കോട്ടയം: ആട്ടിറച്ചിയുടെ വില കുത്തനെ ഉയരുന്നതിനാൽ ബിരിയാണികളിലെ രാജാവായ മട്ടൻ ബിരിയാണിക്ക് പൊള്ളുന്ന വില. മട്ടൺ ബിരിയാണി വില പലയിടത്തും 400 രൂപക്ക് മുകളിലെത്തി. മുമ്പ് 300 രൂപ മുതൽ മട്ടൻ ബിരിയാണി ലഭിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് 800 രൂപയായിരുന്നു ഒരു കിലോ ആട്ടിറച്ചിക്കെങ്കിൽ ഇപ്പോൾ 1000 രൂപക്കു മുകളിലായി. ആട്ടിറച്ചി വില കുതിക്കുന്നതിനാൽ പല ഹോട്ടലുകാരും മട്ടൺ വിഭവങ്ങൾ ഒഴിവാക്കി. ആട്ടിറച്ചിയുടെ വില വൻതോതിൽ വർധിച്ചതാണ് മട്ടൻ വിഭവങ്ങളുടെ വില വർധിക്കാൻ കാരണമായതെന്ന് ഹോട്ടലുടമകൾ പറയുന്നു.
കോഴിക്കും മാട്ടിറച്ചിക്കും വില കൂടിയതിനാൽ അവയുടെ വിഭവങ്ങൾക്കും വില കയറി. മൊത്ത വ്യാപാരികൾ 900 മുതൽ ആയിരം രൂപ നിരക്കിൽ ആട്ടിറച്ചി വിൽക്കുമ്പോൾ ചില്ലറ വിൽപന ശാലകളിൽ വില ആയിരത്തിന് മുകളിലാണ്. വിപണിയിൽ കൂടുതലായും ലഭ്യമാവുന്നത് വടക്കേ ഇന്ത്യയിൽനിന്ന് എത്തിക്കുന്ന ആടുകളാണ്. ഇത്തരത്തിൽ എത്തുന്ന ആടുകളെ ജീവനോടെ തൂക്കുമ്പോൾ കിലോക്ക് 350 രൂപ നിരക്കിലാണ് വിൽപന. ഇറച്ചിയാക്കുമ്പോൾ 800 രൂപക്ക് വിറ്റാലും ലാഭകരമാണ്. എന്നാൽ അമിത വില ഈടാക്കിയാണ് ജില്ലയിൽ ആട്ടിറച്ചി വിൽപന. ഒരു പ്ലേറ്റ് മട്ടൻ ബിരിയാണിയിൽ നിശ്ചിത അളവിലെങ്കിലും ആട്ടിറച്ചി വേണം. മറ്റ് സാധനങ്ങൾ കൂടി ചേർക്കുമ്പോൾ വില ഉയർത്താതെ വിൽപന നടത്താൻ സാധിക്കില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.
മാംസവിപണന രംഗത്ത് നിലവിൽ കോഴിയുടെ വില മാത്രമാണ് സർക്കാർ പരിശോധിക്കുന്നത്. മറ്റു മാംസങ്ങളുടെ പേരിൽ നടക്കുന്ന ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് ജില്ല ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.