ഒാടിച്ചെന്ന് ഈ മരുന്ന് വാങ്ങിക്കൊണ്ടുവാ !; ഡോക്ടർമാർ അറിയാതെ ജീവനക്കാരൻ മരുന്നു വാങ്ങിപ്പിക്കുന്നതായി പരാതി

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് പ്രധാന ശസ്ത്രക്രിയ തിയറ്ററിൽ ഡ്യൂട്ടി ചെയ്യുന്ന താൽക്കാലിക ജീവനക്കാരൻ ഡോക്ടർമാർ അറിയാതെ ശസ്ത്രക്രിയക്ക് വിധേയമാകുന്ന രോഗികളുടെ ബന്ധുക്കളെക്കൊണ്ട് അനാവശ്യമായി മരുന്നു വാങ്ങിപ്പിക്കുന്നതായി പരാതി. ഹെർണിയ രോഗത്തിന് ശസ്ത്രക്രിയക്ക് വിധേയനായ രോഗി, അതിരമ്പുഴ ശ്രീകണ്ഠമംഗലം വള്ളാട്ട് വീട്ടിൽ ജസ്റ്റിൻ മാത്യുവാണ് ഇതുസംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്.

കഴിഞ്ഞ 23ന് ജനറൽ സർജറി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും 27ന് ശസ്ത്രക്രിയക്ക് വിധേയമാകുകയും ചെയ്തു. ശസ്ത്രക്രിയ ദിവസം രാവിലെ 7.30ന് രോഗിയെ തിയറ്ററിൽ പ്രവേശിപ്പിച്ചു. മണിക്കൂറുകൾക്ക് ശേഷം തിയറ്ററിലെ ഒരു ജീവനക്കാരനെത്തി, ജസ്റ്റിൻ മാത്യുവിന്‍റെ കൂട്ടിരിപ്പുകാരെ സമീപിച്ച് മരുന്ന് വാങ്ങി കൊണ്ടുവരാൻ കുറിപ്പ് നൽകി.

മരുന്ന് ആർപ്പൂക്കര പഞ്ചായത്ത് കോംപ്ലക്സിന് സമീപം പ്രവർത്തിക്കുന്ന സർജിക്കൽ സ്ഥാപനത്തിൽനിന്നുതന്നെ വാങ്ങണമെന്ന് പ്രത്യേകം പറയുകയും ചെയ്തു. 7650 രൂപ വിലവരുന്ന ഈ മരുന്നു വാങ്ങി ജീവനക്കാരൻ കൈവശം കൊടുത്തു. പിന്നീട് മറ്റൊരു മരുന്നിനുള്ള കുറിപ്പ് നൽകി. രണ്ടാമത് നൽകിയ കുറിപ്പുമായി കടയിൽ ചെന്നപ്പോൾ അൽപം കഴിഞ്ഞ് എത്തിയാൽ മതിയെന്ന് സർജിക്കൽ കടയിലെ ജീവനക്കാരൻ പറഞ്ഞു. ഇതനുസരിച്ച് ബന്ധു തിരികെ തിയറ്ററിന് മുൻവശം എത്തിയപ്പോൾ, രോഗിയെ ശസ്ത്രക്രിയ കഴിഞ്ഞ് ജനറൽ സർജറി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായി അറിഞ്ഞു.

ശസ്ത്രക്രിയക്ക് ശേഷവും മരുന്ന് വാങ്ങാൻ കുറിപ്പ് തന്ന ജീവനക്കാരന്‍റെ നടപടിയിൽ സംശയം തോന്നിയ ബന്ധു, അടുത്ത ദിവസം രോഗിയെ പരിശോധിക്കാനെത്തിയ പ്രധാന ഡോക്ടറോട് വിവരം പറഞ്ഞു. ശസ്ത്രക്രിയയുടെ ദിവസം ഡോക്ടർമാർ മരുന്നുവാങ്ങാൻ ആർക്കും നിർദേശം നൽകിയിട്ടില്ലെന്നും ജീവനക്കാർക്ക് മരുന്ന് കുറിച്ചുനൽകാൻ സർജറി വിഭാഗത്തിലെ ഒരു ഡോക്ടർമാരും അനുവാദം നൽകിയിട്ടില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

ജീവനക്കാരൻ കുറിച്ചുനൽകിയ മരുന്ന്, ഈ രോഗിക്ക് ആവശ്യമുള്ളതല്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഇതേ ദിവസം തന്നെ ഈ ജീവനക്കാരൻ അന്ന് ശസ്ത്രക്രിയക്ക് വിധേയരായ മുഴുവൻ രോഗികളുടെയും ബന്ധുക്കളെക്കൊണ്ട് സ്വകാര്യ സ്ഥാപനത്തിൽനിന്ന് മരുന്ന് വാങ്ങിപ്പിച്ചതായും ആശുപത്രി സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നു.

Tags:    
News Summary - Hurry and buy this medicine!; Complaint that the employee is buying medicine without the knowledge of the doctors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.