തലയാഴം മണ്ണാറംകണ്ടം പാടത്തെ തുരുത്തേൽ ഭാഗത്ത് കർഷകനായ സുകു ഡ്രോൺ
ഉപയോഗിച്ച് മരുന്നടിക്കലിന് തുടക്കംകുറിച്ചപ്പോൾ
മരുന്നടിക്കാനും വളപ്രയോഗത്തിനും ഡ്രോൺ
തലയാഴം: കാർഷിക മേഖലയിൽ വളം, മരുന്ന് പ്രയോഗത്തിന് ഡ്രോൺ ഉപയോഗവുമായി കർഷകൻ. തലയാഴം കൂവം സ്വദേശി സുകുവാണ് 10 ലക്ഷത്തോളം രൂപ വിനിയോഗിച്ച് ഡ്രോൺ വാങ്ങി പരീക്ഷണാർഥം വീടിന് സമീപത്തെ 68 ഏക്കർ വിസ്തൃതിയുള്ള മണ്ണാറംകണ്ടം പാടശേഖരത്തിലെ തുരുത്തേൽ ഭാഗത്ത് മരുന്നടി ആരംഭിച്ചത്.
ഡ്രോണിന്റെ പ്രവർത്തനോദ്ഘാടനം കെ. ബിനിമോൻ എം.എൽ.എ നിർവഹിച്ചു. തലയാഴത്തും വെച്ചൂരുമായി 10 ഏക്കറോളം നെൽകൃഷി ചെയ്യുന്ന സുകു സ്വന്തം കൃഷിയുടെ മരുന്നടിക്കും വളമിടുന്നതിനും ഉപകരിക്കുന്നതിനാണ് ഡ്രോൺ വാങ്ങിയത്. 20 മിനുട്ടിനകം മൂന്ന് ഏക്കറിൽ ഡ്രോൺ വഴി മരുന്നടിക്കാനാകും.
30 ലിറ്റർ മരുന്ന് ലായനിയാണ് ഡ്രോൺ വഹിക്കുന്നത്. ബാറ്ററിയിലാണ് ഡ്രോൺ പ്രവർത്തനം. ഒരു ബാറ്ററി അരമണിക്കൂറിനകം ചാർജ് ചെയ്യാനാകും. തന്റെ ആവശ്യത്തിന് പുറമെ മറ്റു കർഷകർ ആവശ്യപ്പെട്ടാൽ ഡ്രോൺ ഉപയോഗിച്ച് മരുന്നും വളവും തളിച്ചുകൊടുക്കുമെന്ന് സുകു പറയുന്നു.
ഒരു ഏക്കറിൽ ഡ്രോൺ ഉപയോഗിച്ച് മരുന്നും വളവും തളിക്കാൻ 600 രൂപയാണ് ഇടാക്കുന്നത്. മരുന്നടിക്കാനും മറ്റും പണിക്കാരെ കിട്ടാത്ത സാഹചര്യത്തിൽ കർഷകർക്ക് ഡ്രോൺ ഉപകാരപ്രദമാകും. മരുന്നടിക്കും വളമിടലിനും പുറമെ വിതക്കാനും കക്ക വിതറാനും ഡ്രോൺ ഉപകരിക്കും.
തലയാഴത്ത് 26 പാടശേഖരങ്ങളിലായി 1300 ഏക്കർ നിലമാണുള്ളത്. 32 പാടശേഖരങ്ങളിലായി 3000 ഏക്കറിൽ വെച്ചൂരിലും നെൽകൃഷിയുണ്ട്. സമീപ പഞ്ചായത്തായ കല്ലറയിലും നെൽകൃഷി വ്യാപകമായുണ്ട്. ഇവിടെയൊന്നും ഡ്രോൺ ഉപയോഗം കാര്യമായി നടക്കാത്തതിനാൽ സുകുവിന്റെ ഡ്രോണിന്റെ സഹായത്താൽ മിതമായ നിരക്കിൽ കർഷകർക്ക് മരുന്നടിയും വളമിടലും നടത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.