44.49 രൂപ തിരിച്ചു നൽകിയില്ല; ഉപഭോക്താവിന് ആമസോൺ 10,000 നഷ്ടപരിഹാരം നൽകണം
കോട്ടയം: ഓൺലൈനായി വാങ്ങിയ യന്ത്രവാൾ കേടുവന്നതായതിനാൽ തിരികെ നൽകിയെങ്കിലും ഓഫർ പ്രോസസിങ് ഫീ എന്ന പേരിൽ ഈടാക്കിയ തുക തിരിച്ചുനൽകാതിരുന്ന ഓൺലൈൻ വ്യാപാര പ്ലാറ്റ്ഫോം ആമസോണിന് പിഴയിട്ട് കോട്ടയം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ. മാഞ്ഞൂർ തെങ്ങുംപള്ളി സ്വദേശി ഡോൺ പോളിന്റെ പരാതിയിലാണ് കമീഷന്റെ നടപടി. 2025 സെപ്റ്റംബറിലാണ് പരാതിക്കാരൻ ഓഫർ വിലയായ 9088.74 രൂപ വിസ ഡെബിറ്റ് കാർഡ് വഴി നൽകി യന്ത്രവാൾ വാങ്ങിയത്. പാക്കറ്റ് പൊട്ടിയ നിലയിലും നേരത്തെ ഉപയോഗിച്ച ലക്ഷണത്തോടെയും ലഭിച്ച വാൾ ഉപയോഗശൂന്യമാവുകയായിരുന്നു. ഇതു തിരികെ നൽകിയപ്പോൾ 9044.15 രൂപ റീഫണ്ട് ലഭിച്ചു.
എന്നാൽ, ഓഫർ പ്രോസസിങ് ഫീയായി ഈടാക്കിയ 44.59 രൂപ കിട്ടിയില്ല. ഈ തുക ആവശ്യപ്പെട്ട് പലതവണ കമ്പനിയെ സമീപിച്ചിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് കമീഷനിൽ പരാതി നൽകിയത്. ആമസോണിനെ ഒന്നും ഉൽപന്ന നിർമാതാക്കളായ ഷാർപെക്സ് എൻജിനീയറിങ് വർക്സിനെ രണ്ടും എതിർകക്ഷിയാക്കിയായിരുന്നു പരാതി. ഉൽപന്നത്തിന്റെ പണം തിരിച്ചുനൽകിയെന്നും വിസ ഡെബിറ്റ് കാർഡ് ഓഫർ നൽകിയത് ആമസോൺ ആണെന്നും ഇതിന്റെ സർവിസ് ചാർജ് ഈടാക്കിയതിന്റെ ഉത്തരവാദിത്തം അവർക്കാണെന്നും രണ്ടാം കക്ഷിയായ നിർമാതാക്കൾ കമീഷനെ ബോധിപ്പിച്ചിരുന്നു. ഇടപാട് തന്നെ റദ്ദായിട്ടും വാങ്ങിയ തുകയിലൊരു ഭാഗം തടഞ്ഞുവെച്ചത് ന്യായമല്ലാത്ത വ്യാപാര രീതിയും സേവന ന്യൂനതയുമാണെന്ന് കമീഷൻ കണ്ടെത്തി.
44.59 രൂപ തിരിച്ചുനൽകുന്നതിന് പുറമേ പരാതിക്കാരന്റെ മാനസിക ബുദ്ധിമുട്ടുകൾക്ക് 10,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവിനത്തിൽ 3,000 രൂപയും നൽകാൻ കമീഷൻ പ്രസിഡന്റ് വി.എസ്. മനുലാൽ, മെംബർ അഡ്വ. ആർ. ബിന്ദു എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.