പാലാ നഗരസഭ വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ബിജു മാത്യൂസിനെ ചെയർപേഴ്‌സൻ മായാ രാഹുൽ ഷാൾ അണിയിക്കുന്നു
പാലാ നഗരസഭ; എൽ.ഡി.എഫ് പിന്തുണയിൽ വൈസ് ചെയർമാനായി കോൺഗ്രസ് വിമതൻ
പാലാ: പാലാ നഗരസഭ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പിന്തുണയോടെ കോൺഗ്രസ് വിമതന് വിജയം. തെരഞ്ഞെടുപ്പിൽ 14 പേരുടെ പിന്തുണ നേടി ബിജു മാത്യൂസ് വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവ് സെബാസ്റ്റ്യൻ പനയ്ക്കലിന് 11 വോട്ട് ലഭിച്ചു. നഗരസഭയിലെ ആകെയുള്ള 26 അംഗങ്ങളിൽ 25 പേർ ബുധനാഴ്ച രാവിലെ നഗരസഭ കൗൺസിൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ പങ്കെടുത്തു.
കോൺഗ്രസ് വിമതയായ രജിത പ്രകാശ് തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു. ബിജു മാത്യൂസിനൊപ്പം കോൺഗ്രസ് വിമതനായിരുന്ന ടോണി തൈപ്പറമ്പിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. പത്ത് കേരള കോൺഗ്രസ് എം അംഗങ്ങളും രണ്ട് സി.പി.എം അംഗങ്ങളും നഗരസഭ അധ്യക്ഷ മായാ രാഹുലും ബിജു മാത്യൂസിന് അനുകൂലമായി വോട്ട് ചെയ്തു. തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ വൈസ് ചെയർമാനായി ബിജു മാത്യൂസ് സത്യപ്രതിജ്ഞ ചെയ്തു. യു.ഡി.എഫിനുള്ളിൽ തർക്കമുണ്ടാക്കി മുതലെടുപ്പിന് കേരള കോൺഗ്രസ് എം ശ്രമിച്ചെന്ന് ടോണി ആരോപിച്ചു. കുതിരക്കച്ചവടമാണ് എൽ.ഡി.എഫ് നടത്തിയത്. കോൺഗ്രസ് പാതയിലൂടെ മുന്നോട്ടുപോകുമെന്നും ടോണി തൈപ്പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.
യോഗം ചേർന്ന് തീരുമാനമെടുത്തതിന്‍റെ അടിസ്ഥാനത്തിലാണ് ബിജു മാത്യൂസിനെ പിന്തുണച്ചതെന്ന് കേരള കോൺഗ്രസ് എം പാർലമെന്‍ററി പാർട്ടി ചെയർമാനും നഗരസഭ വികസന മുന്നണി കൺവീനറുമായ ബിജു പാലൂപടവൻ അറിയിച്ചു. ഇതോടെ കോൺഗ്രസ് വിമതരിൽ രണ്ടുപേർ യു.ഡി.എഫ് പക്ഷത്തും രണ്ടുപേർ എൽ.ഡി.എഫ് പക്ഷത്തുമായി. നേരത്തെ, ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതയായ ലിസികുട്ടി യു.ഡി.എഫിനെ പിന്തുണച്ചിരുന്നു. അഞ്ച് കോൺഗ്രസ് വിമതരിൽ രണ്ടുപേർ യു.ഡി.എഫിനെ പിന്തുണക്കുകയും ഒരു വിമത തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്ത സാഹചര്യം പാലാ നഗരസഭയിൽ പുതിയ രാഷ്ട്രീയ സമവാക്യത്തിന് വഴിവെക്കും.
26 അംഗ കൗൺസിലിൽ 12 കൗൺസിലർമാരാണ് എൽ.ഡി.എഫിലുള്ളത്. വിമതരായ നാല് കൗൺസിലർമാരും സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച ചെയർപേഴ്‌സൻ മായാ രാഹുലും എൽ.ഡി.എഫും ചേർന്നാണ് നഗര വികസന മുന്നണി രൂപവത്കരിച്ച് ഭരണം പിടിച്ചത്. എൽ.ഡി.എഫിന്‍റെ അവിശ്വാസ പ്രമേയത്തെ നാല് കോൺഗ്രസ് വിമതർ പിന്തുണച്ചതോടെയാണ് യു.ഡി.എഫ് സഖ്യത്തിന് ഭരണം നഷ്ടപ്പെട്ടത്.
