പാലാ മണ്ഡലം; പൊതുമരാമത്ത്, ജൽജീവൻ മിഷൻ പ്രവൃത്തികൾ വേഗത്തിലാക്കും

പാലാ: നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ്, റോഡ് അറ്റകുറ്റപ്പണി, പാലങ്ങൾ, കെട്ടിട വിഭാഗം, ജൽജീവൻ മിഷൻ പ്രവൃത്തികളുടെ അവലോകന യോഗം അരുണാപുരം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടന്നു. ചെത്തിമറ്റം മുതൽ ഇടപ്പാടി വരെ റോഡ് കൈയേറ്റം ഒഴിപ്പിക്കാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതിന്‍റെ തുടർച്ചയായി റോഡ് മണ്ണിട്ട് ഉയർത്തി ടാർ ചെയ്ത്‌ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കും.

മുടങ്ങിക്കിടക്കുന്ന കളരിയാമാക്കൽ അപ്രോച്ച് റോഡ്, റിവർവ്യൂ റോഡ്, ബൈപാസ് റോഡ് എന്നിവ പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കും. പിഴക് പാലത്തിന് സമീപം ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുന്നതിനും പാലത്തിൽ നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് സ്ഥലം സർവേ ചെയ്ത‌ത് പാലത്തിന് വീതികൂട്ടുന്ന കാര്യം പരിഗണിക്കാൻ എം.എൽ.എ നിർദേശം നൽകി. കടവുപുഴ പാലത്തിന് 2.40 കോടി മാത്രം ആവശ്യമായ സാഹചര്യത്തിൽ ചില്ലച്ചി പാലത്തിന് നീക്കിവെച്ച 3.55 കോടിയിൽ 1.15 കോടി റോഡ് നിർമാണത്തിന് മാറ്റിനൽകും.

ഇലവുങ്കൽപ്പാറ ഇടത്തിങ്കൽപ്പാറ നരിമറ്റം ചൊവ്വൂർ റോഡ് നിർമാണത്തിന് അവശേഷിക്കുന്ന 1.40 കോടിക്ക് പുറമെ 1.49 കോടി അനുവദിക്കുന്നതിന് ജൂലൈ 22ന് പൊതുമരാമത്ത് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചതായി എം.എൽ.എ അറിയിച്ചു.

സംസ്ഥാന ബജറ്റിൽ അനുവദിച്ച കുരിശുങ്കൽ പാലം നിർമാണ പ്രവർത്തനങ്ങൾ ഒക്ടോബർ ആദ്യവാരത്തോടെ ആരംഭിക്കും. അരുണാപുരം ഗവ. റസ്റ്റ് ഹൗസിൽ കാന്‍റീൻ ആരംഭിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അംഗീകാരം നൽകിയിട്ടുണ്ട്. ഇതിനാവശ്യമായ വാട്ടർ കണക്ഷൻ വാട്ടർ അതോറിറ്റി ലഭ്യമാക്കും. കൂടാതെ ഭൂഗർഭ ജലവിഭാഗത്തിന്‍റെ കുഴൽ കിണറും നിർമിക്കും.

യോഗത്തിൽ മാണി സി. കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് മോണിറ്ററിങ് കമ്മിറ്റി കൺവീനർ ജീജ, ജൽജീവൻ എക്സിക്യൂട്ടിവ് എൻജിനീയർ കിഷൻ ചന്ദ് തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Pala constituency; Public Works, Jaljeevan Mission works to be expedited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.