കറുകച്ചാൽ: അഞ്ഞൂറ് രൂപയുടെ 65 കള്ളനോട്ടുകളുമായി യുവാവ് പിടിയിൽ. മാമ്പതി ഭാഗത്ത് താമസിക്കുന്ന ആനിക്കാട് രണ്ടുപറയിൽ അലക്‌സ് തോമസി(23)നെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് ഏട്ടരക്ക് 500 രൂപയുടെ കള്ളനോട്ടുമായി കറുകച്ചാൽ ബിവ്‌റേജസിൽ നിന്ന് മദ്യം വാങ്ങാനെത്തിയ യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അലക്‌സ് തോമസിലെത്തിച്ചത്. മദ്യം വാങ്ങിയ യുവാവ് നൽകിയത് 500 രൂപ കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞ ബിവ്‌റേജസ് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ മറ്റൊരു സുഹൃത്താണ് പണം നൽകിയതെന്ന് കണ്ടെത്തി. മണിക്കൂറുകൾക്കുള്ളിൽ സുഹൃത്തിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ രണ്ട് കള്ളനോട്ടുകൾ കൂടി കണ്ടെത്തി. ലോട്ടറി അടിച്ച പണമാണെന്ന് പറഞ്ഞ് അലക്‌സ് തോമസാണ് മൂന്ന് 500 രൂപ നോട്ടുകൾ നൽകിയെന്ന് ഇയാൾ പറഞ്ഞു.
രാത്രി ഒന്നരയോടെ കറുകച്ചാൽ പൊലീസ് അലക്‌സ് തോമസിനെ തേടി മാമ്പതി ഭാഗത്തെ താമസസ്ഥലത്തെത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച അലക്‌സിനെ പൊലീസ് പിടികൂടുകയായിരുന്നു. 62 നോട്ടുകൾ ഇയാളിൽ നിന്ന് പിടികൂടി. നോട്ട് ആരാണ് നൽകിയതെന്ന് ഇയാൾ പറഞ്ഞിട്ടില്ല.
കറുകച്ചാൽ സ്റ്റേഷനിലെ ആറ് കേസുകളിൽ 2023ൽ കാപ്പ ചുമത്തിയ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. എസ്.എച്ച്.ഒ എസ്. രാജേഷ്, എസ്.ഐമാരായ ടി.എസ്. ജയകൃഷ്ണൻ, ബിജു തോമസ്, സി.പി.ഒമാരായ ബ്രിജിത്ത് കൃഷ്ണ, ആന്‍റണി വിക്ടർ, ജിബിൻ ലോബോ, സ്വരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.