പാലാ: നഗരസഭയിൽ യു.ഡി.എഫ് ഭരണത്തിന് തിരശ്ശീല വീണെങ്കിലും കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തിൽ പുതിയ മുന്നണിക്ക് സാധ്യത തെളിയുന്നു. കോൺഗ്രസ് പുറത്താക്കിയ നാലു കൗൺസിലർമാരും വൈസ് ചെയർപേഴ്സനും ഉൾപ്പെടുന്നതാണ് പുതിയ മുന്നണി. ഈ മുന്നണിക്ക് പിന്തുണ നൽകി ഭരണം നിയന്ത്രിക്കാനാണ് എൽ.ഡി.എഫ് ശ്രമം. കേരള കോൺഗ്രസ് എം ഉൾപ്പെടുന്ന എൽ.ഡി.എഫിന് 12 കൗൺസിലർമാരുടെ പിന്തുണയുണ്ട്. ഇവർ പുതിയ മുന്നണിക്ക് പിന്തുണ നൽകുന്നതോടെ 17 അംഗങ്ങളുടെ പിന്തുണയാവും. പുതിയ മുന്നണിയും എൽ.ഡി.എഫും ഇക്കാര്യത്തിൽ ഏകദേശ ധാരണയായതായാണ് സൂചന. എന്നാൽ തീരുമാനം പിന്നീട് അറിയിക്കാമെന്നാണ് ഔദ്യോഗിക അറിയിപ്പ്.
യു.ഡി.എഫ്. പക്ഷത്തുനിന്ന് അവിശ്വാസത്തെ പിന്തുണച്ച കൗണ്‍സിലര്‍മാര്‍ക്ക് അധ്യക്ഷ സ്ഥാനം വിട്ടുനല്‍കി ഭരണം നിയന്ത്രിക്കാനുള്ള തീരുമാനത്തിലാണ് ഇടതുപക്ഷം. അവിശ്വാസത്തിന് മുമ്പുതന്നെ ഈ കൗണ്‍സിലര്‍മാരുമായി ഇതിന് ധാരണയിലെത്തിയിരുന്നു. ഇതനുസരിച്ച് അധ്യക്ഷ സ്ഥാനവും ഉപാധ്യക്ഷ സ്ഥാനവും വിമത കൗണ്‍സിലര്‍മാര്‍ക്ക് വിട്ടുനല്‍കും. കേരള കോണ്‍ഗ്രസ് എമ്മിന്റെ നിയന്ത്രണത്തിലാവും ഭരണം. സ്ഥാനങ്ങള്‍ വിട്ടുനല്‍കുമെന്ന് ഇടതുപക്ഷ നേതാക്കള്‍ പരസ്യമായി വെളിപ്പെടുത്തിയിട്ടുണ്ട്.
യു.ഡി.എഫ് പക്ഷത്തുനിന്ന് അവിശ്വാസത്തെ പിന്തുണച്ചവരില്‍ മുതിര്‍ന്ന അംഗങ്ങളായ മായാ രാഹുല്‍, ലിസിക്കുട്ടി മാത്യു എന്നിവര്‍ക്ക് ഓരോ കാലയളവിലേക്ക് അധ്യക്ഷ സ്ഥാനം നല്‍കാനാണ് സാധ്യത. ഉപാധ്യക്ഷ സ്ഥാനം ടോണി തൈപ്പറമ്പിലും ബിജു മാത്യൂസും നിശ്ചിത കാലാവധിയിൽ പങ്കുവെക്കാനാണ് നീക്കം. ഇടതുപക്ഷത്തിന്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം.
വിപ്പ് ലംഘിച്ചവര്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിമത കൗണ്‍സിലര്‍മാരുടെ നീക്കത്തിന് പ്രദേശിക കോണ്‍ഗ്രസ് നേതാക്കളുടെ മൗനാനുവാദമുണ്ട്. മുന്‍ അധ്യക്ഷ ദിയ ബിനുവിനെതിരെ കൗണ്‍സിലര്‍മാര്‍ പരസ്യ പ്രഖ്യാപനം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പിന്തുണച്ച് പ്രമേയം അവതരിപ്പിച്ചിരുന്നു.
പാര്‍ട്ടി ജില്ല-സംസ്ഥാന നേതാക്കളെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. വിമത കൗണ്‍സിലര്‍മാര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുന്നതില്‍നിന്ന് ജില്ല നേതൃത്വത്തെ പിന്തിരിപ്പിക്കുവാനും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കന്മാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.