മീനച്ചിലാറ്റിലെ റഗുലേറ്റർ കം ബ്രിഡ്ജിന്റെ മാതൃക
ഈരാറ്റുപേട്ട: മീനച്ചിലാർ വറ്റിവരണ്ടതോടെ ഈരാറ്റുപേട്ട നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കടുത്ത ജലക്ഷാമം. ഇതിന് ശാശ്വത പരിഹാരമായി മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്ജ് പണിയണമെന്ന ആവശ്യം ശക്തമാവുകയാണ്.
ഇതുസംബന്ധിച്ച് സംസ്ഥാന ജലവിഭവ വകുപ്പ് പഠനം നടത്തിയിരുന്നു. പാലം അപ്രോച്ച് റോഡിന് സ്ഥലം കണ്ടെത്തി നൽകുമെന്ന് ഒരു വർഷം മുമ്പ് നഗരസഭ കൗൺസിൽ പ്രമേയം മുഖേന ജലവിഭവ വകുപ്പിനെ അറിയിച്ചതുമാണ്. എന്നാൽ, ഇതുവരെ ജലവിഭവ വകപ്പ് ഇതിന് ഫണ്ട് കണ്ടെത്തിയിട്ടില്ല.
കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഈരാറ്റുപേട്ട വടക്കേക്കരയിൽ മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്ജ് പണിയാൻ വേണ്ടി ടോക്കൻ പ്രൊവിഷൻ വെച്ചതാണ്. മലങ്കര ഡാമിലെ വെള്ളം മീനച്ചിൽ താലൂക്കിൽ എത്തിക്കാനുള്ള പദ്ധതിയായ മലങ്കര ജലസേചന പദ്ധതിയുടെ പൈപ്പ് റോഡിൽ ഇട്ടതല്ലാതെ പിന്നീട് പദ്ധതി തുടർന്നില്ല. ഈ സാഹചര്യത്തിൽ മീനച്ചിലാറ്റിൽ റഗുലേറ്റർ ബിഡ്ജ് പോലുള്ള പദ്ധതികൾ നടപ്പാക്കി ജലക്ഷാമത്തിന് പരിഹാര കണ്ടെത്താനാവും.
മഴക്കാലത്ത് നഗരസഭ പ്രദേശത്ത് കൂടി ഒഴുകുന്ന ആറുകളിലെ ജലം സംഭരിച്ചുനിർത്താൻ സാധിക്കുന്ന വിധത്തിലും വടക്കേക്കരയെയും അരുവിത്തുറയെയും ബന്ധിപ്പിച്ച് ഈരാറ്റുപേട്ട മുക്കടയിൽ റഗുലേറ്റർ കം ബ്രിഡ്ജ് പണിയണമെന്ന ആവശ്യമാണ് വർഷങ്ങളായി നാട്ടുകാർ ഉന്നയിക്കുന്നത്.
മഴക്കാലത്ത് ഇലക്ട്രിക് സംവിധാനത്തിൽ റഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യാൻ സാധിക്കുമെന്നതിനാൽ നദിയിലെ ജലനിരപ്പ് ക്രമീകരിക്കാൻ സാധിക്കും.
വേനൽക്കാലത്ത് അൽമനാർ സ്കൂൾ ഭാഗം, തെക്കനാറിൽ മറ്റക്കാട് ഉൾപ്പെടുന്ന പ്രദേശങ്ങളിലും ആറ്റിൽ ഒന്നര മീറ്റർ ജലവിതാനം ഉയരും. ഇതുമൂലം ഇരു നദികളിലെയും കരയിലെ കിണറുകളിൽ ജലസമൃദ്ധി വർധിക്കും. ജനകീയ ജലസേചന പദ്ധതികളിലെ കിണറുകളിലും വെള്ളം ലഭിക്കും.
പദ്ധതി പ്രകാരമുള്ള ജലം പൈപ്പിലൂടെ ശേഖരിച്ച് മറ്റയ്ക്കാട്, തേവരുപാറ, കൊട്ടുകാപ്പള്ളി, വഞ്ചാങ്കൽ, നടയ്ക്കൽ, കരിയാ തോട്ടം, ഈറ്റിലക്കയം, വാക്കാപറമ്പ്, അരുവിത്തുറ, മുത്താരംകുന്ന് വല്ല്യച്ചൻമല, മുരിക്കോലി എന്നീ പ്രദേശങ്ങളിൽ ടാങ്കുകൾ നിർമിച്ച് ഇതിലൂടെ വീടുകളിൽ എത്തിക്കാൻ സാധിക്കും.
പാലത്തിലൂടെ ഈരാറ്റുപേട്ട ടൗണിലെ ഗതാഗതം തിരിച്ച് വിടാനും സാധിക്കും. ഇതോടെ ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരമുണ്ടാകുകയും വർഷംതോറും ഉണ്ടാകുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.