കോട്ടയത്ത് കിട്ടേണ്ടത് 35.2 മി.മീ.; കിട്ടിയത് പകുതി മഴ മാത്രം

കോട്ടയം: ചൂട് കടുക്കുന്നതിനിടെ മഴയും ജില്ലയെ കൈവിടുന്നു. ജനുവരി ഒന്നുമുതൽ ഫെബ്രുവരി 28 വരെയുള്ള ശൈത്യകാല മഴയിൽ വൻ കുറവ്. 17.2 മി.മീ. മഴ മാത്രമാണ് ഇക്കാലയളവിൽ ജില്ലയിൽ ലഭിച്ചത്. കാലാവസ്ഥ നിരീക്ഷണവിഭാഗത്തിന്‍റെ കണക്കനുസരിച്ച് 35.2 മി.മീ. മഴയാണ് ജില്ലയിൽ പെയ്യേണ്ടിയിരുന്നത്. എന്നാൽ, പകുതിമാത്രമാണ് പെയ്തിറങ്ങിയത്.

സംസ്ഥാന വ്യാപകമായും മഴയുടെ അളവിൽ വലിയ കുറവാണുണ്ടായിരിക്കുന്നത്. ശൈത്യകാല മഴയിൽ 33 ശതമാനത്തിന്‍റെ കുറവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് ജനുവരി ഒന്നുമുതൽ ഫെബ്രുവരി 28 വരെ സംസ്ഥാനത്ത് പെയ്യേണ്ടിയിരുന്നത് 22.4 മി.മീ. മഴയാണ്. എന്നാൽ, പെയ്തത് 14.9 മി.മീ. മാത്രം. മലപ്പുറം, തൃശൂർ, വയനാട്, പാലക്കാട്, കണ്ണൂർ ജില്ലകളാണ് രൂക്ഷമായ മഴക്കുറവ് നേരിടുന്നത്. മലപ്പുറത്ത് ഒരുതുള്ളിപോലും മഴ ലഭിച്ചില്ല. അതേസമയം, കോട്ടയത്തിന്‍റെ സമീപ ജില്ലകളായ ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഇടുക്കിയിൽ 26.3 മി.മീറ്ററും പത്തനംതിട്ടയിൽ 47.3 മി.മീറ്ററും മഴയാണ് ഇക്കഴിഞ്ഞ രണ്ടുമാസങ്ങളിലായി പെയ്തത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ 2015ൽ മാത്രമാണ് സംസ്ഥാനത്ത് ഇതിനുമുമ്പ് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇത്രയേറെ മഴക്കുറവുണ്ടായിട്ടുള്ളത്. ഇക്കുറി വേനൽ കടുക്കുമെന്നതിന്‍റെ സൂചനയാണ് ഇത് നൽകുന്നതെന്ന് കാലാവസ്ഥ വിദഗ്ധർ വിലയിരുത്തുന്നു.

അതിനിടെ ചൂടിന് ആശ്വാസമായി മഴ പെയ്തിറങ്ങുമെന്ന ആശ്വാസ പ്രവചനങ്ങളും പുറത്തുവരുന്നുണ്ട്. ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രം കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴസാധ്യത പ്രവചനത്തിലാണ് കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയെന്ന മുന്നറിയിപ്പുള്ളത്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നാണ് വകുപ്പിന്‍റെ പ്രവചനം.

അതിനിടെ ജില്ലയിൽ ചൂട് കുറവില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ നഗരമായി കോട്ടയം മാറിയിരുന്നു. ചൂടിന്‍റെ കേന്ദ്രങ്ങളായ പുനലൂരിനെയും പാലക്കാടിനെയും പിന്തള്ളിയാണ് കഴിഞ്ഞ കുറെനാളുകളായി കോട്ടയത്തിന്‍റെ 'ചൂടന്‍' മുന്നേറ്റം.

മാസങ്ങൾക്കുമുമ്പ് മഴമൂലം കനത്ത നാശനഷ്ടം സംഭവിച്ച ജില്ലയിലാണ് മാസങ്ങൾക്കുള്ളിൽ ഏറ്റവും വലിയ ചൂട് രേഖപ്പെടുത്തിയത്. നദികളടക്കം വറ്റിവരണ്ടിരിക്കുകയാണ്. കാര്യമായ തോതിൽ വേനൽമഴ ലഭിച്ചില്ലെങ്കിൽ കടുത്ത വരൾച്ചയിലേക്ക് നീങ്ങുമെന്നും കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വെയില്‍ ശക്തമായതോടെ പുഴകളിലെ ജലനിരപ്പ്‌ ക്രമാതീതമായി താഴുകയാണ്‌. മണിമലയാറ്റിലും മീനച്ചിലാറ്റിലുമാണ്‌ ജലനിരപ്പ്‌ കുത്തനെ താഴുന്നത്‌. ഒക്‌ടോബറില്‍ കരകവിഞ്ഞ്‌ നാലടിയിലേറെ ഉയരത്തില്‍ ഒഴുകിയ പുഴയിപ്പോള്‍ കല്ലുംകൂട്ടമായി മാറി. മലയോരത്തിനൊപ്പം താഴ്ന്ന പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. കിണറുകളെല്ലാം വറ്റി. പണം കൊടുത്ത് വെള്ളം വാങ്ങുന്ന സ്ഥിതിയാണ് പലയിടങ്ങളിലും. ജില്ലയുടെ മലയോരം കാട്ടുതീ ഭീഷണിയിലുമാണ്.

Tags:    
News Summary - Kottayam district to drought

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.