കോട്ടയം: കഴിഞ്ഞ അഞ്ചുവർഷമായി നഗരസഭ നൽകിയത് തരംതിരിക്കാത്ത എട്ടുകിലോ അജൈവ മാലിന്യം. ഇത് എടുക്കാൻ ക്ലീൻ കേരള കമ്പനിക്ക് നൽകിയത് 72 ലക്ഷം രൂപ. മറ്റു മാലിന്യം എവിടെപ്പോയെന്നും അതിൽനിന്നുള്ള വരുമാനം എവിടെയെന്നും കണക്കില്ല.
കഴിഞ്ഞ ദിവസം ചേർന്ന കൗൺസിലിലാണ് ഉദ്യോഗസ്ഥർ കണക്ക് അവതരിപ്പിച്ചത്. മാലിന്യം നൽകിയ വകയിൽ നഗരസഭയുടെ വരുമാനം എത്രയാണെന്ന് കൗൺസിലർമാർ ചോദ്യമുന്നയിച്ചിരുന്നു. ഇതിനു മറുപടിയായാണ് പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥൻ കണക്ക് അവതരിപ്പിച്ചത്.
7,63,905 കിലോ അജൈവ മാലിന്യമാണ് 2020 മുതൽ നൽകിയത്. ഇത് എടുക്കാൻ 71,70,632 ലക്ഷം രൂപ നഗരസഭക്ക് ചെലവാകുകയും ചെയ്തു. തരംതിരിക്കാത്ത അജൈവ മാലിന്യം എടുക്കാൻ കിലോക്ക് ജി.എസ്.ടി അടക്കം 12 രൂപ വരെ നഗരസഭ ക്ലീൻ കേരളക്ക് നൽകണം.
എന്നാൽ, തരംതിരിച്ച അജൈവ മാലിന്യം എടുക്കുമ്പോൾ ക്ലീൻ കേരള കമ്പനി കിലോക്ക് 18 രൂപ വരെ നഗരസഭക്ക് നൽകും. അഞ്ചുവർഷത്തിനിടെ ആകെ നഗരസഭ നൽകിയ തരംതിരിച്ച അജൈവ മാലിന്യം 2039 കിലോ മാത്രം. ഇതിന്റെ ബിൽ ലഭ്യമായിട്ടുമില്ല. തരംതിരിച്ച മാലിന്യം നൽകിയത് ആഗസ്റ്റിലാണ്. ഇതിനു മുമ്പ് നൽകിയതിന്റെ കണക്ക് ഇല്ല.
നഗരസഭ പരിധിയിൽനിന്ന് ഹരിതകർമ സേന ശേഖരിക്കുന്ന മാലിന്യം എവിടെപ്പോയെന്നും പൊടിച്ച പ്ലാസ്റ്റിക് മാലിന്യം എന്തുചെയ്തെന്നും കൗൺസിലർമാർ ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. തട്ടിക്കൂട്ടി നൽകിയ കണക്കാണിതെന്നും ശരിയായ കണക്കല്ലെന്നും കൗൺസിലർമാർ പറഞ്ഞു. വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിജിലൻസിൽ പരാതി നൽകുമെന്ന് ബി.ജെ.പി കൗൺസിലർമാരും അറിയിച്ചു.
കൗൺസിൽ യോഗം തുടരണോ വേണ്ടയോ. ഒന്നര മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ യോഗം ചേരേണ്ടെന്ന് തീരുമാനം. തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗമാണ് പ്രഹസനമായത്. രണ്ടു മണിക്കാണ് യോഗം തുടങ്ങിയത്. അജണ്ടയിലേക്കു കടക്കും മുമ്പ് പലരും വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും 3.30ന് നവകേരള സദസ്സ് സംബന്ധിച്ച യോഗങ്ങളിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. അജണ്ടയെടുക്കാൻ സമയം, യോഗം തുടങ്ങിയാൽ 3.30ന് അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ മാറ്റിവെക്കണമെന്നും ഒരുവിഭാഗം കൗൺസിലർമാർ ആവശ്യപ്പെട്ടു.
അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളുള്ളതിനാൽ യോഗം മാറ്റിവെക്കാനാവില്ലെന്ന് ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു. ഇതേച്ചൊല്ലി ഏറെനേരം സംസാരവും ബഹളവും നീണ്ടു. അഭിപ്രായങ്ങൾ പറഞ്ഞുപറഞ്ഞ് ഒടുവിൽ സമയം 3.30 ആയി. ഒടുവിൽ തീരുമാനങ്ങളൊന്നുമെടുക്കാതെ യോഗം പിരിച്ചുവിടുകയായിരുന്നു. പലപ്പോഴും കൗൺസിൽ യോഗങ്ങളുടെ അവസ്ഥ ഇതാണ്.
ചർച്ച നീളുന്നതിനാൽ അജണ്ടയിലേക്കു കടക്കാൻ കഴിയാറില്ല. ഈ അജണ്ടകളൊന്നും പിന്നീട് എടുക്കാറുമില്ല. കൗൺസിലർമാർ ഓരോ വിഷയങ്ങൾ സംസാരിച്ചുകൊണ്ടേയിരിക്കും. ആർക്കും വിഷയങ്ങളിൽ മറുപടിയോ നടപടിയോ വേണ്ട. ചിലർ മാത്രമാണ് തങ്ങൾ അവതരിപ്പിക്കുന്ന വിഷയങ്ങൾക്കു പിറകെപോവുന്നതും നടപടി എടുപ്പിക്കുന്നതും. നേരത്തേ തീരുമാനിച്ച കൗൺസിലിന്റെ സമയത്ത് നവകേരള സദസ്സ് സംബന്ധിച്ച യോഗം വെച്ചത് ശരിയായില്ലെന്ന് ബി.ജെ.പി കൗൺസിലർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.