കോട്ടയം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് ജില്ലയിൽ നടത്തിയ പരിശോധനയിൽ 112 സ്ഥാപനത്തിന് പിഴ ഇൗടാക്കാൻ നോട്ടീസ്. ഭക്ഷ്യസുരക്ഷാ ഓഫിസറും രണ്ട് ഉദ്യോഗസ്ഥരുമടങ്ങുന്ന ആറ് പ്രത്യേക സ്ക്വാഡാണ് ഹോട്ടൽ, റസ്റ്റാറന്റുകൾ, ഷവർമ ഷോപ്പുകൾ, ബേക്കറികൾ, മറ്റ് ഭക്ഷ്യവിതരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്.
230 കടയിൽ നടത്തിയ പരിശോധനയിൽ 112 എണ്ണത്തിന് പിഴ ഇൗടാക്കാനും 11 കടക്ക് അപാകത പരിഹരിക്കാനും നോട്ടീസ് നൽകിയതായി ജില്ല ഭക്ഷ്യസുരക്ഷാ അസി. കമീഷണർ സി.ആർ. രണദീപ് പറഞ്ഞു. കാലാവധി കഴിഞ്ഞശേഷവും ഫ്രീസറിൽ സൂക്ഷിച്ചിരുന്ന 123 പാക്കറ്റ് പാൽ നശിപ്പിച്ചു.
ഭക്ഷ്യസുരക്ഷാ ലൈസൻസ് നേടിയിട്ടുണ്ടോ, ഇവ കടകളിൽ പ്രദർശിപ്പിച്ചിട്ടുണ്ടോ, ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നൽകാനുള്ള ടോൾഫ്രീ നമ്പർ പ്രദർശിപ്പിച്ചിട്ടുണ്ടോ, ഭക്ഷണം കൈകാര്യം ചെയ്യുന്നവർ ഹെൽത്ത് കാർഡ് കരസ്ഥമാക്കിയിട്ടുണ്ടോ, വെള്ളം പരിശോധിച്ചതിന്റെ റിപ്പോർട്ട്, ഭക്ഷണസാധനങ്ങൾ പാർസൽ നൽകുന്ന സ്ഥാപനങ്ങൾ പാക്കിങ് തീയതി, സമയം, രണ്ടു മണിക്കൂറിനകം ഉപയോഗിക്കണം എന്നിവ ഉൾക്കൊള്ളുന്ന ലേബൽ പതിച്ചിട്ടുണ്ടോ എന്നിവയാണ് പ്രധാനമായും സ്ക്വാഡ് പരിശോധിച്ചത്. പരിശോധനക്ക് ജില്ലതലത്തിൽ അസി. കമീഷണറുടെ നേതൃത്വത്തിൽ കൺട്രോൾ റൂം തുറന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.