കോട്ടയം: ഡീസൽ ക്ഷാമത്തെ തുടർന്ന് ജില്ലയിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ വെട്ടിച്ചുരുക്കിയതിനാൽ വെട്ടിലായത് യാത്രക്കാർ. പി.എസ്.സി എഴുതാനെത്തിയ ഉദ്യോഗാർഥികളെയും സ്ഥിരയാത്രക്കാരെയും ദീർഘദൂരയാത്രക്കാരെയും സർവിസ് വെട്ടിച്ചുരുക്കിയത് സാരമായി ബാധിച്ചു. ഒമ്പത് ഫാസ്റ്റ് പാസഞ്ചറും എട്ട് ഓർഡിനറി സർവിസും ഉൾപ്പെടെ 17 സർവിസുകളാണ് ശനിയാഴ്ച വെട്ടിച്ചുരുക്കിയത്.
കുമളി-എറണാകുളം റൂട്ടുകളിലേക്കുള്ള ഏതാനും ഫാസ്റ്റുകളും ചെങ്ങന്നൂർ-തിരുവല്ല എന്നിവിടങ്ങളിലേക്ക് ചെയിൻ സർവിസ് നടത്തിയിരുന്ന ചില ഓർഡിനറി ബസുകളുമാണ് ശനിയാഴ്ച ഒഴിവാക്കിയത്. ഞായറാഴ്ച കൂടുതൽ സർവിസുകൾ മുടങ്ങുമെന്നാണ് സൂചന. വെള്ളിയാഴ്ച മുടങ്ങിയത് ആറ് സർവിസുകളാണ്.
കോട്ടയം ഡിപ്പോയിൽ രണ്ട് ടാങ്കിലായി ആകെ 16,000 ലിറ്റർ ഡീസൽ ശേഖരിക്കാം. വെള്ളി, ശനി ദിവസങ്ങളിൽ ഡീസൽ എത്തിയിട്ടില്ല. മറ്റു ഡിപ്പോകളിൽനിന്ന് ആവശ്യാനുസരണം ഡീസൽ നിറച്ചുവരാനാണ് അധികൃതർ ജീവനക്കാരോട് ആവശ്യപ്പെടുന്നത്. യാത്രക്കാരുടെ എണ്ണക്കുറവും റൂട്ടിൽ വെള്ളം കയറിയതുമാണ് സർവിസുകൾ വെട്ടിച്ചുരുക്കാൻ കാരണമായി അധികൃതർ പറയുന്നത്.
അതേസമയം, സ്വിഫ്റ്റ് ബസുകൾക്ക് കൃത്യമായി ഡീസൽ എത്തിക്കുന്നുണ്ടെന്നും സംഘടനകൾ പറയുന്നു. ശമ്പളം നൽകണമെന്ന കോടതിവിധി അട്ടിമറിക്കാനുള്ള അധികൃതരുടെ നീക്കമാണ് സർവിസ് വെട്ടിച്ചുരുക്കലെന്നാണ് ജീവനക്കാരുടെ ആക്ഷേപം.
പൊൻകുന്നം: ഡീസൽ ക്ഷാമത്തെ തുടർന്ന് പൊൻകുന്നം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ശനിയാഴ്ച ഒമ്പത് ഓർഡിനറി സർവിസുകളും ഒരു ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ സർവിസും റദ്ദാക്കി. മലബാറിലേക്കുള്ള ഒരു ഫാസ്റ്റ് പാസഞ്ചർ ഡീസൽ തീർന്നതിനെ തുടർന്ന് പാതിവഴിയിൽ സർവിസ് അവസാനിപ്പിച്ചു. വെള്ളിയാഴ്ച റദ്ദാക്കിയ ഓർഡിനറി സർവിസുകൾ തന്നെയാണ് ശനിയാഴ്ചയും റദ്ദാക്കിയത്.
ഇതിനുപുറമെ ഉച്ചകഴിഞ്ഞ് 3.40ന് മലബാറിലെ പരപ്പയിലേക്കുള്ള ഫാസ്റ്റ് പാസഞ്ചറും റദ്ദാക്കി. പുലർച്ച ആറിന് മലബാറിലെ മണക്കടവിന് പോകുന്ന ഫാസ്റ്റ് പാസഞ്ചർ ഡീസൽ തീർന്നതിനെ തുടർന്ന് കോഴിക്കോട്ട് സർവിസ് അവസാനിപ്പിച്ചു. ഡീസൽ ക്ഷാമം മൂലം ഞായറാഴ്ച കൂടുതൽ സർവിസുകൾ റദ്ദാക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.