എലിക്കുളത്തെ അമോണിയം പ്ലാന്‍റിനെതിരെ കേരള കോൺഗ്രസ് എം നടത്തിയ പ്രതിഷേധ യോഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സാജൻ തൊടുക ഉദ്ഘാടനം ചെയ്യുന്നു
എലിക്കുളം: ജനവാസ മേഖലയായ എലിക്കുളം പടിഞ്ഞാറ്റുമലയിൽ അതിവ്യാപന ശേഷിയുള്ള അമോണിയം പ്ലാന്‍റിന് നിർമാണാനുമതി നൽകാനുള്ള നീക്കത്തിനെതിരെ കേരള കോൺഗ്രസ് എം എലിക്കുളം മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. മലനാട് അമോണിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മാസങ്ങൾക്ക് മുമ്പ് പ്ലാന്‍റിന്‍റെ നിർമാണാനുമതിക്കായി ശ്രമിച്ചിരുന്നെങ്കിലും ജനങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് അന്നത്തെ എൽ.ഡി.എഫ്. സർക്കാറും പഞ്ചായത്ത് ഭരണസമിതിയും എൻ.ഒ.സി നൽകിയിരുന്നില്ല. എന്നാൽ, പുതിയ സർക്കാർ വന്നപ്പോൾ എൻ.ഒ.സിക്കുളള നടപടി ശക്തമാക്കിയിരിക്കുകയാണ്. തമിഴ്‌നാട്ടിൽ ജനരോഷത്തെ തുടർന്ന് സ്റ്റോപ്പ് മെമ്മോ ലഭിച്ച പ്ലാന്‍റാണ് കാർഷിക-ഗ്രാമീണ മേഖലയായ എലിക്കുളത്തേക്ക് മാറ്റി സ്ഥാപിക്കുവാൻ ശ്രമിക്കുന്നത്.
വ്യവസായ റെഡ് സോണിൽ മാത്രം പ്രവർത്തിക്കേണ്ട കിലോമീറ്ററുകളോളം വ്യാപന ശേഷിയുള്ള പ്ലാന്‍റ് പടിഞ്ഞാറ്റുമലയുടെ മുകൾ ഭാഗത്ത് പ്രവർത്തനം ആരംഭിച്ചാൽ സമീപത്തുള്ള വിവിധ കുടിവെള്ള പദ്ധതികളും മീനച്ചിലാറിലേക്ക് ഒഴുകുന്ന പ്രധാന ജലസ്രോതസായ പൊന്നൊഴുകൻതോടും കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക നെൽപാടമായ കാപ്പുകയം പാടശേഖരവും നശിക്കും. കൂടാതെ ജല- അന്തരിക്ഷ മലിനീകരണത്തിനും മനുഷ്യ-ജീവജാലങ്ങൾക്കും സസ്യ- വൃക്ഷാദികൾക്കും ഹാനികരമാകും.
താൻ എം.എൽ.എ ആയിരിക്കുന്നിടത്തോളം അമോണിയം പ്ലാന്‍റിന് അനുമതി നൽകുവാൻ അനുവദിക്കില്ലെന്ന് എം.എൽ.എ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലങ്ങളിൽ ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നതാണ്. ജനങ്ങളുടെ സാധാരണ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന അമോണിയം പ്ലാന്‍റിന് അനുമതി നൽകാനുള്ള സർക്കാർ സംവിധാനങ്ങളുടെ നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുവാൻ കേരള കോൺഗ്രസ് എം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്‍റ് ടോമി കപ്പിലുമാക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സാജൻ തൊടുക ഉദ്ഘാടനം ചെയ്തു. തോമസുകുട്ടി വട്ടക്കാട്, അവിരാച്ചൻ കോക്കാട്ട്, ജാൻസി ആയല്ലിക്കുന്നേൽ, എം.എസ്. മനു, ജിമ്മിച്ചൻ മണ്ഡപത്തിൽ, വിൽസൻ പതിപ്പള്ളിൽ, ഷൈസ് കോഴിപൂവനാനിക്കൽ, ജിമ്മിച്ചൻ ഈറ്റത്തോട്ട്, ശുശീല പണിക്കർ, ജോമോൻ കൊല്ലക്കൊമ്പിൽ, കുഞ്ഞുമോൻ പാലക്കുഴ, ജോസ് അയർക്കുന്നം, മോൺസി വളവനാൽ, സിബി ഈരൂരിക്കൽ, ജസ്റ്റിൻ കളപ്പുരയ്ക്കൽ, സച്ചിൻ കളരിക്കൽ, ജയിംസ് പൂവത്തോലി, സനൽ നെല്ലിക്കൽ, ജോസ് കുന്നപ്പള്ളിൽ, ജിന്‍റോ ഇടപ്പാടിയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.