ഗ്രീൻ ഫീൽഡ് ഹൈവേ വിഷയത്തിൽ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എം.എൽ.എമാരായ റോണി കെ. ബേബിയും എം.ജെ. സെബാസ്റ്റ്യനും മുഖ്യമന്ത്രിക്ക് നിവേദനം നൽകുന്നു


ഗ്രീൻഫീൽഡ് ഹൈവേ യാഥാർഥ്യമാക്കാൻ സർക്കാർ സമ്മർദം ചെലുത്തണം

കാഞ്ഞിരപ്പള്ളി: വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലക്ക് ലഭിക്കാൻ ഭാരത് മാലാ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ നിർദേശിച്ച ഗ്രീൻ ഫീൽഡ് ഹൈവേ യാഥാർഥ്യമാക്കാൻ കേരള സർക്കാർ സമ്മർദം ചെലുത്തണമെന്ന് കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എം.എൽ.എമാർ ആവശ്യപ്പെട്ടു.

ഇക്കാര്യം ചൂണ്ടിക്കാട്ടി എം.എൽ.എമാരായ റോണി കെ. ബേബിയും എം.ജെ. സെബാസ്റ്റ്യനും മുഖ്യമന്ത്രിക്ക് നിവേദനം നൽകി. നിലവിലെ എം.സി റോഡിന് സമാന്തരമായി തിരുവനന്തപുരത്തെ പുളിമാത്തിൽ തുടങ്ങി അങ്കമാലിയിൽ അവസാനിക്കുന്ന 257 കിലോമീറ്റർ നീളത്തിലാണ് തിരുവനന്തപുരം-അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേ നാലുവരി പാത കേന്ദ്രം വിഭാവനം ചെയ്തത്. കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലൂടെയായിരുന്നു ഹൈവേയുടെ റൂട്ട്. വിഴിഞ്ഞം പദ്ധതിയുടെ ചരക്കുനീക്കത്തിനായി കേരളം പ്രഖ്യാപിച്ച നിര്‍ദിഷ്ട വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിങ് റോഡുമായി കൂട്ടിയോജിപ്പിക്കുന്ന തരത്തില്‍ പുളിമാത്ത് നിന്നാണ് ഹൈവേ വിഭാവനം ചെയ്തത്.

ഹൈവേയുടെ ഏരിയല്‍ സര്‍വേ പൂര്‍ത്തിയാവുകയും റൂട്ട് മാപ്പും തയാറാക്കുകയും ചെയ്തു. സര്‍വേയും മാപ്പും അന്തിമ അനുമതിക്കായി ദേശീയപാത അതോറിറ്റിയുടെ ഭൂമിയേറ്റെടുക്കല്‍ കമ്മിറ്റിക്ക് കൈമാറിയ ശേഷം പദ്ധതി നിശ്ചലവസ്ഥയിലാണ്. സ്ഥലമേറ്റെടുപ്പിന്‍റെ 75 ശതമാനം തുക ദേശീയപാത അതോറിറ്റിയും 25 ശതമാനം സംസ്ഥാനവും നല്‍കാൻ തീരുമാനിച്ചതാണ്.

കാഞ്ഞിരപ്പള്ളി താലൂക്കിലെ എലിക്കുളം, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, മണിമല, എരുമേലി നോര്‍ത്ത്, എരുമേലി സൗത്ത് എന്നീ വില്ലേജുകളിൽ കൂടിയാണ് പദ്ധതിയുടെ ഏരിയൽ സർവേ നടത്തിയത്. ജില്ലയുടെ കിഴക്കൻ മേഖലകൾക്ക് ഏറെ പ്രയോജനം കിട്ടുന്ന സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടെ ചരക്കുനീക്കത്തിന് ഏറെ സഹായകരമായ പദ്ധതി യാഥാർഥ്യമാക്കാൻ സംസ്ഥാനത്തിന്‍റെ സമ്മർദം അനിവാര്യമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. നിവേദനത്തിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി റോണി കെ. ബേബി എം.എൽ.എ അറിയിച്ചു.

Tags:    
News Summary - Kerala MLAs Demand Action on Thiruvananthapuram-Angamaly Greenfield Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.