കോട്ടയം: നിയമങ്ങൾ കാറ്റിൽപ്പറത്തി ജില്ലയുടെ വിവിധഭാഗങ്ങളിൽ മണ്ണെടുപ്പ് വ്യാപകമെന്ന് പരാതി. വീട് നിർമാണങ്ങൾക്കെന്ന വ്യാജേന കുന്നുകൾ ഇടിച്ചുനിരത്തുകയാണ്. കടുത്തുരുത്തി, ഞീഴൂർ, മാഞ്ഞൂർ, കുറവിലങ്ങാട്, പാമ്പാടി, കറുകച്ചാൽ, അയർക്കുന്നം, നെടുംകുന്നം, വടവാതൂർ, മുളക്കുളം, കുറുപ്പന്തറ, പെരുവ തുടങ്ങി ഭാഗങ്ങളിൽ അനധികൃത മണ്ണെടുപ്പ് തകൃതിയാണ്. പാമ്പാടി പഞ്ചായത്തും പൊലീസ് സ്റ്റേഷനും കേന്ദ്രീകരിച്ച് മണ്ണെടുപ്പിനെ സഹായിക്കുന്ന ലോബി പ്രവർത്തിക്കുന്നതായി ആക്ഷേപമുണ്ട്.
പാമ്പാടി മേഖലയിൽ തന്നെ 50 എക്കറോളം ഭാഗങ്ങളിലാണ് പഞ്ചായത്ത് മണ്ണ് നീക്കാൻ അനുമതി കൊടുത്തിരിക്കുന്നത്. നെന്മല പള്ളിക്ക് സമീപം നടന്ന മണ്ണെടുപ്പ് സമീപവാസികൾ ചേർന്ന് തടഞ്ഞിരുന്നു. നൽകിയ അനുമതിയുടെ പത്തിരട്ടിയോളം മണ്ണാണ് ഇവിടെനിന്ന് മാറ്റിയത്. പഞ്ചായത്തിൽനിന്ന് ബിൽഡിങ് പെർമിറ്റും മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽനിന്നും അനുമതിയും വാങ്ങിയ ശേഷം ഈ രേഖകളുടെ മറവിൽ ജീവനക്കാരുടെ ഒത്താശയോടെയാണ് പലരും ലോഡ് കണക്കിന് മണ്ണ് വിൽപന നടത്തുന്നത്. പഞ്ചായത്തിൽ കെട്ടിട നിർമാണത്തിനായും മണ്ണ് നീക്കാൻ വില്ലേജ് ഓഫിസ്, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് എന്നിവിടങ്ങളിലും അപേക്ഷ നൽകണം. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അനുമതി നൽകണം.
ലോഡിന് നിശ്ചിത തുക റോയൽറ്റിയായി സർക്കാറിലേക്ക് അടച്ചാൽ മാത്രമേ മണ്ണ് കൊണ്ടുപോകാൻ സാധിക്കൂ എന്നതാണ് നിയമം.എന്നാൽ, പ്ലോട്ടുകൾ തിരിച്ച് ഭൂമിയിൽ വീട് നിർമാണത്തിനായി മണ്ണ് നീക്കാൻ പഞ്ചായത്തിൽനിന്ന് അനുമതി തേടും. ഈ അനുമതിയുടെ മറവിലാണ് പ്രദേശത്തെ മണ്ണ് മുഴുവൻ കടത്തികൊണ്ടുപോകുന്നത്. അളവിൽകൂടുതൽ മണ്ണാണ് കൊണ്ടുപോകുന്നത്. പഞ്ചായത്ത്, വില്ലേജ്, ജിയോളജി വകുപ്പിലെയും പൊലീസിലേയും ഉദ്യോഗസ്ഥർ ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്യുന്നു. വിലയിടിവ് നേരിടുന്ന റബർ സ്ഥലങ്ങൾ വാങ്ങി, കുന്നിടിച്ച് നിരപ്പാക്കി നൽകുമെന്നും പ്ലോട്ടുകളാക്കി മാറ്റിനൽകുമെന്നും വാഗ്ദാനം ചെയ്യുന്ന മണ്ണ് ലോബികളും ഈ മേഖലയിൽ സജീവമാണെന്ന് പരാതിയുണ്ട്.
ഭൂമി പ്ലോട്ട് തിരിച്ച് വിൽപന നടത്തുന്നതിൽ കർശന പരിശോധന വേണമെന്ന് വകുപ്പ് മന്ത്രിയുടെ നിർദേശം നിലനിൽക്കേയും അനധികൃത മണ്ണ് കടത്തലിന് കുറവില്ല. വീട് നിർമാണത്തിന് മണ്ണ് നീക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നൽകിയ അധികാരം ഇവർ ദുരുപയോഗം ചെയ്യുകയാണെന്നാണ് ജനത്തിന്റെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.