മീനച്ചിലാറിൽ മാലിന്യം നിറഞ്ഞ നിലയിൽ
കോട്ടയം: ചൂടിൽ ജലനിരപ്പ് കുറഞ്ഞതോടെ മീനച്ചിലാറിൽ അപകടകരമായ നിലയിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമെന്ന് പഠനറിപ്പോർട്ട്. വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതോടെ നദി കടുത്ത മലിനീകരണ ഭീഷണിയിലാണെന്നും വെള്ളൂർ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് നടത്തിയ പഠനത്തിൽ കണ്ടെത്തി.
കോട്ടയത്തിന്റെ പ്രധാന ജലസ്രോതസ്സായ മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനമായ മേലടുക്കം മുതൽ പതനസ്ഥാനമായ പഴുക്കാനിലക്കായലിനോട് ചേർന്ന മലരിക്കൽ വരെയുള്ള 14 സ്ഥലങ്ങളിൽനിന്ന് ജലസാമ്പിൾ ശേഖരിച്ചായിരുന്നു പഠനം. മേലടുക്കം ഒഴികെ എല്ലാഭാഗങ്ങളിലും ഇ-കോളി ഉൾപ്പെടെയുള്ള കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം ഒരു ലിറ്റർ വെള്ളത്തിൽ 10 ലക്ഷത്തിലധികമാണെന്ന് കണ്ടെത്തി. ഹോസ്റ്റലുകൾ, വീടുകൾ എന്നിവിടങ്ങളിലെ കക്കൂസ് മാലിന്യം ആറിൽ കലരുന്നതാണ് ഇതിന് കാരണം. നഗരമാലിന്യം, വീട്ടുമാലിന്യം എന്നിവക്കൊപ്പം വിനോദ സഞ്ചാരികൾ തള്ളുന്ന മാലിന്യങ്ങളും നദിയിൽ രോഗാണുക്കൾ ഉൾപ്പെടെ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം വർധിക്കുന്നതിന് കാരണമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വെള്ളത്തിലെ ഓക്സിജന്റെ അളവ്, മത്സ്യം ഉൾപ്പെടെയുള്ള ജലജീവികൾക്ക് നാശമാകുന്ന തോതിലേക്ക് കുറയുകയാണ്.
ആറിന്റെ പതനസ്ഥാനത്തേക്ക് എത്തുമ്പോൾ മലിനീകരണം കൂടുതൽ ഗുരുതരമാകുന്നതായും റിേപ്പാർട്ടിൽ പറയുന്നു.
പുഴയുടെ താഴ്ന്ന ഭാഗങ്ങളിലെത്തുമ്പോൾ വെള്ളത്തിൽ അനുഭവപ്പെടുന്ന ചൂടും അമിതമായ എണ്ണയുടെ അളവും രോഗാണുക്കളുടെ പ്രജനനത്തെ സഹായിക്കുന്നുണ്ട്.
പലഭാഗങ്ങളിലും രാസമാലിന്യങ്ങളുടെയും സാന്നിധ്യം കണ്ടെത്താനായി. ചെറുകിട ഫാക്ടറികളിൽനിന്ന് പുഴയിലേക്ക് രാസമാലിന്യം തള്ളുന്നതായി നേരത്തെ നിരവധി പരാതികൾ ഉയർന്നിരുന്നു. മീനച്ചിലാർ വലിയതോതിൽ മലിനീകരിക്കപ്പെടുന്നത് ജില്ലയിലെ ജനജീവിതത്തെ ബാധിക്കുമെന്നും രോഗങ്ങൾ പടരാൻ കാരണമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. നദിയെ ആശ്രയിച്ചാണ് ജില്ലയിലെ കുടിവെള്ളവിതരണം. നൂറിലധികം കുടിവെള്ള പദ്ധതികളാണ് മീനച്ചിലാർ കേന്ദ്രീകരിച്ചുള്ളത്. ഇത് ഗുരുതരമായ പൊതുജനാരോഗ്യ ഭീഷണിയാണ് ഉയർത്തുന്നതെന്നും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് അധികൃതർ പറഞ്ഞു.
പൊതുവിതരണത്തിന് ഉപയോഗിക്കുന്ന കുടിവെള്ളത്തിന് ഒരു മാസത്തിനുള്ളിൽ നടത്തിയ പരിശോധന റിപ്പോർട്ട് ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂവെന്നും ഇവർ പറഞ്ഞു.
ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, അഞ്ചു അജികുമാർ, ആര്യ ഷാജി, എൻ.ബി. ശരത് ബാബു എന്നിവരുെട നേതൃത്വത്തിലായിരുന്നു പഠനം.
കോട്ടയം: ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ടാങ്കറുകളിൽ കൂടിവെള്ളവിതരണം സജീവമാണ്. നൂറുകണക്കിന് കുടുംബങ്ങളാണ് കുടിവെള്ളം പണം കൊടുത്ത് വാങ്ങുന്നത്. നിരവധി സ്ഥാപനങ്ങളും കുടിവെള്ള വിതരണടാങ്കറുകളെ ആശ്രയിക്കുന്നുണ്ട്. ഇവയിൽ നാനൂറോളം കുടിവെള്ള വിതരണലോറികൾ ജലത്തിനായി മീനച്ചിലാറിനെ ആശ്രയിക്കുന്നതായാണ് അനൗദ്യോഗിക കണക്ക്.
ഇവരിൽ ഭൂരിഭാഗവും മീനച്ചിലാറിനോട് ചേർന്ന കിണറുകളിലേയും വെള്ളമാണ് വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.