മുണ്ടക്കയം: മുണ്ടക്കയം പൊലീസ് സ്റ്റേഷനും പഴയ ക്വാര്‍ട്ടേഴ്സും പ്രവര്‍ത്തിച്ചിരുന്ന സ്ഥലം പൊലീസിന്റേതാണെന്ന പ്രചാരണം തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അസി. കമീഷണര്‍ ഗോപകുമാര്‍. ഇതുസംബന്ധിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്ന സ്ഥലം ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിൽ തന്നെയുള്ളതാണ്- അസി. കമീഷണര്‍ പറഞ്ഞു.
ദേവസ്വം വകുപ്പിന്റെ കീഴിലുള്ള ഏക്കറുകണക്കിനു ഭൂമിയില്‍നിന്ന് 75 സെന്റ് സ്ഥലം മുമ്പ് പൊലീസ് സ്റ്റേഷന് നിർമിക്കാനും മറ്റും വിട്ടുനല്‍കുകയായിരുന്നു. എന്നാല്‍, ഇതിന്റെ ഉടമസ്ഥാവകാശം ദേവസ്വം വിട്ടുനല്കിയിട്ടില്ല. ഇപ്പോഴും പൊലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്ന സ്ഥലം ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇങ്ങനെയിരിക്കെ മുമ്പ് ക്വാര്‍ട്ടേഴ്സ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് പുതിയ പൊലീസ് സ്റ്റേഷന് നിര്‍മിക്കാനായി പ്രാഥമിക നടപടിയുമായി പൊലീസ് രംഗത്തുവന്നിരുന്നു. എന്നാല്‍, ഇതിനു പൊലീസിന് അവകാശമില്ല. പൊലീസ് സ്റ്റേഷൻ നിർമാണത്തിന് ദേവസ്വം ബോർഡ് തടസ്സം നിൽക്കുന്നുവെന്ന മാധ്യമവാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടക്കയം പഞ്ചായത്ത്, ബസ് സ്റ്റാന്‍ഡ്, മറ്റ് സർക്കാർ കെട്ടിടങ്ങള്‍ എന്നിവ സ്ഥിതിചെയ്യുന്ന ഭൂമി ഗവര്‍ണറുടെ പേരില്‍ തീറാധാരം നല്‍കിയിട്ടുള്ളതാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ദേവസ്വം അധികൃതര്‍ ‘മാധ്യമ’ ത്തോടു പറഞ്ഞു. ഇവയും ദേവസ്വം ബോർഡിന്റേതാണ്. ഇതുസംബന്ധിച്ചു നിജസ്ഥിതിക്കായി റവന്യൂ വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നും ഇവർ അറിയിച്ചു.
കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷന് കെട്ടിട നിർമാണോദ്ഘാടനവുമായി ബന്ധപ്പെട്ട് ഭൂമി സംബന്ധിച്ച അവകാശവാദത്തെക്കുറിച്ചു ‘മാധ്യമം’ റിപ്പോര്‍ട്ടു ചെയ്തിരുന്നു. 2.20 ഏക്കര്‍ ഭൂമിയില്‍ നിര്‍മാണ ജോലികള്‍ ചെയ്യാന്‍ ദേവസ്വം അനുവദിക്കുന്നില്ലെന്നും പുതിയ പൊലീസ് സ്റ്റേഷന് കെട്ടിട നിർമാണോദ്ഘാടനം പ്രതിസന്ധിയിലായന്നുമായിരുന്നു വാര്‍ത്ത. ഇതിലാണ് ദേവസ്വം അധികൃതർ പ്രതികരണവുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.