ബിജു ഒഴികെയുള്ള കോൺഗ്രസ് വിമതർ യു.ഡി.എഫിലേക്ക് മടങ്ങി
പാലാ: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഭരണത്തിലെത്തിയ യു.ഡി.എഫിലെ ചെയര്പേഴ്സൻ ദിയ ബിനു പുളിക്കക്കണ്ടത്തിലിനെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ നാലു കോണ്‍ഗ്രസ് വിമതര്‍ പിന്തുണച്ചതോടെയാണ് യു.ഡി.എഫിന് ഭരണം നഷ്ടപ്പെടുന്നത്. ബിജു മാത്യൂസ്, രജിതാ പ്രകാശ്, ലിസികുട്ടി, ടോണി തൈപ്പറമ്പിൽ എന്നിവരാണ് യു.ഡി.എഫിൽനിന്ന് വിമതരായി എത്തി എൽ.ഡി.എഫ് അവിശ്വാസത്തെ പിന്തുണച്ചത്.
ഇവർക്കൊപ്പം റിബലായി വിജയിച്ച മായാ രാഹുലും പിന്തുണ നൽകി. തുടർന്ന് എൽ.ഡി.എഫും വിമത കൗൺസിലർമാരും ചേർന്ന് നഗര വികസന മുന്നണി എന്ന പേരിൽ കൂട്ടായ്മ ഉണ്ടാക്കി. സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്ന് വിമതരുടെ കൂട്ടായ്മക്ക് വിള്ളൽ ഉണ്ടാവുകയും ബിജു മാത്യുസ് ഒഴികെയുള്ളവർ യു.ഡി.എഫിലേക്ക് മടങ്ങിപ്പോവുകയും ചെയ്ത അവസ്ഥയാണ് നിലവിൽ.
പാലായുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കും: ബിജു മാത്യൂസ്
പാലാ: വലിയൊരു ഉത്തരവാദിത്തവും അവസരവുമാണ് ലഭിച്ചിരിക്കുന്നതെന്നും പാലാ നഗരസഭയുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകുമെന്നും വൈസ് ചെയർമാൻ ബിജു മാത്യൂസ് മാധ്യമങ്ങളോട് പറഞ്ഞു. ചില നിലപാടുകൾ ഉയർത്തിപ്പിടിച്ചാണ് കഴിഞ്ഞ കാലങ്ങളിൽ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കേണ്ടി വന്നത്. ആ നിലപാടുകളിൽ ഇന്നും ഉറച്ചുനിൽക്കുന്നു.
ഒരു പ്രസ്ഥാനത്തെയും വഞ്ചിച്ചിട്ടില്ലെന്നും ആ പ്രസ്ഥാനം ഉൾപ്പെടുന്ന മുന്നണിയിലേക്ക് കടന്നുകയറിയ ചില കക്ഷികൾ മുന്നണിയെ ഹൈജാക്ക് ചെയ്ത് വിദ്വേഷത്തിന്റെ രാഷ്ട്രീയവുമായി മുന്നോട്ടുപോയപ്പോൾ പ്രസ്ഥാനത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനാണ് ശ്രമിച്ചതെന്നും ബിജു പറഞ്ഞു. കള്ളക്കേസുകൾ കൊടുത്ത് വ്യക്തിഹത്യ ചെയ്യാനും പീഡിപ്പിക്കാനും ശ്രമിക്കുന്നവർ ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരാകുന്നു. ഇത്തരത്തിൽ എത്ര പീഡിപ്പിച്ചാലും നിലപാടുകളിൽ ഉറച്ചുനിർക്കാനുള്ള ആർജവം പാലാക്കാരൻ എന്ന നിലയിൽ തനിക്കും ഒപ്പമുള്ളവർക്കുമുണ്ടെന്ന് ബിജു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.