കാനഡയിൽ ജോലി വാഗ്ദാനം; 5.37 ലക്ഷം രൂപ തട്ടിയയാൾ തമിഴ്നാട്ടിൽനിന്ന് പിടിയിൽ

കോട്ടയം: കാനഡയിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിലെ മുഖ്യപ്രതിയെ ചിങ്ങവനം പൊലീസ് തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പെനിയേൽ വീട്ടിൽ വില്യം ജോർജാണ് പിടിയിലായത്. തമിഴ്നാട് മേട്ടുപാളയത്തെ വാടകവീട്ടിൽനിന്ന് ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. പനച്ചിക്കാട് ചോഴിയക്കാട് സ്വദേശിയായ ജെറിൻ മാത്യുവിന് കാനഡയിൽ ഡ്രൈവർ ജോലി വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ചാണ് വിവിധ ഘട്ടങ്ങളിലായി 5,37,500 രൂപ കൈപ്പറ്റിയത്. എന്നാൽ ജോലി ലഭ്യമാക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ കബളിപ്പിച്ചെന്നാണ് പരാതി.

പൊലീസ് അന്വേഷണത്തിൽ പ്രതി തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ വാടകവീടുകൾ മാറിമാറി താമസിച്ച് ഒളിവിൽ കഴിയുകയായിരുന്നുവെന്ന് കണ്ടെത്തി. ജില്ല പൊലീസ് മേധാവി കെ.എം. സാബു മാത്യുവിന്‍റെ നിർദേശപ്രകാരം ചിങ്ങവനം സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. പ്രദീപിന്റെ നേതൃത്വത്തിൽ എസ്.ഐ എസ്. കൃഷ്ണകുമാർ, സുമേഷ് കെ. സുധാകരൻ, സാൽബിൻ കെ. സെബാസ്റ്റ്യൻ എന്നിവർ നടത്തിയ തന്ത്രപരമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. സമാനരീതിയിൽ നിരവധി പേരെ കബളിപ്പിച്ചതുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത്, കോയിപ്രം, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്.

തട്ടിപ്പിനായി സാം, ജോഷി, വില്യം, വിമൽ തുടങ്ങിയ വ്യാജ പേരുകൾ ഉപയോഗിച്ചിരുന്ന ഇയാൾ പതിനഞ്ചോളം മൊബൈൽ നമ്പറുകളും വിവിധ പേരുകളിലുള്ള ഫേസ്ബുക്ക്, വാട്സ്ആപ് അക്കൗണ്ടുകളും ഉപയോഗിച്ചിരുന്നു. സോഷ്യൽ മീഡിയയിലെ ജോലി പരസ്യങ്ങൾ കണ്ട് ബന്ധപ്പെടുന്നവരുമായി വാട്സ്ആപ് കോൾ വഴിമാത്രമാണ് ഇയാൾ ആശയവിനിമയം നടത്തിയിരുന്നത്. പൊലീസ് നിരീക്ഷണത്തിൽപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ പതിവായി സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കുന്നതും ഇയാളുടെ തന്ത്രമായിരുന്നു.

Tags:    
News Summary - Man arrested from Tamil Nadu for cheating on job offer in Canada for Rs 5.37 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.