മഹാത്മാഗാന്ധി സര്‍വകലാശാലാ ഗ്ലോബല്‍ അക്കാദമിക് കാര്‍ണിവല്‍ യുനോയ -2023ന്റെ ഉദ്ഘാടനം കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഡോ. ആര്. ബിന്ദു ഓണ്‍ലൈനില്‍ നിര്‍വഹിച്ചശേഷം തോമസ് ചാഴികാടൻ എം.പി ദീപംതെളിക്കുന്നു
കോട്ടയം: നൂതനമായ അറിവന്വേഷണങ്ങളുടെ വഴിയിലാണ് മഹാത്മാ ഗാന്ധി സർവകലാശാല മുന്നോട്ടു പോകുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സർവകലാശാല സംഘടിപ്പിച്ച ഗ്ലോബൽ അക്കാദമിക് കാർണിവൽ യുനോയ -2023 ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ മറ്റേത് സർവകലാശാലക്കും മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ എം.ജി സർവകലാശാല ഏറ്റെടുത്ത് നടത്തുന്നത് അഭിനന്ദനാർഹമാണ്.
ഉന്നത വിദ്യാഭ്യാസ മേഖലക്ക് മുൻഗണന നൽകിക്കൊണ്ടുള്ള സർക്കാറിന്റെ പ്രവർത്തനങ്ങളിലൂടെ സർവകലാശാലകളിലെയും കലാലയങ്ങളിലെയും പശ്ചാത്തല സൗകര്യങ്ങളിൽ ഗണ്യമായ വികസനമുണ്ടായി. കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന കരിക്കുലം പരിഷ്കരിക്കുന്നതിനുള്ള പരിശ്രമങ്ങൾ നടന്നുവരികയാണ്. ഭാവിയിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനാകുമെന്ന് ഉറപ്പുണ്ട്- മന്ത്രി കൂട്ടിച്ചേർത്തു. മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പ്രദർശനത്തിന്റെയും സെമിനാറുകളുടെയും പുസ്തകോത്സവത്തിന്റെയും ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. ചലച്ചിത്രോത്സവം നടി സുരഭി ലക്ഷ്മിയും സാംസ്കാരികോത്സവം സംവിധായകൻ ലാൽ ജോസും ഉദ്ഘാടനം ചെയ്തു.
എം.ജി സർവകലാശാല വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, പ്രോ -വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് പി.കെ. ഹരികുമാർ, സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ പ്രഫ. പി. ഹരികൃഷ്ണൻ, രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാർ, യൂനിവേഴ്സിറ്റി യൂനിയൻ ചെയർപേഴ്സൻ ജിനീഷ രാജൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.