വെംബ്ലിയിൽ ബന്തിപ്പൂ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുഗുണൻ നിർവഹിക്കുന്നു

വിപണന സാധ്യതക്ക് മങ്ങൽ; കണ്ണീര്‍പ്പാടമായി പൂപ്പാടം

കൊക്കയാര്‍: കൊക്കയാര്‍ പഞ്ചായത്തിലെ വെംബ്ലിയില്‍ മൂന്നു കൂട്ടുകാര്‍ ചേര്‍ന്നു തയാറാക്കിയ ബന്തിപ്പൂകൃഷി വിജയകരമായി പൂര്‍ത്തിയായെങ്കിലും ഇതിന്റെ വിപണന സാധ്യത മങ്ങലേറ്റതോടെ സങ്കടത്തിലായിരിക്കുകയാണ് ഒരു കൂട്ടം വനിതകൾ. ജില്ല കുടുംബശ്രീ മിഷന്‍ മുഖാന്തരം കൊക്കയാര്‍ സി.ഡി.എസിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന ബന്തിപ്പൂകൃഷി പദ്ധതിയില്‍ വെംബ്ലി പ്ലാന്തറ പ്രബിന രാജേഷ്, ഇടമണ്ണില്‍ സരത രതീഷ്, മാക്കല്‍ മിനി ചന്ദ്രന്‍ എന്നിവര്‍ പങ്കാളികളാവുകയായിരുന്നു.

വെംബ്ലി, കല്ലുപുരയ്ക്കല്‍ സീന നൗഷാദിന്‍റെ 10 സെന്‍റ് സ്ഥലം ഇതിനായി കണ്ടെത്തിയാണ് കൃഷി ആരംഭിച്ചത്. കൂട്ടിക്കല്‍ കാര്‍ഷിക സേവാ സംഘത്തില്‍നിന്നും വാങ്ങിയ ചെടികളാണ് ഇന്നു പൂത്തുലഞ്ഞു വിളവെടുപ്പിനു തയാറായി നില്‍ക്കുന്നത്. ഓണസീസണില്‍ വ്യാപാരം നടത്താമെന്ന പ്രതീക്ഷയിലാണ് കൃഷി നടത്തിയതെങ്കിലും പൂക്കള്‍ വിരിഞ്ഞത് ഇപ്പോഴാണ്.

വിൽപനക്കായി പലരേയും സമീപിച്ചെങ്കിലും പൂക്കച്ചവടക്കാര്‍ പലരും വിലയിടിക്കുന്ന സാഹചര്യമാണ് ഉണ്ടാക്കിയത്. ഒടുവില്‍ വണ്ടിപ്പെരിയാറ്റിലെ ഒരു വ്യാപാരി പൂ വാങ്ങാന്‍ തയാറായതോടെയാണ് ഇവര്‍ വിളവെടുപ്പുവെച്ചത്. വരും ദിവസങ്ങളില്‍ ചിലര്‍ പൂക്കള്‍ വാങ്ങാന്‍ സമ്മതം അറിയിച്ചിട്ടുമുണ്ട്. ഇതാണ് ആകെ പ്രതീക്ഷയായി കാണുന്നത്. എ.ഡി.എസ് പ്രസിഡന്‍റ് ഓമന ശശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിളവെടുപ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുഗുണന്‍ നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം നൗഷാദ് വെംബ്ലി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രജനി രാജന്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സൻ പ്രിയ മോഹനന്‍, വൈസ്‌ചെയര്‍പേഴ്‌സൻ സുറുമി അന്‍വര്‍, ഈപ്പന്‍ മാത്യു, കുടുംബശ്രീ പ്രവര്‍ത്തകരായ നിഷ ദിലീപ്, പ്രീതി രാജേഷ്, മഞ്ജു സന്ദീപ്, പ്രബിന രാജേഷ്, മിനി ചന്ദ്രന്‍, സരിത രതീഷ് എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Missed Tourism Potential; Flower Field Disappoints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.