തദ്ദേശ ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കോട്ടയം; തൃക്കൊടിത്താനത്ത് സ്ഥാനാർഥിയെ ഇറക്കി എൽഡിഎഫ്

കോട്ടയം: ജില്ലയിലെ മൂന്ന് തദ്ദേശ വാർഡുകളിലേക്ക് 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് രംഗം ചൂടുപിടിക്കുന്നു. ജില്ല പഞ്ചായത്ത് 17ാം ഡിവിഷനിലെ (തൃക്കൊടിത്താനം) എൽ.ഡി.എഫ് സ്ഥാനാർഥിയായി ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല കമ്മിറ്റിയംഗം മഞ്ജുഷ സുജിത്തിനെ സി.പി.എം പ്രഖ്യാപിച്ചു. 2020-25 കാലയളവിൽ ജില്ല പഞ്ചായത്ത് വികസനസമിതി അധ്യക്ഷയായിരുന്നു മഞ്ജുഷ. ജില്ല പഞ്ചായത്തംഗമായിരുന്ന വിനു ജോബ് ചങ്ങനാശ്ശേരിയിൽ നിന്ന് എം.എൽ.എയായതോടെയാണ് തൃക്കൊടിത്താനം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിന് വഴിതെളിഞ്ഞത്.

ഞായറാഴ്ച വൈകീട്ട് നാലിന് കുന്നുംപുറത്ത് നടക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ ജോബ് മൈക്കിൾ അധ്യക്ഷത വഹിക്കും. സി.കെ. ശശിധരൻ മുഖ്യപ്രഭാഷണം നടത്തും.

മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിൽ (ചീരംകുളം) ഡി.വൈ.എഫ്.ഐ മുൻ മേഖല ജോയന്‍റ് സെക്രട്ടറി ചന്ദ്രു നാരായണൻ ആണ് എൽ.ഡി.എഫ് സ്ഥാനാർഥി. പാമ്പാടി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലെ (കുമ്പന്താനം) സ്ഥാനാർഥിയെ എൽ.ഡി.എഫ് ഉടൻ പ്രഖ്യാപിക്കും.

യു.ഡി.എഫ്, എൻ.ഡി.എഫ് സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. കേരള കോൺഗ്രസുമായി ആലോചിച്ച് യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് മുന്നണി നേതൃത്വം അറി‍യിച്ചു. ജോബിൻ എസ്. കൊട്ടാരം, വിജയ് ജോസ് മാറേട്ട് എന്നിവരാണ് യു.ഡി.എഫിന്‍റെ പരിഗണന പട്ടികയിലുള്ളവർ. ഗോപൻ മണിമുറി, എ. മനോജ് എന്നിവരാണ് എൻ.ഡി.എയുടെ പരിഗണനയിലുള്ളവർ.

യു.ഡി.എഫ് അംഗങ്ങളായ പ്രസാദ് നാരായണൻ, ബാബു മാത്യു ഡാണാവുങ്കൽ എന്നിവരുടെ മരണത്തെ തുടർന്നാണ് ചീരംകുളം, കുമ്പന്താനം വാർഡുകളിൽ ഉപതെരഞ്ഞടുപ്പ്. 10 വരെ നാമനിര്‍ദേശ പത്രികസമർപ്പിക്കാം.

Tags:    
News Summary - Kottayam Bypolls 2026: LDF Announces Candidates for Thrikodithanam and Cheeramkulam Wards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.