റിസോൾവ് അദാലത്ത് സംസ്ഥാനതല ഉദ്ഘാടനം കോട്ടയം എം.ടി. സെമനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിക്കുന്നു

അധ്യാപക നിയമന പരാതികളിൽ സമയബന്ധിത പരിഹാരമുണ്ടാകും: മന്ത്രി എൻ. ഷംസുദ്ദീൻ

കോട്ടയം: അധ്യാപകരുടെ നിയമനത്തിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട പരാതികൾ സർക്കാർ സമയബന്ധിതമായി പരിഹരിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. എയ്ഡഡ് സ്‌കൂൾ ജീവനക്കാരുടെ നിയമന അംഗീകാരം ഉൾപ്പെടെയുള്ള വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് സർക്കാറിന്‍റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി നടത്തുന്ന അദാലത്ത്-റിസോൾവിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം എം.ടി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്‍റെ വിദ്യാഭ്യാസ പുരോഗതിയിൽ എയ്ഡഡ് മേഖല വഹിച്ച പങ്ക് നിർണായകമാണ്. എയ്ഡഡ് സ്‌കൂളുകളിലെ നിയമനത്തിൽ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ശ്രമിച്ചുവരുകയാണ്. കെ-ടെറ്റ് വിഷയത്തിൽ സ്പഷ്ടീകരണത്തിനായി സുപ്രീംകോടതിയെ സമീപിക്കും. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം തടസ്സപ്പെട്ട ഏകദേശം 1,600 അധ്യാപകരുടെ പ്രശ്നം പരിഹരിച്ച് ഉത്തരവിറക്കും.

ജില്ലകളിലെ വിവിധ ഓഫിസുകളിൽ പരിഹരിക്കാവുന്ന വിഷയങ്ങൾ തീരുമാനത്തിനായി വകുപ്പ് ആസ്ഥാനത്തേക്ക് അയക്കുന്നതുമൂലമുണ്ടാകുന്ന കാലാതമസം ഒഴിവാക്കപ്പെടണം. ഓരോ ഓഫിസുകൾക്കും തീരുമാനമെടുക്കാൻ കഴിയുന്ന വിഷയങ്ങൾ വ്യക്തമാക്കി പ്രത്യേക മാനുവൽ പ്രസിദ്ധീകരിക്കും. പരാതി പരിഹാരം കാര്യക്ഷമമാക്കുന്നതിനായി നിർമിതബുദ്ധിയുടെ സഹായത്തോടെയുള്ള പ്രത്യേക സംവിധാനം വകുപ്പിൽ ഏർപ്പെടുത്തും.

പരാതി ലഭിച്ചാൽ പരമാവധി ആറു മാസത്തിനുള്ളിൽ തീർപ്പുകൽപ്പിക്കും. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി കൂടെ എന്ന പദ്ധതിക്ക് വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞ ശേഷവും ചില കുട്ടികൾക്ക് യോഗ്യതക്കൊത്ത മികവില്ലാതെ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി നാല്, ഏഴ് ക്ലാസുകളിൽ ഇത്തരം കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകും. ഇതിനായി താരാപഥം എന്ന പേരിൽ ഒരു പരിപാടി നടപ്പാക്കും.

സ്‌കൂളുകളിലെ കായിക പ്രവർത്തനങ്ങൾ സജീവമാക്കും. കൂടുതൽ വിദ്യാലയങ്ങളിൽ കായികാധ്യാപകരുടെ സേവനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കും. വൊക്കേഷനൽ ഹയർ സെക്കൻഡറി തലത്തിൽ പഠിച്ചിറങ്ങുന്ന കുട്ടികളിൽ തൊഴിൽ പ്രാവീണ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോഴ്സുകൾ പുനഃക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

വിനു ജോബ് കുഴിമണ്ണിൽ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത്ത് ബാബു, അഡീഷനൽ ഡയറക്ടർ ആർ.എസ്. ഷിബു എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന ദക്ഷിണ മേഖല അദാലത്താണ് കോട്ടയത്ത് നടന്നത്. 

Tags:    
News Summary - Teacher Appointment Complaints to Be Resolved: Shamsuddin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.