഹൃത്തായ സ്റ്റാന്‍ലിയെ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ഈ സമയം പൊലീസ് അറിയാതെ ഇയാള്‍ അഗ്നിരക്ഷാസേനക്കും ആംബുലന്‍സ് സര്‍വിസിലേക്കും ഫോണ്‍ ചെയ്യുകയായിരുന്നു.
പൊലീസ് സ്റ്റേഷനിലെ കിണറ്റില്‍ ആളുവീണെന്നാണ് ഇയാള്‍ അഗ്നിരക്ഷാസേനയോടും ആംബുലന്‍സ് സർവിസിനോടും പറഞ്ഞത്. സ്റ്റേഷനിൽ കിണര്‍ ഇല്ലായിരുന്നു. ഉടന്‍ പൊലീസ് സ്റ്റേഷന് കോമ്പൗണ്ടില്‍ പാലായില്‍നിന്ന് ആംബുലന്‍സും അഗ്നിരക്ഷാസേനയും എത്തി.
ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പെട്ടെന്നുതന്നെ രക്ഷാപ്രവര്‍ത്തനത്തിനുള്ള വലയുമെടുത്ത് വാഹനത്തില്‍നിന്ന് പുറത്തിറങ്ങി. എന്താണ് നടക്കുന്നതെന്ന് അറിയാൻ പൊലീസ് സ്റ്റേഷനിലേക്ക് നാട്ടുകാരും ഓടിക്കൂടി. പെട്ടെന്ന് എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ പൊലീസും ആശയക്കുഴപ്പത്തിലായി.
വ്യാജസന്ദേശം നല്കി അഗ്നിരക്ഷാസേനയെയും ആംബുലന്‍സിനെയും വിളിച്ചുവരുത്തിയത് സ്റ്റാന്ലിനാണെന്ന് ബോദ്ധ്യപ്പെടുകയും ഇയാള്‍ക്കെതിരെ രാമപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഇയാളും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.