പാലാ നഗരത്തിൽ മോഷണം നടന്ന കടയിൽ അന്വേഷണ സംഘം പരിശോധന നടത്തുന്നു
പാലാ നഗരത്തിൽ ഒറ്റ രാത്രിയിൽ നാല് കടകളിൽ മോഷണം
പാലാ: പാലാ നഗരത്തിൽ ഒറ്റ രാത്രിയിൽ അടുത്തടുത്ത് പ്രവർത്തിക്കുന്ന നാല് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. തിങ്കളാഴ്ച പുലർച്ചെ കട്ടക്കയം റോഡിൽ പ്രവർത്തിക്കുന്ന മുനമ്പം മത്സ്യ വ്യാപാരശാലയിലും റിവർവ്യൂ റോഡിലെ രണ്ട് വസ്ത്ര വ്യാപാര ശാലകളിലുമാണ് മോഷണം നടന്നത്. തിങ്കളാഴ്ച കടകൾ തുറക്കാനെത്തിയ ജീവനക്കാരാണ് ഷട്ടറുകളുടെയും പൂട്ടുകളുടെയും കേടുപാടുകൾ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം പുറത്തറിഞ്ഞത്. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമെന്ന് വ്യാപാരികൾ പറയുന്നു.
മത്സ്യ വ്യാപാരശാലയുടെ ഷട്ടറുകൾ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ കടയിൽ സൂക്ഷിച്ച നാലു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ചില സാധനങ്ങളും ഇവിടെ നിന്ന് മോഷ്ടിച്ചിട്ടുണ്ട്. കടയിലെ സി.സി.ടിവി കാമറകളും തകർത്തു. മേലുകുന്നേൽ സിബിയുടെ പഴക്കടയിലും മോഷണം നടന്നു. ഇവിടെ നിന്നും 700 രൂപയാണ് നഷ്ടപ്പെട്ടത്.
റിവർവ്യൂ റോഡിൽ സ്റ്റേഡിയത്തിന് എതിർവശത്തെ തൊടുപുഴ സ്വദേശി അൻസാരിയുടെ ഉടമസ്ഥതയിലുള്ള ക്യാൻഡിഡ് എന്ന കല്യാണ വസ്ത്രങ്ങൾ വാടകക്ക് നൽകുന്ന കടയിൽ നിന്നും 58,000 രൂപയോളം മോഷണം പോയിട്ടുണ്ട്. ഷട്ടറിന്‍റെ താഴ് അറുത്ത് അകത്തുകയറിയ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
രണ്ടുപേരാണ് കടക്കുള്ളിൽ കയറിയത്. സമീപത്തെ സ്പോർട്സ് സോൺ എന്ന സ്പോർട്സ് സാധനങ്ങളുടെ വ്യാപാര സ്ഥാപനത്തിലും മോഷണം നടന്നു. ഇവിടത്തെ താഴ് തകർക്കാൻ സാധിക്കാത്തതിൽ ഷട്ടർ പൊളിച്ചാണ് കടക്കുള്ളിൽ കയറിയത്. കടയിൽനിന്ന് ജഴ്സികളും 8000 രൂപയും മോഷണം പോയി.
പാലാ പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് ഊർജിതമാക്കി. വിരലടയാള വിദഗ്‌ധരുടെ സഹായവും ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് തെളിവെടുപ്പ് നടത്തി. ഓണക്കാല വ്യാപാരത്തിരക്കിനിടെ നഗരമധ്യത്തിൽ തുടർച്ചയായി നാല് കടകളിൽ മോഷണം നടന്നത് വ്യാപാരികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും നഗരത്തിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.