കോടിമത രണ്ടാംപാലത്തിന്റെ അപ്രോച്ച് റോഡിനായി ഏറ്റെടുത്ത സ്ഥലത്തെ കുറ്റിക്കാടുകൾ അടക്കമുള്ളവ നീക്കി മണ്ണ് നിരപ്പാക്കിയ നിലയിൽ
കോടിമത രണ്ടാംപാലം; ഏഴുവർഷത്തിനൊടുവിൽ നിർമാണത്തിന് തുടക്കം
കോട്ടയം: പാതിവഴിയിൽ നിലച്ച കോടിമത രണ്ടാംപാലത്തിന്റെ നിർമാണജോലികൾ പുനഃരാരംഭിച്ചു. നഗരഭാഗത്തേക്കുള്ള അപ്രോച്ച് റോഡിനായി ഏറ്റെടുത്ത സ്ഥലം മണ്ണിട്ട് ഉയർത്തുന്ന ജോലികൾക്കാണ് തുടക്കമാകുന്നത്. ഇതിനായി ഈ ഭാഗത്തെ കുറ്റിക്കാടുകൾ അടക്കമുള്ളവ ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കി. പാലത്തിനടുത്തേക്ക് എത്താൻ തടസ്സമായിരുന്ന മരങ്ങളും നീക്കി. കൂന്നുകൂടി കിടന്ന മണ്ണ് നിരപ്പാക്കിയിട്ടുമുണ്ട്. അപ്രോച്ച് റോഡിനാവശ്യമായ മണ്ണ് പാലത്തിനടുത്തേക്ക് എത്തിക്കാനായി പാതയും സജ്ജമാക്കിയിട്ടുണ്ട്. മഴ മാറിനിന്നാൽ അടുത്തദിവസം തന്നെ കോട്ടയം നഗരഭാഗത്തേക്കുള്ള അപ്രോച്ച് റോഡിനായി മണ്ണടിക്കുന്ന ജോലികൾ ആരംഭിക്കും.
ഏഴു വർഷമായി മുടങ്ങിക്കിടക്കുന്ന നിർമാണജോലികൾക്കാണ് കഴിഞ്ഞദിവസം തുടക്കമായത്. നിർമാണം പൂർത്തിയാക്കാനായി 6.50 കോടിയാണ് വീണ്ടും അനുവദിച്ചത്. ഇതോടെ മൊത്തം നിർമാണചെലവ് 17 കോടിയായി. എം.സി റോഡ് വികസനത്തോടൊപ്പം പാലവും പൂർത്തിയാക്കാനായിരുന്നു ശ്രമം. എന്നാൽ, പാലത്തിന് താഴെ താമസിച്ചിരുന്ന രണ്ട് കുടുംബത്തെ മാറ്റി താമസിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല. കെ.എസ്.ടി.പി നിശ്ചയിച്ച നഷ്ടപരിഹാരത്തുക കുറവായതിനാൽ കുടുംബങ്ങൾ എതിർത്തു.
ഇതിൽ തട്ടി നിർമാണം നീണ്ടു. കലക്ടർമാരടക്കം ഇടപെട്ടിട്ടും പ്രശ്നപരിഹാരമാകാതിരുന്നതോടെ 2017 മേയിൽ നിർമാണം പൂർണമായും നിലച്ചു. ഇതിനിടെ എം.സി. റോഡ് നവീകരണം കെ.എസ്.ടി.പി പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പിന് കൈമാറിയതോടെ പകുതി നിർമിച്ച പാലം നോക്കുകുത്തിയായി. ഇതിൽ പ്രതിഷേധം ശക്തമായതോടെ കോട്ടയം നഗരസഭ ഒരു കുടുംബത്തിന് ലൈഫ് പദ്ധതിവഴി സ്ഥലവും വീടും ലഭ്യമാക്കി ഇവരെ മാറ്റിപാർപ്പിച്ചു. രണ്ടാമത്തെ കുടുംബത്തെ മാറ്റി താമസിപ്പിക്കുന്നത് വീണ്ടും വൈകി. 2021 ഫെബ്രുവരിയിൽ സന്നദ്ധ സംഘടന താൽപര്യമെടുത്ത് സ്ഥലവും വീടും ലഭ്യമാക്കിയതോടെ ഇവർ മാറി. ഇതിനിടെ, നിർമാണത്തിൽനിന്ന് വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് കരാറുകാരൻ സർക്കാറിന് കത്ത് നൽകിയത് മറ്റൊരു കടമ്പയായി. കരാറുമായി ബന്ധപ്പെട്ട കാരണത്താലല്ലാതെ നിർമാണം തടസ്സപ്പെട്ട സാഹചര്യത്തിൽ നിർമാണത്തിനായി ചെലവഴിച്ച തുക പൂർണമായി നൽകണമെന്നായിരുന്നു കരാറുകാരന്റെ ആവശ്യം. പാലം നിർമാണം ആരംഭിച്ചകാലത്തെ അപേക്ഷിച്ച് സാമഗ്രികൾക്ക് വലിയതോതിൽ വില ഉയർന്നതിനാൽ നിർമാണം പുനരാരംഭിക്കാൻ കഴിയില്ലെന്നും അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. അടുത്തിടെ മന്ത്രി മുഹമ്മദ് റിയാസും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും നടത്തിയ ചർച്ചയിൽ സ്ഥലം ഏറ്റെടുത്ത് എസ്റ്റിമേറ്റ് പുതുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി കരാറുകാരനുമായി ചർച്ച നടത്തി ഒത്തുതീർപ്പിലെത്തുകയും ഇയാൾ കേസ് പിൻവലിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി ക്ഷണിച്ച പുതിയ ടെൻഡറിൽ പഴയ കരാറുകാരൻ തന്നെ ജോലി ഏറ്റെടുത്തു.
പാലത്തിന് 128 മീറ്റർ നീളം, 12 മീറ്റർ വീതി
128 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. ആകെ എട്ട് സ്പാനുകളാണുണ്ടാകുക. ചങ്ങനാശ്ശേരി ഭാഗത്തേക്ക് ഒരു സ്പാൻ കൂടി നിർമിക്കാനുണ്ട്. ഇത് നിർമ്മിച്ച് റോഡുമായി ബന്ധിപ്പിക്കും. എം.സി. റോഡ് നവീകരണഭാഗമായാണ് കോടിമതയിൽ നിലവിലെ പാലത്തിനൊപ്പം രണ്ടാമത്തേത് നിർമിക്കാൻ നടപടി തുടങ്ങിയത്. 18 മാസം നിർമാണ കാലാവധി നിശ്ചയിച്ച് 2015 ആഗസ്റ്റിൽ പുതിയ പാലത്തിന്റെ ജോലികൾ ആരംഭിച്ചു. കെ.എസ്.ടി.പിക്കായിരുന്നു നിർമാണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.