കോട്ടയം: വ്യാഴാഴ്ച രാത്രി എം.ഡി.എം.എയുമായി നഗരത്തിൽനിന്ന് പിടിയിലായ കാരാപ്പുഴ പുന്നപറമ്പിൽ ഗോകുൽ (25) കഴിഞ്ഞയാഴ്ച ജയിലിൽ ടൂത്ത്പേസ്റ്റിെൻറ ട്യൂബിനകത്ത് മയക്കുമരുന്ന് എത്തിച്ച കേസിലും പ്രതി.
കോട്ടയം സബ്ജയിലിൽ കഴിഞ്ഞിരുന്ന കൂട്ടാളി സുന്ദറിന് ടൂത്ത് പേസ്റ്റ് എന്നുപറഞ്ഞാണ് അയാളുടെ ഭാര്യയുടെ കൈയിൽ കൊടുത്തയച്ചത്. ട്യൂബിലെ പേസ്റ്റ് കളഞ്ഞ് പകരം എം.ഡി.എം.എ നിറക്കുകയായിരുന്നു. ജയിലിലെ പരിശോധനക്കിടെ ഇത് കണ്ടെത്തി.
സുന്ദറിെൻറ ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ് ഗോകുലാണ് കൊടുത്തയച്ചതെന്ന് വ്യക്തമായത്. തുടർന്ന് പൊലീസ് പിടിയിലായ ഇയാൾ തുടർന്ന് കോടതിയിൽനിന്ന് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.
ബംഗളൂരുവിൽനിന്ന് എം.ഡി.എം.എയുമായി ഇയാൾ വരുന്നെന്ന് വിവരം കിട്ടിയതോടെ പൊലീസ് പിറകെ ഉണ്ടായിരുന്നു. തിരുനക്കരയിൽ ബസിറങ്ങി നടന്നുവരുമ്പോൾ അനശ്വര തിയറ്ററിനരികിൽവെച്ചാണ് പിടികൂടിയത്. എവിടെനിന്നാണ് വരുന്നതെന്ന് ചോദിച്ചപ്പോൾ ബംഗളൂരുവിൽനിന്നാണെന്ന് പറഞ്ഞു.
38.76 ഗ്രാം എം.ഡി.എം.എ ആണ് ഇയാളിൽനിന്ന് പിടികൂടിയത്. ജീൻസിെൻറ പോക്കറ്റിൽ പൊതിഞ്ഞ് ടേപ്പുകൊണ്ട് ഒട്ടിച്ച് സൂക്ഷിച്ച നിലയിലായിരുന്നു. ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിത്. ഒരു ഗ്രാമിന് 1500 രൂപക്കാണ് ഗോകുൽ ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ വാങ്ങുന്നത്.
നാട്ടിൽ 4500-5000 രൂപക്ക് വിൽക്കും. കഴിഞ്ഞ ഒക്ടോബറിൽ 14 ഗ്രാം എം.ഡി.എം.എയുമായി കാരാപ്പുഴ സ്വദേശി അക്ഷയിനെ ബേക്കർ സ്കൂളിന് സമീപത്തുനിന്ന് പിടികൂടിയിരുന്നു. അക്ഷയിനെ ചോദ്യം ചെയ്തപ്പോഴാണ് കാരാപ്പുഴ സ്വദേശി സുന്ദറിനെക്കുറിച്ച് വിവരം കിട്ടുന്നത്.
തുടർന്ന് ഇയാളും വലയിലായി. ബംഗളൂരുവിൽനിന്ന് സ്ഥിരമായി എം.ഡി.എം.എ എത്തിച്ചിരുന്നത് സുന്ദറായിരുന്നു. പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലായതോടെ ഇയാൾ അക്ഷയിനെ ഈ ജോലിക്ക് നിയോഗിക്കുകയായിരുന്നു.
പൊലീസ് സുന്ദറിനു പിറകെ പോയപ്പോൾ മയക്കുമരുന്നുമായി അക്ഷയ് കടന്നുകളഞ്ഞു. ഇരുവരും പിടിയിലായി ജയിലിലായപ്പോഴാണ് ഗോകുൽ പ്രത്യക്ഷപ്പെട്ടത്. ഗോകുലിൽനിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്നവരുടെ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
ജില്ല നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ജോൺസി, കോട്ടയം ഡിവൈ.എസ്.പി കെ.ജി. അനീഷ്, വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ പ്രശാന്ത് കുമാർ, എസ്.ഐ ടി. ശ്രീജിത്ത് എന്നിവരും ഡാൻസാഫ് ടീമും ആണ് ജില്ല പൊലീസ് മേധാവിയുടെ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
നാലുമാസത്തിനിടെ 105 കിലോ കഞ്ചാവും 60 ഗ്രാം എം.ഡി.എം.എയും ഏഴ് എൽ.എസ്.ഡി സ്റ്റാമ്പുകളുമാണ് ജില്ലയിൽനിന്ന് പിടികൂടിയത്. പിടിയിലായവരെല്ലാം മയക്കുമരുന്ന് മാഫിയയുടെ താഴേക്കിടയിലെ കണ്ണികൾ മാത്രമാണ്. ഇവരിലൂടെ ഇവർക്ക് മുകളിലുള്ളവരെ കണ്ടെത്താനാണ് അധികൃതരുടെ ശ്രമം.
വിദ്യാർഥികൾക്കിടയിൽ സിന്തറ്റിക് ലഹരി ഉപയോഗം വർധിക്കുകയാണ്. പുകയിലയിലും പാൻപരാഗിലും തുടങ്ങി വീര്യം കൂടുതൽ കിട്ടാൻ സിന്തറ്റിക് മരുന്നുകളിലാണ് അഭയം തേടുന്നത്. ഏറെനേരം വീര്യം നിൽക്കുന്നതുമാത്രമല്ല കൊണ്ടുനടക്കാനും ഉപയോഗിക്കാനും എളുപ്പമാണ്. അടുത്തിടെ ഏറ്റുമാനൂരിൽനിന്ന് 0.53 ഗ്രാം എം.ഡി.എം.എയുമായി ഒരാളെ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയിരുന്നു. ഇയാളുടെ കാറിൽനിന്ന് 12.5 കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.